യുപിയിൽ 180 വർഷം പഴക്കമുള്ള മസ്‌ജിദ് പൊളിച്ചു ; കേസ് കോടതിയിലിരിക്കെ ബുൾഡോസർ പ്രയോഗം
ന്യൂഡൽഹി
ഉത്തർപ്രദേശിലെ ഫത്തേപുരിൽ 180 വർഷത്തോളം പഴക്കമുള്ള നൂരി ജമാ മസ്‌ജിദിന്റെ ഭാഗങ്ങൾ പൊതുമരാമത്ത് വകുപ്പ് പൊളിച്ചു. സർക്കാർ നൽകിയ പൊളിച്ചുനീക്കൽ നോട്ടീസിനെതിരെ മസ്‌ജിദ് കമ്മിറ്റി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി 13ന് പരിഗണിക്കാനിരിക്കെയാണ് ബുൾഡോസർ പ്രയോഗം. ലക്‌നൗവിൽനിന്ന് 125 കിലോമീറ്റർ അകലെ ലലൗലിയിൽ ബൻഡ–-ബഹ്റൈച്ച് സംസ്ഥാന പാതയോരത്താണ് 1839ൽ നിർമിച്ച ചരിത്രപ്രാധാന്യമുള്ള മസ്‌ജിദ്. സംസ്ഥാനപാത 1956ലാണ് നിലവിൽവന്നത്. അതിനാൽ നിയമംലംഘിച്ചാണ് നിർമാണമെന്ന വാദം ശരിയല്ലെന്ന് മസ്‌ജിദ് കമ്മിറ്റി വ്യക്തമാക്കി. സംരക്ഷിത സ്‌മാരകമായ പള്ളിയുടെ പിൻഭാഗങ്ങൾ പൊളിച്ചത് കെട്ടിട ഘടനയ്‌ക്ക് മൊത്തത്തിൽ ഭീഷണിയാകുമെന്ന് അവർ പറഞ്ഞു.
മസ്‌ജിദിന്റെ ചില ഭാഗം മാത്രമാണ് പൊളിച്ചതെന്നും മുൻകൂട്ടി നോട്ടീസ് നൽകിയിരുന്നെന്നും എഡിഎം അവിനാഷ് ത്രിപാഠി പറഞ്ഞു. റോഡിന് വീതി കൂട്ടാനും ഓട സ്ഥാപിക്കാനുമാണ് അനധികൃത നിർമാണങ്ങൾ നീക്കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കനത്ത സുരക്ഷ സന്നാഹത്തോടെയാണ് പൊളിച്ചത്. യുപിയിൽ മഥുര, വാരാണസി, സംഭൽ എന്നിവിടങ്ങളിൽ നൂറ്റാണ്ടുകൾ മുമ്പ് മസ്‌ജിദുകൾ നിർമിച്ചത് ക്ഷേത്രങ്ങൾ നിലനിന്ന ഇടത്താണെന്ന് അവകാശപ്പെട്ട് ഹർജികൾ വരുന്ന സാഹചര്യത്തിലാണ് ഈ നടപടിയും. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ ബുൾഡോസർ രാജിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശം ഉന്നയിച്ചിരുന്നു. നിർമാണങ്ങൾ പൊളിക്കുന്നതിന് സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു.
0 comments