19 September Thursday

അറസ്‌റ്റ്‌ വൈകിപ്പിക്കാൻ വിഫലമായ നെട്ടോട്ടം

സ്വന്തം ലേഖകൻUpdated: Thursday Aug 22, 2019

ന്യൂഡൽഹി > ഐഎൻഎക്‌സ്‌ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ അനിവാര്യമായ അറസ്‌റ്റ്‌ വൈകിപ്പിക്കാൻ അഭിഭാഷകസംഘം നടത്തിയ കഠിനപ്രയത്‌നവും വിഫലമായി. മുതിർന്ന അഭിഭാഷകരായ കപിൽസിബൽ, വിവേക്‌തൻഖ, സൽമാൻഖുർഷിദ്‌ എന്നിവരടങ്ങിയ പ്രമുഖരുടെ നിരയാണ്‌ ചിദംബരത്തിനുവേണ്ടി ബുധനാഴ്‌ച ഹാജരായത്‌.

ചീഫ്‌ജസ്‌റ്റിസിന്റെ ഒന്നാംനമ്പർ കോടതിയിലും ജസ്‌റ്റിസ്‌ എൻ വി രമണയുടെ നാലാംനമ്പർ കോടതിയിലും കപിൽസിബൽ പ്രായംമറന്ന്‌ ഓടി. സുഹൃത്തും സഹപ്രവർത്തകനുമായ ചിദംബരത്തിന്റെ മഹിമകൾ എണ്ണിപ്പറഞ്ഞ്‌ അറസ്‌റ്റ്‌ ഒഴിവാക്കാൻ കോടതി ഇടപെടണമെന്ന്‌ ജസ്‌റ്റിസ്‌ രമണയുടെ ബെഞ്ച്‌ മുമ്പാകെ സിബൽ രണ്ടുവട്ടം അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

ഹർജി ലിസ്‌റ്റ്‌ ചെയ്യൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഹർജി ചീഫ്‌ജസ്‌റ്റിസിന്റെ പരിഗണനയ്‌ക്ക്‌ വിട്ടപ്പോൾ സിബലും സംഘവും ഉടൻ ഒന്നാംനമ്പർ കോടതിയിൽ എത്തി. എന്നാൽ, ചീഫ്‌ജസ്‌റ്റിസ്‌ അധ്യക്ഷനായ ഭരണഘടനാബെഞ്ച്‌ അയോധ്യഭൂമിത്തർക്ക കേസിൽ വാദം തുടങ്ങിയതിനാൽ വിഷയം ഉന്നയിക്കാനായില്ല. അതേസമയം, അന്വേഷണഉദ്യോഗസ്ഥരുടെ വാദംകൂടി കേട്ടശേഷമേ ചിദംബരത്തിന്റെ ഹർജിയിൽ ഉത്തരവ്‌ പുറപ്പെടുവിക്കാവൂവെന്ന്‌ ആവശ്യപ്പെട്ട്‌ സിബിഐ തടസ്സഹർജി ഫയൽചെയ്‌തു.

അതിനിടെ ഹർജിയിൽ പിഴവുകളുണ്ടെന്ന്‌ അറിയിച്ചതിനെ തുടർന്ന്‌ അഭിഭാഷകർ അത്‌ തിരുത്താൻ രജിസ്‌ട്രിയിലേക്ക്‌ കുതിച്ചു. ഇടവേളയ്‌ക്കുശേഷം കോടതി ചേർന്നപ്പോൾ കപിൽസിബൽ ഹർജി വീണ്ടും ജസ്‌റ്റിസ്‌ രമണയുടെ ശ്രദ്ധയിൽപ്പെടുത്തി. പിശകുകൾ തിരുത്തിയിട്ടും ചിദംബരത്തിന്റെ ഹർജി ലിസ്റ്റ്‌ ചെയ്യാത്തത്‌ ദുഃഖകരമാണെന്ന്‌ സിബൽ പരാതിപ്പെട്ടു. തന്റെ കക്ഷി രാജ്യംവിട്ട്‌ ഓടിപ്പോകുന്ന ആളല്ല. എന്നിട്ടും ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. ഹർജി അടിയന്തരമായി പരിഗണിച്ചില്ലെങ്കിൽ അതുകൊണ്ട്‌ കക്ഷിക്ക്‌ കാര്യമുണ്ടാകാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു.

എന്താണ്‌ ഹർജി ലിസ്റ്റ്‌ ചെയ്യാത്തതെന്ന്‌ കോടതി ചോദിച്ചു. സിബിഐയുടെ തടസ്സഹർജിയിലെ പിഴവുകൾകൂടി തിരുത്തി  ഉടൻ ലിസ്‌റ്റ്‌ ചെയ്യുമെന്ന്‌ രജിസ്‌ട്രാർ അറിയിച്ചു.  ലിസ്‌റ്റ്‌ ചെയ്യാത്ത ഹർജിയിൽ ഉത്തരവ്‌ പുറപ്പെടുവിക്കാൻ സാധിക്കില്ലെന്ന്‌ ജസ്‌റ്റിസ്‌ രമണ ചൂണ്ടിക്കാണിച്ചു. വൈകിട്ട്‌ കോടതി പിരിയുമ്പോൾ സിബൽ വീണ്ടും ചീഫ്‌ജസ്‌റ്റിസിന്റെ കോടതിയിൽ എത്തിയെങ്കിലും കേസിന്റെ കാര്യം പരാമർശിച്ചില്ല. കോടതി പിരിഞ്ഞശേഷവും സിബലും മറ്റ്‌ അഭിഭാഷകരും പ്രതീക്ഷയോടെ കൺസൾട്ടേഷൻ റൂമിൽ കാത്തിരുന്നെങ്കിലുംനിരാശരായി മടങ്ങേണ്ടിവന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top