23 January Wednesday

അലോക്‌ വർമക്കെതിരെ അഴിമതിയാരോപണങ്ങളിൽ തെളിവില്ല; പുറത്താക്കിയത്‌ തിടുക്കത്തിൽ : ജസ്‌റ്റിസ്‌ എ കെ പട്‌നായിക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

ന്യൂഡൽഹി> സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വർമക്കെതിരെ ആരോപിച്ച കാര്യങ്ങളിൽ ഒരു തെളിവുമില്ലെന്ന്‌  ജസ്റ്റീസ് എ കെ പട്‌നായിക്. അലോക് വര്‍മയ്‌ക്കെതിരെ അഴിമതിക്ക് തെളിവില്ലെന്നും വര്‍മ്മയെ തിടുക്കത്തിൽ  മാറ്റിയതാണെന്നും പട്‌നായക് പറഞ്ഞു. അലോക്‌ വർമക്കെതിരായ കുറ്റങ്ങൾ അന്വേഷിച്ച ഉന്നതാധികാര സമിതിയുടെ (സിവിസി)നേതൃത്വം മുൻ സുപ്രീം കോടതി ജഡ്‌ജിയായ പട്‌നായിക്കിനായിരുന്നു.

‘‘അലോക് വര്‍മയെ നീക്കിയ ഉന്നതാധികാര സമിതിയുടെ നടപടി തിടുക്കത്തിലുള്ളതായിപ്പോയി. അന്വേഷണം നടന്നത് സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പരാതിയിലാണ്. രാകേഷ് അസ്താന നേരിട്ട് തന്റെ മുന്നില്‍ വന്ന് മൊഴി നല്‍കിയിട്ടില്ല. രാകേഷ് അസ്താനയുടെ മൊഴി എന്ന പേരില്‍ രാകേഷ് അസ്താന ഒപ്പുവെച്ച രണ്ട് പേജ് തനിക്ക് നല്‍കുകയായിരുന്നു”- ജസ്റ്റിസ് എ കെ പട്‌നായിക് വ്യക്തമാക്കി.ഒക്‌ടോബർ 25നാണ്‌  അൽാക്‌ വർമക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാനുള്ള സമിതിയുടെ തലവനായി പട്‌നായികിനെ നിയമിക്കുന്നത്‌.
 

അലോക് വര്‍മക്ക് പറയാനുള്ളതു കേള്‍ക്കാതെ, അസ്താനയുടെ പരാതി അംഗീകരിച്ച് അലോക് വര്‍മയെ പുറത്താക്കുകയാണ് പ്രധാനമന്ത്രി മേല്‍ക്കൈ നേടിയ ഉന്നതാധികാര സമിതി ചെയ്‌തത്‌.

ഡല്‍ഹി ഹൈക്കോടതിയാകട്ടെ , അസ്താനക്കെതിരായ കോഴക്കേസില്‍ കുറ്റവിചാരണ നടപടി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിപോലും ആവശ്യമില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് നിയോഗിച്ച സുപ്രീംകോടതി ജഡ്ജി എ കെ സിക്രി , ലോക്‌സഭയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് മല്ലികാജുൻ ഗാർഗെ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് കഴിഞ്ഞ ദിവസം അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്.മല്ലികാജുൻ ഗാർഗെയുടെ എതിർപ്പ്‌ പരിഗണിക്കാതെയാണ്‌  അലോക്‌ വർമ്മയെ പുറത്താക്കിയത്‌.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനു പിന്നാലെ കേന്ദ്ര സര്‍വീസില്‍ നിന്ന് അലോക് വര്‍മ്മ വെള്ളിയാഴ്ച രാജി വച്ചിരുന്നു. സിബിഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികള്‍ ചെറുക്കാന്‍ ശ്രമിച്ചു എന്ന പ്രതികരണത്തോടെയായിരുന്നു അലോക് വര്‍മ്മയുടെ രാജി.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ അസ്താന നല്‍കിയ പരാതിയാണ് കാബിനറ്റ് സെക്രട്ടറി സിവിസിക്ക് കൈമാറിയത്. അസ്താനയുടെ ആരോപണങ്ങളായിരുന്നു കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലേറെയും. കാബിനറ്റ് സെക്രട്ടറിയുടെ ഓഗസ്റ്റ് 24ലെ കുറിപ്പില്‍ വര്‍മയ്ക്കുനേരെ ഉന്നയിക്കുന്ന ആരോപണങ്ങളാണ് ജസ്റ്റിസ് പട്‌നായിക്കിന്റെ മേല്‍നോട്ടത്തില്‍ സിവിസി. അന്വേഷിച്ചത്. സിവിസി. റിപ്പോര്‍ട്ടില്‍ വര്‍മയ്‌ക്കെതിരേ പത്തിലേറെ കുറ്റാരോപണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പുറത്താക്കാന്‍ ഉന്നതാധികാരസമിതി തീരുമാനിച്ചത്.

സിബിഐയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളവരുടെ പേരും ഉള്‍പ്പെടുന്നുമെന്നിരിക്കെ, ഉന്നതാധികാര സമിതി യോഗത്തില്‍ നരേന്ദ്ര മോഡി  പങ്കെടുത്തതും ചോദ്യം ചെയ്യപ്പെടുകയാണ്.

ഈമാസം 31ന് വിരമിക്കാനിരിക്കേയാണ് വ്യാഴാഴ്ച അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍സ്ഥാനത്തുനിന്ന് നീക്കിയത്. കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത അവധിയില്‍ പോകേണ്ടിവന്ന വര്‍മ, സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തി 48 മണിക്കൂര്‍ തികയും മുമ്പായിരുന്നു പുറത്താക്കല്‍.
 


പ്രധാന വാർത്തകൾ
 Top