12 July Sunday

ഗ്രാമങ്ങളിലേക്ക്‌ പടർന്ന്‌ കോവിഡ്‌ ; ഒഡിഷയിൽ പുതുതായി റിപ്പോർട്ട്‌ ചെയ്യുന്ന കേസുകളിൽ 80 ശതമാനവും ഗ്രാമങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020


ന്യൂഡൽഹി
രാജ്യത്ത്‌ നഗരങ്ങളിൽനിന്ന്‌‌ ഗ്രാമങ്ങളിലേക്കും കോവിഡ്‌ പടരുന്നു. അടച്ചിടൽ നിയന്ത്രണങ്ങളിൽ കേന്ദ്രം അയവുവരുത്തുകയും അന്തർസംസ്ഥാന യാത്ര യഥേഷ്ടം അനുവദിക്കുകയും ചെയ്‌തതോടെയാണ്‌ ഗ്രാമങ്ങളുൾപ്പെടെ പുതിയ മേഖലകളിലേക്ക്‌ കോവിഡ്‌ പടർന്നത്‌. അതിഥിത്തൊഴിലാളികൾ വ്യാപകമായി മടങ്ങിയതും രോഗവ്യാപനത്തിന്‌ വഴിയൊരുക്കി.

ഒഡിഷയിൽ പുതുതായി റിപ്പോർട്ട്‌ ചെയ്യുന്ന കേസുകളിൽ 80 ശതമാനവും ഗ്രാമങ്ങളിലാണ്‌. നാലര ലക്ഷം തൊഴിലാളികളാണ്‌ ഒഡിഷയിലേക്ക്‌ മടങ്ങിയെത്തിയത്‌. മെയ്‌ രണ്ടുവരെ കോവിഡ്‌ റിപ്പോർട്ട്ചെയ്യാതിരുന്ന ഗഞ്ചാം ജില്ലയിൽ ‌ അഞ്ഞൂറിലേറെ രോഗികളുണ്ട്‌. മൂന്നുപേർ മരിച്ചു.

-ആന്ധ്രയിലും ഗ്രാമങ്ങളിലേക്ക്‌ കോവിഡ്‌ പടർന്നു‌. മെയ്‌ പകുതിവരെ സംസ്ഥാനത്തെ കോവിഡ്‌ 90 ശതമാനവും നഗരമേഖലകളിലായിരുന്നു. മൂന്നാഴ്‌ചയ്‌ക്കിടെ റിപ്പോർട്ടുചെയ്‌ത 1500 പുതിയ കേസുകളിൽ മൂന്നിലൊന്നും ഗ്രാമങ്ങളിലാണ്‌.  മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ കൂടുതൽപേർ എത്തിത്തുടങ്ങിയതോടെ  ബംഗാളിലെ മാൾഡ, നോർത്ത്–- സൗത്ത്‌ ദിജ്‌നാപുർ ജില്ലകൾ, കൂച്ച്ബിഹാർ എന്നിവിടങ്ങളിലും രോഗികൾ വർധിച്ചു. 

20 ലക്ഷത്തോളം തൊഴിലാളികൾ മടങ്ങിയെത്തിയ ബിഹാറിലും 60 ശതമാനം രോഗവും ഗ്രാമങ്ങളിലാണ്‌. നാലായിരത്തോളം  രോഗികളിൽ മൂവായിരവും അതിഥിത്തൊഴിലാളികളാണ്‌. രാജസ്ഥാൻ, യുപി, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിലും ഗ്രാമങ്ങളിൽ രോഗം കൂടുകയാണ്‌.


പ്രധാന വാർത്തകൾ
 Top