13 December Friday

കേരളത്തിൽ ഫേസ്‌ബുക്ക്‌ പരസ്യത്തിന്‌ ബിജെപി ചെലവ്‌ മൂന്ന്‌ കോടി; തിരികെ കിട്ടിയത്‌ നിരാശ മാത്രം

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019

ന്യൂഡൽഹി > ബിജെപിയുടെ സോഷ്യൽമീഡിയ പ്ലാനുകൾ കേരളത്തിൽ മൊത്തത്തിൽ പാളിയെന്ന്‌ കണക്കുകൾ. സംസ്ഥാനത്ത്‌ ഫേസ്‌ബുക്ക്‌ പരസ്യങ്ങൾക്ക്‌ മാത്രം മൂന്ന്‌ കോടിക്കടുത്ത്‌ ചെലവഴിച്ചിട്ടും പാർട്ടിക്ക്‌ ഒരുസീറ്റും നേടാൻ കഴിയാഞ്ഞതാണ്‌ ഇത്തരത്തിലൊരു വിലയിരുത്തലിന്‌ കാരണം. കേരളത്തിൽ പണം ചെലവഴിച്ചത്‌ വെള്ളത്തിൽ വരച്ച വര പോലെയായെന്നാണ്‌ പാർട്ടിയുടെ വിലയിരുത്തൽ. "ദ ഹിന്ദു' പത്രത്തിൽ വന്ന റിപ്പോർട്ടിലാണ്‌ ഇക്കാര്യം പറയുന്നത്‌. കൂടുതൽ പണം സോഷ്യൽമീഡിയ പ്രചരണങ്ങൾക്കായി ചെലവഴിച്ച മറ്റ്‌ സംസ്ഥാനങ്ങളിൽ മികച്ച വിജയം നേടിയപ്പോഴാണ്‌ കേരളത്തിൽനിന്ന്‌ നിരാശമാത്രം കിട്ടിയത്‌.

തെരഞ്ഞെടുപ്പ്‌ ഫലങ്ങളെ സമൂഹമാധ്യമങ്ങൾ സ്വാധീനിക്കുന്നുണ്ടെന്നത്‌ തർക്കമില്ലാത്ത കാര്യമാണ്‌. പ്രചരണങ്ങൾ സമൂഹമാധ്യങ്ങളിലും സജീവമായി. രാഷ്‌ട്രീയ പരസ്യങ്ങൾക്കായി ഫേസ്‌ബുക്ക്‌ തന്നെ അതിനുള്ള സംവിധാനങ്ങൾ ലളിതമാക്കി. ആരൊക്കെയാണ്‌ പരസ്യങ്ങൾ നൽകിയത്‌. അതിനായി എത്ര ചെലവഴിച്ചു എന്നതും അറിയാൻ മാർഗമുണ്ടാക്കി. 2019 ജനുവരി മുതൽ നവംബർ 17 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ബിജെപിയും കോൺഗ്രസും തന്നെയാണ്‌ ഏറ്റവുമധികം പണം ചെലവഴിച്ച രാഷ്‌ട്രീയ പാർട്ടികൾ. കോൺഗ്രസിനേക്കാൾ 40 ശതമാനം അധികം പണമാണ്‌ ലോക്‌സഭാ, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവയ്‌ക്കായി ബിജെപി ചെലഴിച്ചത്. 40 കോടി രൂപയാണ്‌ ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ കാലംവരെ ഫേസ്‌ബുക്ക്‌ പ്രചരണങ്ങൾക്കായി ചെലവഴിച്ചത്‌. കോൺഗ്രസ്‌ 25 കോടിയിലധികം ചെലവഴിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്ക്‌ ഏറ്റവുമധികം സീറ്റുകൾ സമ്മാനിച്ചത്‌ ഏറ്റവുമധികം പണം ചെലവഴിച്ച സംസ്ഥാനങ്ങളിലായിരുന്നു എന്നതും ശ്രദ്ധേയമാണ്‌. ബിജെപി എല്ലാ സീറ്റും ജയിച്ച ഏഴ്‌ സീറ്റ്‌ മാത്രമുള്ള ഡൽഹിയിൽ 3.50 കോടിയാണ്‌ ചെലവാക്കിയത്‌. കോൺഗ്രസ്‌ ഇവിടെ 64 ലക്ഷം മാത്രമാണ്‌ ചെലവാക്കിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top