11 July Saturday
ചുഴലിക്കാറ്റ്‌ ദുർബലമായി, വിമാനത്താവളം അടച്ചിട്ടു; ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

നാശം വിതച്ച്‌ നിസർഗ; 3 മരണം ; തീരംതൊട്ടത്‌ 120 കീലോമീറ്റർ വേഗതയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020

രത്‌നഗിരി നർമദ സിമന്റ്‌ തുറമുഖത്ത്‌ നിസർഗ ചുഴലിക്കാറ്റിൽ പ്രക്ഷുബ്‌ധമായ കടലിൽ ഉലഞ്ഞ ചരക്ക്‌ കപ്പൽ

മുംബൈ
അറബിക്കടലിൽ വടക്കുകിഴക്കു ദിശയിൽ സഞ്ചരിച്ച നിസർഗ ചുഴലിക്കാറ്റ്‌ മഹാരാഷ്ട്രയിൽ‌ കനത്ത നാശം വിതച്ച്‌ പിന്നീട്‌ ദുർബലമായി. സംസ്ഥാനത്ത്‌ മൂന്നുപേർ മരിച്ചു. നിരവധിപേർക്ക്‌ പരിക്കേറ്റു. ചുഴലിക്കാറ്റിൽ ജനജീവിതം താറുമാറായി. കപ്പലുകളും ബോട്ടുകളും തീരത്തടിഞ്ഞു. റോഡ്‌, -റെയിൽ, -വ്യോമഗതാഗതം നിലച്ചു. മുംബൈ ഛത്രപതി ശിവജി മഹാരാജ്‌ അന്താരാഷ്ട്ര വിമാനത്താവളം മണിക്കൂറുകളോളം അടച്ചിട്ടു. ബംഗളുരുവിൽ നിന്നെത്തിയ വിമാനം റൺവെയിൽ നിന്ന്‌ തെന്നിനീങ്ങി. ട്രാൻസ്‌ഫോർമർ തകർന്നുവീണ്‌ റായിഗഡ്‌ ഉംതെയിൽ  58 കാരനും പൂണയിൽ രണ്ടുപേരുമാണ്‌ മരിച്ചത്‌. രത്‌നഗിരി, അലിബാഗ്‌, പൂണെ, താനെ, മുംബൈ എന്നിവിടങ്ങളിൽ നിരവധിപേർക്ക്‌ പരിക്കേറ്റു. 

മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ കരയോടടുത്ത ചുഴലിക്കാറ്റ്‌ ബുധനാഴ്‌ച പകൽ 12.30ഓടെയാണ്‌ 120 കിലോമീറ്റർ വേഗമായികുറഞ്ഞ്‌ അലിബാഗിൽ തീരംതൊട്ടത്‌. പിന്നീട്‌ 40 കിലോമീറ്റർ വേഗമായി രണ്ടുമണിക്കൂറിനുശേഷം ശക്തികുറഞ്ഞു. വൈകിട്ടോടെ ഗുജറാത്ത്‌ തീരത്തേക്ക്‌ നീങ്ങി‌ ദുർബലമായതായി കേന്ദ്ര കലാവസ്ഥാ വിഭാഗം അറിയിച്ചു

മുംബൈ നഗരത്തിലുൾപ്പെടെ പലയിടത്തും റെയിൽവേ ട്രാക്കുകളിൽ മരങ്ങൾ കടപുഴകിവീണു. വീടുകളുടെ മേൽക്കൂരകൾ പാറിപ്പോയി. പനവേലിലെ എട്ട്‌ വൈദ്യുതി സബ്‌സ്‌റ്റേഷനുകളിലേക്കുള്ള വൈദ്യുതിവിതരണം മുൻകരുതലെന്ന നിലയിൽ നിർത്തിവച്ചിരുന്നു. ജൂഹുവിലെ മൊറഗവോൺ, അലിബാഗിലെ തീരപ്രദേശങ്ങൾ കോളാബ, വാർളി, ദാദർ,  വേർസോവ തുടങ്ങി മുംബൈയിലെ തീരപ്രദേശങ്ങളിൽനിന്നുൾപ്പെടെ സംസ്ഥാനത്ത്‌ രണ്ടുലക്ഷത്തോളംപേരെ സുരക്ഷാകേന്ദ്രങ്ങളിലേക്ക്‌ മാറ്റി.

