23 January Wednesday

മോഡിസര്‍ക്കാര്‍ യുവജനവഞ്ചനയുടെ പര്യായം: മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

പാല്‍ഗഡ്(മഹാരാഷ്ട്ര) > യുവജനവഞ്ചനയുടെ പര്യായമാണ് മോഡിസര്‍ക്കാരെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്
പറഞ്ഞു. ഡിവൈഎഫ്എ മഹാരാഷ്ട്ര സംസ്ഥാനസമ്മേളനത്തിനു തുടക്കംകുറിച്ച് പാല്‍ഗഡ് ജില്ലയിലെ വാഡയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു  മുഹമ്മദ് റിയാസ്.

പ്രതിവര്‍ഷം  രണ്ട് കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്‌ത് അധികാരത്തില്‍ വന്ന മോഡിസര്‍ക്കാര്‍ നിലവിലുള്ള തൊഴിലുകള്‍പോലും ഇല്ലാതാക്കുകയാണ്. സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥിരം നിയമനങ്ങള്‍ അവസാനിപ്പിച്ചു. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുവെന്ന് ബോധ്യപ്പെട്ട മോഡിസര്‍ക്കാര്‍ ഇപ്പോള്‍ ജാതി-മത വികാരങ്ങള്‍ ഇളക്കിവിടുന്ന പദ്ധതികള്‍ നടപ്പാക്കുകയാണ്. സര്‍ക്കാരിന്റെ എല്ലാ നിയമനിര്‍മാണങ്ങളും ധ്രുവീകരണം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സിബിഐ പോലുള്ള ഏജന്‍സികളെയും  സര്‍ക്കാര്‍ തകര്‍ക്കുന്നു. കര്‍ഷകരെയും യുവജനങ്ങളെയും വഞ്ചിച്ച മോഡിസര്‍ക്കാരിനെ വരുന്ന തെരഞ്ഞെടുപ്പില്‍ തൂത്തെറിയണമെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷകസമരങ്ങളുടെ നാടായ പാല്‍ഗഡില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത റാലിയോടെയാണ് സമ്മേളനം ആരംഭിച്ചത്. ഉല്‍ഘാടനസമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജി, പ്രീതി ശേഖര്‍, എ എ റഹീം, അശോക് ധാവ്‌ലെ, മറിയം ധാവ്‌ലെ, സുനില്‍ ഗംഗാവനി എന്നിവരും സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top