22 October Tuesday

ജാമ്യാപേക്ഷയിൽ 5ന്‌ വിധി: അറസ്റ്റില്ല; ചിദംബരത്തിന്‌ താൽക്കാലിക ആശ്വാസം

സ്വന്തം ലേഖകൻUpdated: Friday Aug 30, 2019

ന്യൂഡൽഹി
സെപ്‌തംബർ അഞ്ചുവരെ പി ചിദംബരത്തെ അറസ്റ്റ്‌ ചെയ്യരുതെന്ന്‌ എൻഫോഴ്‌സ്‌മെന്റിന്‌ സുപ്രീംകോടതി നിർദേശം. ഐഎൻഎക്‌സ്‌ മീഡിയാകേസിൽ അറസ്റ്റ്‌ ഒഴിവാക്കാൻ നൽകിയ ഹർജിയിൽ സുപ്രീംകോടതി വാദംകേൾക്കൽ പൂർത്തിയാക്കി. മുൻകൂർജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജിയിൽ ജസ്റ്റിസ്‌ ആർ ഭാനുമതി അധ്യക്ഷയായ ബെഞ്ച്‌ സെപ്‌തംബർ അഞ്ചിന്‌ വിധി പുറപ്പെടുവിക്കും. നിലവിൽ സിബിഐ കസ്‌റ്റഡിയിലാണ്‌ ചിദംബരം.

എൻഫോഴ്‌സ്‌മെന്റ്‌ അറസ്റ്റിൽനിന്ന്‌ ചിദംബരത്തിനുനേരത്തെ കോടതി പരിരക്ഷ നൽകിയിരുന്നു. ജസ്റ്റിസ്‌ എ എസ്‌ ബൊപ്പണ്ണകൂടി അംഗമായ ബെഞ്ച്‌ പരിരക്ഷ നീട്ടുകയായിരുന്നു. അഞ്ചുദിവസം നീണ്ട വാദംകേൾക്കലിനുശേഷമാണ്‌ കേസ്‌ വിധിപറയാൻ മാറ്റിയത്‌.  അന്വേഷണത്തിൽ കോടതി ഇടപെടൽ പരമാവധി കുറയ്‌ക്കുന്നതാണ്‌ ഉചിതമെന്ന്‌ ഇഡിക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത  വാദിച്ചു.

ചോദ്യംചെയ്യൽ അനിവാര്യമാണ്‌.  മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചാൽ ചോദ്യംചെയ്യൽ ചടങ്ങാകും.  ചില കേസിൽ നിർണായകവിവരം പുറത്തുവിടാതിരിക്കുന്നത്‌ തന്ത്രമാണെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. കേസിൽ വാദംകേൾക്കൽ പൂർത്തിയായശേഷം എൻഫോഴ്‌സ്‌മെന്റ്‌ മുദ്രവച്ച കവറിൽ കൈമാറിയ വിവരം പകർത്തി എഴുതിയാണ്‌ ഡൽഹി ഹൈക്കോടതി ചിദംബരത്തിന്‌ അർഹിച്ച ജാമ്യം നിഷേധിച്ചതെന്ന്‌ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്‌ പകർത്തി എഴുതിയ വിധിന്യായങ്ങൾ അപൂർവമാണെന്നും സിബൽ കുറ്റപ്പെടുത്തി.


പ്രധാന വാർത്തകൾ
 Top