24 October Thursday

പുതിയ അജൻഡയുമായി അമിത്‌ ഷാ; ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

ന്യൂഡൽഹി >  ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ "ഒരു രാജ്യം ഒരു ഭാഷ' എന്ന സംഘപരിവാര്‍ അജണ്ട തുറന്ന് പ്രഖ്യാപിച്ച്  ആഭ്യന്തരമന്ത്രി അമിത്‌ ‌ഷാ. ഇന്ത്യയെ ഒന്നിപ്പിക്കാൻ ശേഷിയുള്ള ഭാഷ ഹിന്ദിയാണെന്നും ഏറ്റവും കൂടുതല്‍പേർ സംസാരിക്കുകയും ഏറ്റവുമധികംപേർക്ക്‌ മനസ്സിലാകുകയും ചെയ്യുന്ന ഹിന്ദിക്കാണ്‌ രാജ്യത്തെ ഒറ്റച്ചരടിൽ കോർക്കാന്‍ ശേഷിയുള്ളതെന്നും അമിത് ഷാ പറഞ്ഞു.
 
 ഓരോ ഭാഷയ്‌ക്കും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ മുഖമുദ്രയാകാൻ പൊതുഭാഷ ആവശ്യമാണ്. ഹിന്ദി ദിവസ് ആചരണത്തിന്റെ ഭാ​ഗമായി ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികളെ ഹിന്ദി പഠിപ്പിക്കുമെന്ന്, പിന്നീട് ഡല്‍ഹിയില്‍‍ സംഘടിപ്പിച്ച ഹിന്ദി ദിവസ് ആചരണച്ചടങ്ങില്‍ അമിത് ഷാ പ്രഖ്യാപിച്ചു.

 നിലവിൽ രാജ്യത്ത് ഹിന്ദി, ഇംഗ്ലീഷ്‌ എന്നീ ഔദ്യോഗികഭാഷകളും  ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ  22 ഭാഷകളുമാണുള്ളത്‌. ഹിന്ദി നിര്‍ബന്ധിത പാഠ്യവിഷയമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ കരട് വിദ്യാഭ്യാസനയത്തിനെതിരെ ജൂണില്‍ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നിരുന്നു. ഇതോടെ  കരട് നയത്തിലെ വിവാദവ്യവസ്ഥകള്‍ പിൻവലിച്ചു.  വിദ്യാർഥികൾക്ക്‌ മൂന്നാംഭാഷയായി ഹിന്ദിക്ക് പകരം ഇഷ്ടമുള്ള ഭാഷ പഠിക്കാം എന്നായിരുന്നു ഭേദ​ഗതി.

 ഹിന്ദിയെ ദേശീയഭാഷയായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യം തുറന്നു പ്രഖ്യാപിച്ച അമിത്‌ ഷായുടെ നീക്കത്തിനെതിരെ രാജ്യത്ത് വ്യാപകപ്രതിഷേധമുയര്‍ന്നു. കര്‍ണാടകത്തിലും തമിഴ്നാട്ടിലും  പ്രതിഷേധ പ്രകടനം നടന്നു. 

 രാജ്യത്തിന്റെ ഫെഡറലിസം തകര്‍ക്കുന്ന പ്രസ്താവന കേന്ദ്രമന്ത്രി പിൻവലിക്കണമെന്ന് സിപിഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും  അമിത്‌ ഷായുടെ പ്രസ്‌താവനയ്‌ക്കെതിരെ രംഗത്തുവന്നു. ഹിന്ദി എല്ലാ ഇന്ത്യക്കാരുടെയും മാതൃഭാഷയല്ലെന്ന് എഐഎംഐഎ തലവന്‍ അസദുദ്ദീന്‍ ഒവൈസി ട്വിറ്ററില്‍ പ്രതികരിച്ചു.
 


പ്രധാന വാർത്തകൾ
 Top