14 December Saturday

എണ്ണക്കമ്പനി വിൽപ്പനയ്‌ക്കെതിരെ 28ന്‌ പണിമുടക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

ന്യൂഡൽഹി >  പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാനുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ തീരുമാനം ആത്മഹത്യാപരമാണെന്ന്‌ എണ്ണക്കമ്പനി തൊഴിലാളികളുടെ ദേശീയ കൺവൻഷൻ. ബിപിസിഎല്ലും എച്ച്‌പിസിഎല്ലും സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഈ രണ്ട്‌ സ്ഥാപനങ്ങളിലെയും തൊഴിലാളികൾ 28ന്‌ പണിമുടക്കുമെന്ന്‌ ഡൽഹിയിൽ നടന്ന കൺവൻഷൻ പ്രഖ്യാപിച്ചു.

അഖിലേന്ത്യാ പെട്രോളിയം വർക്കേഴ്‌സ്‌ ഫെഡറേഷൻ, നാഷണൽ ഫെഡറേഷൻ ഓഫ്‌ പെട്രോളിയം വർക്കേഴ്‌സ്‌, പെട്രോളിയം ഗ്യാസ്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ എന്നീ സംഘടനകൾ സംയുക്തമായാണ്‌ കൺവൻഷൻ സംഘടിപ്പിച്ചത്‌.

ബിപിസിഎൽ, എച്ച്‌പിസിഎൽ എന്നിവയിലെ തൊഴിലാളികൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഒഎൻജിസി, ഒഐഎൽ, ഗയിൽ, ഐഒസിഎൽ എന്നിവിടങ്ങളിലെ തൊഴിലാളികൾ 28ന്‌ കരിദിനം ആചരിക്കും. കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ പ്രഖ്യാപിച്ച 2020 ജനുവരി എട്ടിലെ അഖിലേന്ത്യാ പണിമുടക്കിൽ എല്ലാ പൊതുമേഖലാ എണ്ണക്കമ്പനി തൊഴിലാളികളും പങ്കെടുക്കും. പ്രചാരണ, പ്രതിഷേധ പരിപാടികൾ അഖിലേന്ത്യാ പണിമുടക്കിന്‌ മുന്നോടിയായി സംഘടിപ്പിക്കാനും കൺവൻഷൻ തീരുമാനിച്ചു.

ഐഎൻടിയുസി പ്രസിഡന്റ്‌ ജി സഞ്ജീവ റെഡ്ഡി ഉദ്‌ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറിമാരായ ഐ എം ഉനിയാൽ (എഐപിഡബ്ല്യുഎഫ്‌), എൻ എ ഖാൻവിൽക്കർ (എൻഎഫ്‌പിഡബ്ല്യു), നോജെൻ ചൂട്ടിയ (പിജിഡബ്ല്യൂഎഫ്‌ഐ) എന്നിവർ സംസാരിച്ചു. എസ്‌ ദേവ്‌റോയ്‌ പ്രമേയം അവതരിപ്പിച്ചു. എംപിമാരായ എളമരം കരീം, കെ കെ രാഗേഷ്‌, കെ സോമപ്രസാദ്‌, എ എം ആരിഫ്‌, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്‌ തുടങ്ങിയവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top