03 March Wednesday
കർഷകർക്കും സാമൂഹ്യപ്രവർത്തകർക്കും എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും സമൻസ്‌

കർഷകരെ വേട്ടയാടി എൻഐഎ ; തിങ്കളാഴ്‌ച അഞ്ചുപേരെ ചോദ്യംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021


ന്യൂഡൽഹി
കർഷകപ്രക്ഷോഭം തകർക്കാൻ രംഗത്തിറങ്ങിയ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൂടുതൽ പേർക്കെതിരെ നീക്കം തുടങ്ങി. നിരവധിപേരോട്‌‌ ചോദ്യംചെയ്യലിന്‌ ഹാജരാകാൻ നിർദേശിച്ച്‌ എൻഐഎ സമൻസ്‌ അയച്ചു. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ, കടയുടമകൾ, മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർക്കാണ്‌ സമൻസ്‌‌.

സിഖ്‌, ദളിത്‌ വിഷയങ്ങളിൽ സ്ഥിരമായി എഴുതുന്ന ബൽവിന്ദർസിങ്‌ പാൽ, പ്രാദേശിക ചാനൽ റിപ്പോർട്ടർമാരായ ജസ്‌വീർസിങ്‌, തജീന്ദർസിങ്‌, വീഡിയോഎഡിറ്റർ മോനുസിങ്‌, ഫ്രിലാൻസ്‌ മാധ്യമപ്രവർത്തകൻ വിന്നർസിങ്‌, ലുധിയാനയിൽ എൻജിഒ നടത്തുന്ന ഗുർപ്രീത്‌സിങ്‌ മിന്റു, പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ സഹായധനം നൽകിയ ഗുർചരൺസിങ്‌ തുടങ്ങിയവരോട്‌ ഹാജരാകാൻ എൻഐഎ നിർദേശിച്ചു‌.

തിങ്കളാഴ്‌ച അഞ്ചുപേരെ  ചോദ്യംചെയ്‌തു.
കർഷകപ്രക്ഷോഭം തുടർച്ചയായി വാർത്തയാക്കിയതിനാണ്‌ മാധ്യമപ്രവർത്തകരെ വേട്ടയാടുന്നതെന്ന്‌ കെ ടിവി, അകാൽ ചാനൽ റിപ്പോർട്ടർമാരായ ജസ്‌വീർസിങ്ങും തജീന്ദർസിങ്ങും പ്രതികരിച്ചു. പ്രക്ഷാേഭത്തിനിടെ മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക്‌ താൻ സഹായം നൽകിയിരുന്നുവെന്നും അതുകൊണ്ട്‌ തന്റെ സാമ്പത്തികസ്രോതസ്സ്‌‌ അറിയാനായിരിക്കും ഹാജരാകാൻ ആവശ്യപ്പെട്ടതെന്നും‌ ഗുർചരൺസിങ്‌ പറഞ്ഞു. 

ഖാലിസ്ഥാൻ തീവ്രവാദികൾ പ്രക്ഷോഭത്തിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന്‌ ബിജെപിയും സർക്കാർ അനുകൂലമാധ്യമങ്ങളും നേരത്തെ ആരോപിച്ചിരുന്നു. സുപ്രീംകോടതിയിലും ഈ വാദം സർക്കാർ ആവർത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ്‌ എൻഐഎ രംഗത്തെത്തിയത്‌. ആദ്യം കർഷകസംഘടനാനേതാവ്‌ ബൽദേവ്‌സിങ്‌ സിർസയ്‌ക്കാണ്‌‌ സമൻസ്‌ അയച്ചത്‌. ചോദ്യംചെയ്യലിന്‌ ഹാജരാകില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top