പക്ഷപാതപരമായ പെരുമാറ്റം: രാജ്യസഭാധ്യക്ഷൻ ധൻഖറിനെതിരെ അവിശ്വാസ നോട്ടീസ്
ന്യൂഡൽഹി> ഭരണമുന്നണിക്ക് അനുകൂലമായി പക്ഷപാതപരമായി പെരുമാറുന്ന രാജ്യസഭാധ്യക്ഷൻ ജഗ്‌ദീപ് ധൻഖറിനെതിരായി പ്രതിപക്ഷ പാർടികൾ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. അവിശ്വാസ പ്രമേയ നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറിയെന്ന് കോൺഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്‌റാം രമേശ് അറിയിച്ചു.
ALL parties belonging to the INDIA group have had no option but to formally submit a no-confidence motion against the learned Hon'ble Chairman of the Rajya Sabha for the extremely partisan manner in which he has been conducting the proceedings of the Council of States. It has…
— Jairam Ramesh (@Jairam_Ramesh) December 10, 2024
തിങ്കളാഴ്‌ച രാജ്യസഭയിൽ ഭരണകക്ഷി നേതാക്കൾക്ക് യഥേഷ്ടം സംസാരിക്കാൻ അവസരം നൽകിയ ധൻഖർ പ്രതിപക്ഷത്തിന് അവസരം നിഷേധിച്ചിരുന്നു. യുഎസ് വ്യവസായി ജോർജ് സോറോസുമായി ചേർന്ന് കോൺഗ്രസ് ഇന്ത്യാവിരുദ്ധ നീക്കങ്ങൾ നടത്തുന്നുവെന്ന ബിജെപിയുടെ ആക്ഷേപം ധൻഖർ ഏറ്റെടുക്കുകകൂടി ചെയ്‌തതോടെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള തീരുമാനത്തിലേക്ക് പ്രതിപക്ഷ പാർടികൾ എത്തുകയായിരുന്നു.
ധൻഖർ പൂർണമായും ഭരണകക്ഷിക്ക് വിധേയനായി പ്രവർത്തിക്കുന്നുവെന്ന വിമർശം നേരത്തെതന്നെ പ്രതിപക്ഷ പാർടികൾക്കുണ്ട്. തിങ്കളാഴ്‌ച ജോർജ് സോറോസ് വിഷയം ഉയർത്താൻ ബിജെപിക്ക് അവസരം നൽകിയ ധൻഖർ തുടർന്ന് സഭാ നേതാവ് കൂടിയായ കേന്ദ്രമന്ത്രി ജെ പി നദ്ദയ്‌ക്കും പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജുവിനും സംസാരിക്കാൻ അവസരം നൽകി.
ജോർജ് സോറോസ് വിഷയം ഉന്നയിച്ച് തിങ്കളാഴ്‌ച സഭാനടപടികൾ തടസപ്പെടുത്താനായിരുന്നു ബിജെപിയുടെ നീക്കം. ഇത് ചൂണ്ടിക്കാട്ടാൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ ശ്രമിച്ചപ്പോൾ ധൻഖർ അവസരം നിഷേധിച്ചു. പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്‌തു. ബഹളത്തെ തുടർന്ന് പലവട്ടം നിർത്തിയ സഭ മൂന്നുമണിക്ക് ചേർന്ന ഘട്ടത്തിലാണ് ജോർജ് സോറോസ് വിഷയം സഭാധ്യക്ഷൻ സ്വയം ഏറ്റെടുത്തത്. രാജ്യത്തിനെതിരായി ചില ഗൂഢശക്തികൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് ശ്രമമെന്നും ധൻഖർ പറഞ്ഞു.
0 comments