23 January Wednesday

നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞ സംഭവം: നേഴ‌്‌‌സ‌് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

ജോധ‌്പുർ > പ്രസവമെടുക്കുമ്പോൾ ശക്തിയായി വലിച്ചതിനെ തുടർന്ന‌് ശരീരം രണ്ടായി മുറിഞ്ഞ‌് കുഞ്ഞ‌് മരിച്ച സംഭവത്തിൽ പുരുഷ നേഴ‌്സ‌് അറസ്റ്റിൽ. രാജസ്ഥാൻ പട്ടണമായ ജയ‌്സാൽമറിലെ രാംഗഢ‌് സർക്കാർ ആശുപത്രിയിലെ നേഴ‌്സ‌് അമ‌്റിത‌് ലാലാണ‌് അറസ്റ്റിലായത‌്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന‌് കേസെടുത്തു.  സംഭവം മറച്ചുവച്ച മറ്റൊരു നേഴ‌്സ‌് ജുജ‌്ഹർ സിങ്ങിനെ കസ്റ്റഡിയിലെടുത്തു.

ഡോക്ടറെ അറിയിക്കാതെയാണ‌് യുവതിയുടെ പ്രസവമെടുക്കാൻ നേഴ‌്‌‌‌സ‌് ശ്രമിച്ചത‌്. പ്രസവം ബുദ്ധിമുട്ടേറിയതായിട്ടും ഡോക്‌ടറെ അറിയിച്ചില്ല. തുടർന്ന‌്, ശക്തിയായി വലിച്ചപ്പോൾ കുഞ്ഞിന്റെ തലയടക്കമുള്ള ഭാഗം ഗർഭപാത്രത്തിൽ കുടുങ്ങുകയും ബാക്കിഭാഗം മുറിഞ്ഞുപോകുകയുമായിരുന്നു. വിവരം മറ്റാരെയും അറിയിക്കാതെ മൃതദേഹം നേഴ‌്സ‌് മോർച്ചറിയിലേക്ക‌് മാറ്റി.

തുടർന്ന‌്, യുവതിയുടെ നില അതീവ ഗുരുതരമാണെന്നും മറ്റൊരാശുപത്രിയിലേക്ക‌് ഇവരെ ഉടൻ മാറ്റണമെന്നും ഭർത്താവിനെ അറിയിക്കുകയായിരുന്നു. ജോധ‌്പുരിയിലെ ഉമൈദ‌് ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോഴാണ‌് കുട്ടി മരിച്ച വിവരം രക്ഷിതാക്കൾ അറിഞ്ഞത‌്. യുവതി അപകടനില തരണം ചെയ‌്തതായി ഉമൈദ‌് ആശുപത്രി സൂപ്രണ്ട‌് രഞ‌്ജന ദേശായി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top