22 September Friday

ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരണസംഖ്യ 280 ആയി; 900 ത്തിലധികം പേർക്ക്‌ പരിക്ക്‌, മൂന്ന്‌ ട്രെയിനുകൾ അപകടത്തിൽപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

ഭുവനേശ്വർ > ഒഡിഷയിൽ രണ്ട്‌ പാസഞ്ചർ ട്രെയിനും ചരക്ക്‌ ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 280 ആയി. 900 ത്തതിലധികം പേർക്ക്‌ പരിക്കേറ്റു. ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷനു സമീപം വെള്ളി രാത്രി 7.20നാണ്‌ അപകടമുണ്ടായത്‌. വ്യത്യസ്‌ത ട്രാക്കുകളിലൂടെ സഞ്ചരിച്ച കൊൽക്കത്ത ഷാലിമാർ – ചെന്നൈ കോറമാൻഡൽ എക്‌സ്‌പ്രസും ബംഗളൂരു ഹൗറ എക്‌സ്‌പ്രസും ചരക്ക്‌ ട്രെയിനുമാണ്‌ അപകടത്തിൽപ്പെട്ടത്‌. മരണസംഖ്യ കൂടിയേക്കും.

ബംഗളൂരു ഹൗറ എക്‌സ്‌പ്രസിന്റെ നിരവധി കോച്ചുകൾ പാളംതെറ്റി അടുത്ത ട്രാക്കിലൂടെ വന്ന കോറമാൻഡൽ എക്‌സ്‌പ്രസിലേക്ക്‌ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോറമാൻഡൽ എക്‌സ്‌പ്രസിന്റെ 12 ബോഗി ബോഗികൾ പാളം തെറ്റി. ഇതിലാണ്‌ ചരക്ക്‌ ട്രെയിൻ ഇടിച്ചുകയറിയത്‌. പരിക്കേറ്റവരിൽ നാല് മലയാളികളുണ്ട്. തൃശൂർ സ്വദേശികളായ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ബോഗികൾക്കടിയിൽ ഇനിയും നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ട്‌. രാവിലെയും രക്ഷാപ്രവർത്തനം തുടരുകയാണ്‌. അമ്പതിലേറെ ആംബുലൻസുകൾ സ്ഥലത്തെത്തിയെങ്കിലും ഇവ തികയാത്ത സ്ഥിതിയാണ്‌. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ബസുകൾ ഉപയോഗിക്കുന്നു. ദേശീയ ദുരന്തനിവാരണസേയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. പരിക്കേറ്റവരെ സൊറോ, ഗോപാൽപുർ, ഖന്ദാപാഡ ഹെൽത്ത്‌ സെന്ററുകളിലേക്ക്‌ മാറ്റി. നിരവധിപേരെ ബാലസോർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയെന്നും ഒഡിഷ ചീഫ്‌ സെക്രട്ടറി പ്രദീപ്‌ ജന പറഞ്ഞു.

ഹെൽപ്പ്‌ലൈൻ നമ്പർ: 033-26382217 (ഹൗറ), 8972073925 (ഖരഗ്‌പുർ), 8249591559 (ബാലസോർ), 044- 25330952 (ചെന്നൈ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top