വിമാനത്താവളം അടച്ചിട്ടു; ട്രെയിനുകൾ വഴിതിരിച്ചുവിട്ടു
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി‌ രാത്രി ഏഴുവരെയാണ്‌ വിമാനത്താവളം അടച്ചത്‌‌. ചില വിമാനങ്ങൾ സർവീസ്‌ റദ്ദാക്കി. ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടുകയോ പുനഃക്രമീകരിക്കുകയോ ചെയ്‌തു. കേരളത്തിൽനിന്നുള്ളതും കേരളത്തിലേക്കുള്ളതുമായ കൊങ്കൺവഴിയുള്ള നാലു ട്രെയിനും വഴി തിരിച്ചുവിട്ടു. എറണാകുളത്ത്‌ നിന്നും ഹസ്രത്ത്‌ നിസാമുദീനിലേക്കും തിരിച്ചുമുള്ള പ്രത്യേക ട്രെയിൻ, തിരുവനന്തപുരം–- ലോക്‌മാന്യതിലക്‌ ടെർമിനസ്‌ പ്രത്യേക ട്രെയിൻ, ന്യൂഡൽഹി–- തിരുവനന്തപുരം പ്രത്യേക ട്രെയിൻ എന്നിവയും വഴി തിരിച്ചുവിട്ടു. മുംബൈയിലെ ബാന്ദ്ര വാർളി കടൽപ്പാലം അടച്ചു.  ബീച്ചുകളിലും പാർക്കിലുമുൾപ്പെടെ പൊതുസ്ഥലങ്ങളിലും  ജനങ്ങൾ പ്രവേശിക്കുന്നത്‌ പൊലീസ്‌ തടഞ്ഞു.

കോവിഡിന്‌ ഒപ്പം നിസർഗ ; വിറങ്ങലിച്ച്‌ മഹാരാഷ്ട്ര
കോവിഡിന്റെ ഭീതിയിൽ വിറങ്ങലിച്ച്‌ നിൽക്കുന്ന മഹാരാഷ്ട്രയ്‌ക്കുമേൽ ദുരന്തമായി ആഞ്ഞടിച്ച്‌ നിസർഗ.‌  ബുധനാഴ്‌ച പകൽ 12.30നാണ്‌ മുംബൈ നഗരകേന്ദ്രത്തിൽനിന്ന്‌ ഏതാണ്ട്‌ നൂറുകിലോമീറ്റർ  അലിബാഗിലാണ്‌ നിസർഗ കരതൊട്ടത്‌.  മഹാരാഷ്ട്രയിൽ 21ഉം ഗുജറാത്തിൽ 22ഉം ദുരന്ത നിവാരണസേനാ ടീമുകളെ വിന്യസിച്ചിട്ടുണ്ട്‌. കോളാബ, വാർളി, ദാദർ, ജൂഹു, വേർസോവ തുടങ്ങി തീരപ്രദേശങ്ങളിലെ ബീച്ചുകളിൽനിന്ന്‌ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റി.  ഈ മേഖലയിൽ ദേശീയ ദുരന്തനിവാരണ സേനയുടെ എട്ട്‌ ടീമിനെയും നാവികസേനയുടെ അഞ്ച്‌ ടീമിനെയും  വിന്യസിച്ചു. ബീച്ചുകളിൽ പൊലീസ്‌  നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിസർഗ സംസ്ഥാനതീരംതൊട്ടതോടെ എങ്ങും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുംബൈയിലെ ബാന്ദ്ര വാർളി കടൽപ്പാലം അടച്ചു. വാഹനങ്ങൾ പ്രവേശിപ്പിക്കുന്നില്ല.   

നിസർഗ ചുഴലിക്കാറ്റിനെ തുടർന്ന്‌ വെള്ളം കയറിയ മുംബൈ വിമാനത്താവളത്തിൽ  ബംഗളൂരുവിൽനിന്നെത്തിയ വിമാനം റൺവേയിൽനിന്ന്‌ തെന്നിനീങ്ങിയപ്പോൾ

നിസർഗ ചുഴലിക്കാറ്റിനെ തുടർന്ന്‌ വെള്ളം കയറിയ മുംബൈ വിമാനത്താവളത്തിൽ ബംഗളൂരുവിൽനിന്നെത്തിയ വിമാനം റൺവേയിൽനിന്ന്‌ തെന്നിനീങ്ങിയപ്പോൾ


 

കോവിഡിൽനിന്ന്‌ കരകയറാൻ പാടുപെടുന്ന മഹാരാഷ്ട്രയ്‌ക്ക്‌ ഒരു മാസത്തിനിടെ നേരിടേണ്ടിവന്ന രണ്ടാമത്തെ വെല്ലുവിളിയാണ്‌ നിസർഗയുടേത്‌. ഗുജറാത്തിലും പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചു.
 


പ്രധാന വാർത്തകൾ
 Top