15 December Sunday

എന്‍ഐഎ ഭേദ​ഗതി; കോണ്‍​ഗ്രസും ബിജെപിയും ഒറ്റക്കെട്ട്

സ്വന്തം ലേഖകൻUpdated: Thursday Jul 18, 2019

ന്യൂഡൽഹി > ദേശീയ അന്വേഷണ ഏജൻസിക്ക് അമിതാധികാരം നല്‍കുന്ന ഭേദഗതി ബിൽ പാസാക്കാൻ പാർലമെന്റില്‍ കോൺഗ്രസും ബിജെപിയും കൈകോര്‍ത്തു. ബില്ലിനെ ലോക‌്സഭയ്‌ക്ക് പിന്നാലെ രാജ്യസഭയിലും ഇടതുപക്ഷം എതിര്‍ത്തപ്പോള്‍ കോണ്‍​ഗ്രസ് അം​ഗങ്ങള്‍ ബിജെപിക്കൊപ്പം ബില്ലിനുവേണ്ടി കൈയ്യുയര്‍ത്തി. ബിൽ സെലക്ട‌് കമ്മിറ്റിക്ക‌് വിടണമെന്ന ആവശ്യം നിരാകരിച്ചതിൽ പ്രതിഷേധിച്ച‌് രാജ്യസഭയില്‍  ഇടതുപക്ഷം ഇറങ്ങിപ്പോയി. രാജ്യസഭയില്‍ ആർജെഡിയും മുസ്ലിംലീഗും ബില്ലിനെ എതിര്‍ത്ത് ഇറങ്ങിപ്പോക്കിൽ പങ്കെടുത്തു.

യുപിഎ സർക്കാരിന്റെ ഭരണകാലത്ത് 2009 ലാണ് ഭീകരാക്രമണങ്ങൾ അന്വേഷിക്കാനെന്ന പേരിൽ എൻഐഎ രൂപീകരിച്ചത‌്. ക്രമസമാധാനം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരപരിധി മറികടന്നുള്ള എൻഐഎ രൂപീകരണം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും ഭാവിയിൽ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഇടതുപക്ഷം അക്കാലത്ത‌് ചൂണ്ടിക്കാട്ടിയിരുന്നു.

മോഡി സർക്കാർ അധികാരത്തിൽ വന്നതോടെ എൻഐഎ അന്വേഷിച്ചിരുന്ന പല ഭീകരാക്രമണ കേസുകളും അട്ടിമറിക്കപ്പെട്ടു. തീവ്രഹിന്ദു സംഘടനകൾ പ്രതിസ്ഥാനത്തുള്ള സംഝോത  എക‌്സ‌്പ്രസ‌് സ‌്ഫോടനം, മാലേഗാവ‌് സ‌്ഫോടനം, മെക്ക മസ‌്ജിദ‌് സ‌്ഫോടനം, അജ‌്മീർ ദർഗ സ‌്ഫോടനം തുടങ്ങിയ കേസുകളാണ‌് അട്ടിമറിച്ചത‌്.

ബിൽ സൂഷ‌്മപരിശോധനയ‌്ക്കായി സെലക്ട‌് കമ്മിറ്റിക്ക‌് വിടണമെന്ന‌് കെ കെ രാഗേഷ‌് ചർച്ചയിൽ ആവശ്യപ്പെട്ടു. കേന്ദ്രത്തിന‌് പരമാധികാരം നൽകുംവിധമാണ‌് നിയമനിർമാണം. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒട്ടനവധി നിരപരാധികൾ വർഷങ്ങളോളം തടവുകാരായി ജയിലിൽ കിടന്നു. ഇത്തരം ദുരുപയോഗം തടയുംവിധം നിയമം പരിഷ‌്കരിക്കണം. സെലക്ട‌് കമ്മിറ്റിക്ക‌് വിടണം–- രാഗേഷ‌് ആവശ്യപ്പെട്ടു.

മോഡി സർക്കാരിന്റെ കാലത്ത‌് ഒരു കേസും അട്ടിമറിക്കപ്പെട്ടില്ലെന്ന‌് ആഭ്യന്തരമന്ത്രി അമിത‌് ഷാ മറുപടിയിൽ പറഞ്ഞു. തുടർന്ന‌് ബിജെപിയും കോൺഗ്രസും യോജിച്ച‌് ശബ‌്ദവോട്ടോടെ ബിൽ പാസാക്കി. കഴിഞ്ഞദിവസം ലോക‌്സഭയില്‍ ബില്ലില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ കേരളത്തില്‍ നിന്ന് എതിര്‍ത്ത് വോട്ട് ചെയ്തത് എ എം ആരിഫ് മാത്രം. വോട്ടെടുപ്പ് സമയത്ത് മുസ്ലിംലീ​ഗ് അം​ഗങ്ങള്‍ സഭയില്‍ നിന്ന് വിട്ടുനിന്നു.


പ്രധാന വാർത്തകൾ
 Top