19 November Tuesday

അസാധുവാക്കലിന്‌ 3 വർഷം; നോട്ട്‌ ഉപയോഗം കുറഞ്ഞില്ല

സ്വന്തം ലേഖകൻUpdated: Saturday Nov 9, 2019

ന്യൂഡൽഹി >  ഡിജിറ്റൽ പണ ഇടപാട്‌ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നോട്ട്‌ അസാധുവാക്കലിന്റെ മൂന്നാം വാർഷികത്തിൽ ആളുകൾ നോട്ടുകൾ കൈവശംവയ്‌ക്കുന്നത്‌ വർധിച്ചതായി റിപ്പോർട്ട്‌. 2016ൽനിന്ന്‌ 2019ൽ എത്തുമ്പോൾ ആളുകൾ  നോട്ടുകൾ കൈവശം വയ്‌ക്കുന്നതിൽ 133 ശതമാനമാണ്‌ വർധന. റിസർവ്‌ ബാങ്കിന്റെ കണക്കുപ്രകാരം 2019 സെപ്‌തംബറിൽ ജനങ്ങളുടെ കൈവശമുള്ള പണം 20.49 ലക്ഷം കോടി രൂപയാണ്‌. 2018ൽ ഇതേ കാലയളവിൽ കൈവശം വച്ചിരുന്നതിനേക്കാൾ 13.3 ശതമാനം കൂടുതലാണിത്‌. പ്രചാരണത്തിലുള്ള  പണത്തിന്റെ 96 ശതമാനവും ജനങ്ങളുടെ കൈവശമാണെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ബാക്കി തുക ബാങ്കുകളിലടക്കമുള്ള നിക്ഷേപമാണ്‌. 

ആളുകൾ നോട്ടുകൾ കൈവശംവയ്‌ക്കുന്നത്‌ കുറച്ച്‌ ഡിജിറ്റൽ പണ ഇടപാട്‌ ശക്തിപ്പെടുത്തുക എന്നത്‌  നോട്ടുനിരോധനത്തിന്റെ ലക്ഷ്യമായിരുന്നു. നോട്ടുകളുടെ ലഭ്യതക്കുറവുണ്ടായപ്പോൾ ഡിജിറ്റൽ ഇടപാടിനെ ആശ്രയിച്ചവർ പിന്നീട്‌ നോട്ട്‌ ഉപയോഗിക്കുന്നതിലേക്ക്‌ മടങ്ങി. ഡിജിറ്റൽ ഇടപാടുകൾക്കും ഈ കാലയളവിൽ കൂടുതൽ സ്വീകാര്യത ലഭിച്ചു. യുപിഐ, ഡബിറ്റ്‌ കാർഡ്‌, മൊബൈൽ ബാങ്കിങ്‌ തുടങ്ങിയവ കൂടുതൽ പ്രചാരം നേടി. ആർബിഐ റിപ്പോർട്ട്‌ പ്രകാരം 2018–-19ൽ ഡബിറ്റ്‌ കാർഡ്‌ ഉപയോഗിച്ചുള്ള ഇടപാടിനെ യുപിഐ സംവിധാനം വഴിയുള്ള ഇടപാടുകൾ മറികടന്നു. ഇത്‌ യഥാക്രമം 535 കോടി രൂപയും 441 കോടി രൂപയുമാണ്‌.

ഭാവിയിൽ  ഡിജിറ്റൽ പണയിടപാട്‌ വർധിക്കുമെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. നോട്ടുപയോഗിച്ചുള്ള ഇടപാടുകൾ ഒഴിവാക്കുന്നതിന്‌ കുറച്ചു വർഷങ്ങൾ വേണ്ടിവരും. ഡിജിറ്റൽ പണ ഇടപാട്‌ പ്രോത്സാഹിപ്പിക്കാൻ അനുകൂല സാഹചര്യവും ബോധവൽക്കരണവുമാണ്‌ വേണ്ടതെന്നും നോട്ട്‌ അസാധുവാക്കൽ ആത്മഹത്യാപരമാണെന്നും വിദഗ്‌ധർ പറയുന്നു


പ്രധാന വാർത്തകൾ
 Top