16 January Saturday

ദേശീയ പണിമുടക്ക്‌ ഇന്ന്‌ അർധരാത്രിമുതൽ; ബിഎംഎസ്‌ ഒഴികെയുള്ള എല്ലാ കേന്ദ്ര ട്രേഡ്‌ യൂണിയനും പങ്കെടുക്കും

സ്വന്തം ലേഖകൻUpdated: Wednesday Nov 25, 2020

ന്യൂഡൽഹി > മോഡി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ–- ജനവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്‌യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന അഖിലേന്ത്യ പണിമുടക്ക്‌ ബുധാഴ്‌ച അർധരാത്രി ആരംഭിക്കും. വിവിധ മേഖലയിലായി 25 കോടിയിലേറെ തൊഴിലാളികൾ അണിനിരക്കും. കേന്ദ്ര, സംസ്ഥാന ജീവനക്കാരുടെ ഫെഡറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും പങ്കാളികളാകും.

ബിഎംഎസ്‌ ഒഴികെയുള്ള എല്ലാ കേന്ദ്ര ട്രേഡ്‌ യൂണിയനും പണിമുടക്കും. പണിമുടക്കിനു പിന്തുണ നൽകാൻ‌ കോൺഗ്രസ്‌ നേതൃത്വം  പിസിസികൾക്ക്‌ നിർദേശം നൽകി. ഇടതു പാർടികൾ തുടക്കത്തിലേ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. കർഷക സംഘടനകളും പ്രക്ഷോഭത്തിലാണ്‌. തൊഴിലാളിവിരുദ്ധ തൊഴിൽ ചട്ടങ്ങളും കർഷകദ്രോഹ കാർഷിക നിയമങ്ങളും പിൻവലിക്കുക,ആദായ നികുതിക്ക്‌ പുറത്തുള്ള എല്ലാ കുടുംബത്തിനും മാസം 7500 രൂപ ധനസഹായം, എല്ലാവർക്കും മാസം 10 കിലോ സൗജന്യ റേഷൻ തുടങ്ങി ഏഴിന ആവശ്യമുന്നയിച്ചാണ്‌ പണിമുടക്ക്‌.

ബാങ്കിങ്‌, ഇൻഷുറൻസ്‌, എണ്ണ–- പ്രകൃതിവാതകം, ഊർജം, തുറമുഖം, കൽക്കരി അടക്കമുള്ള ഖനിമേഖലകൾ, സിമന്റ്‌, സ്‌റ്റീൽ, തപാൽ, ടെലികോം, പൊതു–-സ്വകാര്യ വാഹനഗതാഗതം, പ്രതിരോധം, കേന്ദ്ര–- സംസ്ഥാന സർക്കാർ ജീവനക്കാർ, ആശ–- അങ്കണവാടി തുടങ്ങി പദ്ധതിത്തൊഴിലാളികൾ, തൊഴിലുറപ്പു തൊഴിലാളികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ തുടങ്ങി എല്ലാവിഭാഗവും പണിമുടക്കിൽ അണിനിരക്കുമെന്ന്‌ കേന്ദ്ര ട്രേഡ്‌ യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തൊഴിലാളി–- കർഷകദ്രോഹ നിലപാടുകൾ തിരുത്താൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ഭാവിയിൽ വലിയ സമരപരിപാടികൾ ഉണ്ടാകുമെന്ന്‌ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top