02 June Tuesday

തൊഴിൽനിയമങ്ങൾ മരവിപ്പിക്കല്‍ : എട്ട് പ്രതിപക്ഷപാര്‍ടികളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday May 14, 2020


ന്യൂഡൽഹി
കോവിഡ്‌ മഹാമാരിയെ നേരിടാനെന്ന പേരിൽ രാജ്യത്ത്‌ തൊഴിൽനിയമങ്ങൾ  മരവിപ്പിക്കുന്നതിൽ ശക്തമായ പ്രതിഷേധം. ഡൽഹി എ കെ ജി ഭവനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ എട്ട്‌ പ്രതിപക്ഷപാർടി നേതാക്കൾ പങ്കെടുത്തു.  ആരോഗ്യസുരക്ഷ മുൻകരുതൽ നടപടിക്രമം പാലിച്ച്‌  പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

അന്തസ്സോടെ തൊഴിൽചെയ്‌ത്‌ ‌ ജീവിക്കാനുള്ള പ്രാഥമികമായ അവകാശം മോഡിസർക്കാർ ജനങ്ങൾക്ക്‌ നിഷേധിക്കുന്നതിനോടാണ്‌ ‌ പ്രതിഷേധിച്ചതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഉത്തർപ്രദേശിലും  മധ്യപ്രദേശിലും തൊഴിൽനിയമങ്ങൾ മൂന്ന്‌ വർഷത്തേക്ക്‌  മരവിപ്പിച്ചു. പല സംസ്ഥാനങ്ങളും തൊഴിൽസമയം 12 മണിക്കൂറായി നീട്ടി. കേന്ദ്രം ഇതിനു പിന്തുണക്കുന്നു‌. തൊഴിലാളികളുടെ യാതനകളെക്കുറിച്ച്‌ പ്രധാനമന്ത്രി മോഡി നിശബ്ദത പാലിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. 

എൽജെഡി ജനറൽ സെക്രട്ടറി ശരദ്‌യാദവ്‌, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ–-ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, മനോജ്‌ ഝാ എംപി(ആർജെഡി), സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ തപൻസെൻ, നീലോൽപ്പൽ ബസു, സിപിഐ എംഎൽ–-ലിബറേഷൻ പൊളിറ്റ്‌ബ്യൂറോ അംഗം കവിത കൃഷ്‌ണൻ എന്നിവരും പങ്കെടുത്തു. എഐഎഫ്‌ബി,  ആർഎസ്‌പി, വിസികെ എന്നീ പാർടികളുടെയും ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. തൊഴിൽനിയമങ്ങൾ സംരക്ഷിക്കാനായി ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ നേരത്തെ ഈ പാർടികൾ രാഷ്ട്രപതിക്ക്‌ കത്തയച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top