14 December Saturday

പൗരത്വ രജിസ്‌റ്റർ രാജ്യവ്യാപകമാക്കും: അമിത്‌ ഷാ

സ്വന്തം ലേഖകൻUpdated: Wednesday Nov 20, 2019

ന്യൂഡൽഹി >  ദേശീയ പൗരത്വ രജിസ്‌റ്റർ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷാ രാജ്യസഭയിൽ പറഞ്ഞു.  മതത്തിന്റെ പേരിൽ വിവേചനമുണ്ടാകില്ലെന്ന്‌ ചോദ്യത്തിനു മറുപടിയായി ഷാ പറഞ്ഞു. പാകിസ്ഥാൻ, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന്‌ മതപരമായ അതിക്രമങ്ങളാൽ ഇന്ത്യയിലേക്കു വരുന്ന ഹിന്ദു, പാഴ്‌സി, സിഖ്‌, ബുദ്ധ, ജൈന, ക്രിസ്‌ത്യൻ മതസ്ഥർക്ക്‌ പൗരത്വം നൽകണമെന്ന നിലപാടാണ്‌ സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എൻആർസി രാജ്യവ്യാപകമായി നടപ്പാക്കും. എന്നാൽ, മതത്തിന്റെ പേരിൽ ആരും ആശങ്കപ്പെടേണ്ട. എല്ലാവരെയും എൻആർസിയിൽ കൊണ്ടുവരുന്നതിനുള്ള ഒരു പ്രക്രിയ മാത്രമാണത്‌. എല്ലാ മതത്തിലുംപെട്ട ഇന്ത്യൻ പൗരൻമാർ എൻആർസിയിൽ ഉൾപ്പെടും. എൻആർസിയും പൗരത്വ ഭേദഗതി ബില്ലും വ്യത്യസ്‌തമാണ്‌. അസമിൽ പൗരത്വ പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക്‌ ട്രിബ്യൂണലുകളെ സമീപിക്കാം. പണമില്ലാത്തവർക്ക്‌  അസം സർക്കാർ പണം നൽകും. പൗരത്വ ഭേദഗതി ബിൽ  കഴിഞ്ഞ ലോക്‌സഭ  പാസാക്കിയിരുന്നു. പിന്നീട്‌ സെലക്ട്‌ കമ്മിറ്റിയിലേക്ക്‌ പോയി. അതിനിടെ, ലോക്‌സഭ കാലഹരണപ്പെട്ടു. ഇനി ബിൽ വീണ്ടും വരുമെന്നും- ഷാ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top