ന്യൂഡൽഹി> ഒഡീഷ ട്രെയിൻ ദുരന്തത്തെ കുറിച്ചുള്ള റെയിൽവെ സുരക്ഷാകമീഷണറുടെ റിപ്പോർട്ട് വരുന്നതിന് മുമ്പായി തന്നെ സിബിഐ അന്വേഷണചുമതല ഏറ്റെടുത്തു. റെയിൽ മന്ത്രാലയത്തിന്റെ അഭ്യർത്ഥനപ്രകാരം ഒഷീഡ സർക്കാരിന്റെ സമ്മതത്തോടെയാണ് അന്വേഷണം ഏറ്റെടുക്കുന്നതെന്ന് സിബിഐ അറിയിച്ചു. പത്തംഗ സിബിഐ സംഘം ചൊവ്വ പകൽ തന്നെ അപകടമുണ്ടായ ബഹനാഗ ബസാർ സ്‌റ്റേഷൻ സന്ദർശിച്ച് തെളിവെടുപ്പും മറ്റും നടത്തി. ജീവനക്കാരുടെ മൊഴിയെടുത്തു. ഫോറൻസിക്ക് സംഘവും അപകടസ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി റെയിൽവെ ബോർഡ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. തുടർന്ന് മന്ത്രാലയത്തോട് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയും ചെയ്‌തു.
സിബിഐ അന്വേഷണ നീക്കത്തിനെതിരായി പ്രതിപക്ഷ പാർടികൾ രംഗത്തുവന്നിരുന്നു. വസ്‌തുതകൾ തമസ്‌ക്കരിക്കുന്നതിനും വീഴ്‌ചകൾ മൂടുന്നതിനുമാണ് സിബിഐയെ കൊണ്ടുവരുന്നതെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രസർക്കാർ സിബിഐക്ക് അന്വേഷണചുമതല കൈമാറിയത്. സിബിഐ അന്വേഷണം ആരംഭിച്ചതിനൊപ്പം തന്നെ റെയിൽവെ സുരക്ഷാകമീഷണറുടെ സംഘവും പരിശോധനകൾ തുടരുകയാണ്. ഖരഗ്‌പ്പുർ, ബാലസുർ തുടങ്ങി വിവിധ കേന്ദ്രങ്ങളിലായാണ് സുരക്ഷാകമീഷണറുടെ സംഘത്തിന്റെ പരിശോധന.
മരണം 288 തന്നെ
ഒഡിഷ ട്രെയിൻ ദുരന്തത്തിൽ ആകെ മരണസംഖ്യ288 ആണെന്ന് സ്ഥരീകരണം. അപകടത്തിന്റെ രണ്ടാംദിനംതന്നെ മരണം 288 ആണെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും ഔദ്യോഗികമരണസംഖ്യ 275 ആണെന്ന നിലപാടിലായിരുന്നു അധികൃതര്‍. മരണസംഖ്യ 288 ആണെന്ന് ഒഡിഷ ചീഫ്സെക്രട്ടറി പ്രദീപ് ജെനെ സ്ഥിരീകരിച്ചു. 193 മൃതദേഹം ഭൂവനേശ്വറിലേക്ക് മാറ്റി. ഇതില്‍ 80 എണ്ണം തിരിച്ചറിഞ്ഞു. 55 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നൂറിലധികം മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ട്. ചില മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്.
ഒഡിഷയിലെ വിവിധ ആശുപത്രികളിൽ ഇരുനൂറോളം പേർ ഇപ്പോഴും ചികിത്സയിലാണ്. മൃതദേഹങ്ങൾ എംബാം ചെയ്‌താലും അധികനാൾ സൂക്ഷിക്കാനാകില്ല. മരണം സംഭവിച്ച് 12 മണിക്കൂറിനുള്ളിൽ എംബാം ചെയ്‌താലേ മൃതദേഹം ഏറെനാൾ കേടുകൂടാതെ സൂക്ഷിക്കാനാകൂവെന്ന് എയിംസ് ആശുപത്രിയിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എ ഷരീഷ് പറഞ്ഞു. എയിംസിൽ എത്തിച്ചപ്പോഴേക്കും 30 മണിക്കൂർ കഴിഞ്ഞതിനാൽ മൃതദേഹങ്ങൾ കൂടുതൽ അഴുകുന്നത് തടയാനാണ് പ്രധാനമായും ശ്രമിച്ചതെന്ന് ഭുവനേശ്വർ എയിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അശുതോഷ് ബിശ്വാസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..