07 July Tuesday

പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമാക്കാന്‍ നീക്കം; സാംസ്‌കാരിക നായകര്‍ക്ക് എതിരായ കേസ് ജനാധിപത്യ വിരുദ്ധം: യെച്ചൂരി

സ്വന്തം ലേഖകന്‍Updated: Friday Oct 4, 2019

ന്യൂഡല്‍ഹി> ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) രാജ്യവ്യാപകമായി നടപ്പാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് മൂന്നുദിവസമായി ചേര്‍ന്നുവന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം ആവശ്യപ്പെട്ടു. വര്‍ഗീയവോട്ട് ബാങ്കിനെ ഏകീകരിക്കാന്‍ വേണ്ട ധ്രുവീകരണം സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തെ ഉപയോഗിക്കുന്നതെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് പാര്‍ടി ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
   
 എന്‍ആര്‍സി അസം കരാറിന്റെ ഭാഗമായിരുന്നു; അസമില്‍ ഒതുങ്ങുന്നതായിരുന്നു ഇത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഈ പ്രക്രിയ നടപ്പാക്കിയത്. അസമില്‍ 20 ലക്ഷത്തോളം പേര്‍ എന്‍ആര്‍സിയില്‍നിന്ന് പുറത്തായി. യഥാര്‍ഥ ഇന്ത്യന്‍ പൗരന്മാരില്‍ ആരും ഒഴിവാക്കപ്പെടരുത്. പുറത്തായവരുടെ അപ്പീലുകള്‍ പരിഗണിക്കുകയും വിവേചനമില്ലാതെ ജുഡീഷ്യല്‍ അതോറിറ്റി തീര്‍പ്പ് കല്‍പിക്കുകയും ചെയ്യണം.
 
 അതേസമയം, ബിജെപി  മുഖ്യമന്ത്രിമാര്‍ അവരുടെ സംസ്ഥാനങ്ങളില്‍ എന്‍ആര്‍സി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു.  നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി ഈ ആവശ്യം ശക്തിയായി ഉന്നയിക്കുന്നു. ആധാര്‍ വന്നതോടെ ഉപേക്ഷിച്ച എന്‍പിആര്‍(ദേശീയ ജനസംഖ്യാ രജിസ്ട്രി)  സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.

 2003ല്‍ എല്‍ കെ അദ്വാനി ആഭ്യന്തരമന്ത്രിയായിരിക്കെയാണ് എന്‍പിആറിനു  തുടക്കമിട്ടത്. യുപിഎയില്‍ ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത്  ഈ പ്രക്രിയ തുടര്‍ന്നു. എന്നാല്‍  ആധാര്‍ വന്നപ്പോള്‍ ഇരട്ടിപ്പാകുമെന്നതിനാല്‍ എന്‍പിആര്‍ ഉപേക്ഷിച്ചു. അമിത്ഷാ ആഭ്യന്തരമന്ത്രിയായപ്പോള്‍  എന്‍പിആര്‍ തിരികെകൊണ്ടുവന്നു.
    തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടര്‍മാരെ പരിശോധിക്കാനുള്ള പ്രക്രിയ ആരംഭിക്കുകയും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഗ്രാമീണമേഖലകളിലും വിദൂരപ്രദേശങ്ങളിലും ഇക്കാര്യം അസാധ്യമാണ്; അനേകംപേര്‍ പുറത്തുപോകാന്‍ ഇടയാകും. ആധാര്‍ നിലവിലുള്ള സ്ഥിതിക്ക് സര്‍ക്കാരിന്റെ പുതിയ നടപടികള്‍ ആയിരക്കണക്കിനു കോടി രൂപയുടെ പാഴ്ചെലവാണ്.

 മാന്ദ്യം നേരിടുന്ന കാലത്ത് രാജ്യത്തിനു ഇതു താങ്ങാന്‍ കഴിയുന്നതല്ല.വിവേചനപരമായ പൗരത്വ നിയമഭേദഗതി ബില്‍  പാസാക്കുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചു. എന്‍ആര്‍സി പട്ടികയില്‍ ഉള്‍പ്പെടാത്ത മുസ്ലിങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് ഇതുവഴി പൗരത്വം ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പാക്കുന്നു.    മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിഷേധിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനമാണ്.

 ജാതിക്കും വര്‍ണത്തിനും ലിംഗപദവിക്കും അതീതമായി പൗരത്വവും അടിസ്ഥാന അവകാശങ്ങളും ഉറപ്പുനല്‍കുന്നതാണ് ഭരണഘടന.സാംസ്‌കാരിക നായകര്‍ക്ക് എതിരായ കേസ്  ജനാധിപത്യ വിരുദ്ധമെന്നും യെച്ചൂരി പറഞ്ഞു. പാലായില്‍ എല്‍ഡിഎഫിനു വിജയം സമ്മാനിച്ച വോട്ടര്‍മാരെ കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു. യുഡിഎഫ് ശക്തികേന്ദ്രമായി കരുതപ്പെട്ട മണ്ഡലത്തില്‍, വന്‍തോതിലുള്ള പ്രചാരണത്തെ അതിജീവിച്ചാണ് എല്‍ഡിഎഫും സംസ്ഥാനസര്‍ക്കാരും വിജയം നേടിയത്--സീതാറാം യെച്ചൂരി പറഞ്ഞു.
   
 
 


പ്രധാന വാർത്തകൾ
 Top