തിരുവനന്തപുരം
ഭാരത്‌മാലാ പദ്ധതി ഒന്നാംഘട്ടത്തിനായി ദേശീയപാത അതോറിറ്റി (എൻഎച്ച്‌എഐ) കടമെടുക്കുന്നത് 4,35,614 കോടി രൂപ. മൂന്നുലക്ഷം കോടി രൂപ ഇതിനകം കടമെടുത്തുകഴിഞ്ഞു. ഒന്നാംഘട്ട പദ്ധതിക്ക് അംഗീകാരം നൽകിയ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതി 2.09 ലക്ഷം കോടി രൂപ കടമെടുക്കാൻ അനുമതി നൽകിയിട്ടുള്ളപ്പോഴാണ് ഇരട്ടിയിലേറെ തുക കടെമടുക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ പദ്ധതികൾ നടപ്പാക്കാൻ രൂപീകരിച്ച പ്രത്യേകോദ്ദേശ്യ സ്ഥാപനമാണ് എൻഎച്ച്‌എഐ.
അത് എടുക്കുന്ന വായ്‌പ കേന്ദ്ര സർക്കാരിന്റെ ബജറ്റിന്റെയോ കടത്തിന്റേയോ ഭാഗമാകുന്നില്ല. ഇതേ മാതൃകയിലാണ് കേരളത്തിൽ കിഫ്‌ബി രൂപീകരിച്ചതും പ്രവർത്തിക്കുന്നതും. എന്നാൽ, കിഫ്‌ബി എടുക്കുന്ന വായ്‌പകളെ സംസ്ഥാനത്തിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തി വായ്‌പാനുവാദത്തിൽ കുറവു വരുത്തുകയാണ് കേന്ദ്ര സർക്കാർ.
34,877 കിലോമീറ്റർ ദേശീയപാതയുടെ വികസനവും നവീകരണവും ലക്ഷ്യമിടുന്ന 5.35 ലക്ഷം കോടി രൂപയുടെ ഭാരതമാല പദ്ധതിയുടെ ഒന്നാംഘട്ടത്തിന് 2017 ഒക്ടോബറിലാണ് മന്ത്രിസഭാ ഉപസമിതി അനുവാദം നൽകിയത്. 2.09 ലക്ഷം കോടി കടവും 1.06 ലക്ഷം കോടി സ്വകാര്യ നിക്ഷേപവുമാണ് പദ്ധതിയുടെ പ്രധാന ധനസ്രോതസ്സ്. പെട്രോൾ, ഡീസൽ എന്നിവയിൽനിന്ന് പിരിക്കുന്ന സെൻട്രൽ റോഡ് ഫണ്ടിൽനിന്ന് 1.40 ലക്ഷം കോടി, ദേശീയപാതകളിലെ ടോൾ പിരിവിൽനിന്നുള്ള 34,000 കോടി, ദേശീയപാതാ യൂസർ ഫീസിൽനിന്ന് 46,047 കോടി എന്നിവയും പദ്ധതി നിർദേശത്തിലുണ്ടായിരുന്നു. 2017 നവംബറിൽ ദേശീയപാത അതോറിറ്റി പദ്ധതി അടങ്കൽ 7.16 ലക്ഷം കോടിയായി ഉയർത്തി. 2019 നവംബറിൽ അടങ്കൽ 10.41 ലക്ഷം കോടിയും പിന്നീട് 10.55 കോടിയുമായി ഉയർത്തി. മന്ത്രിതല സമിതി താഴെതട്ടിലെ യാഥാർഥ്യങ്ങൾ കാണാതെയാണ് അടങ്കൽ നിശ്ചയിച്ചതെന്നാണ് സിഎജി മുമ്പാകെ എൻഎച്ച്‌എഐ ഉയർത്തുന്ന വാദം.
കിഫ്ബിയിൽ ഇരട്ടത്താപ്പ്
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പാക്കാനാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) രൂപീകരിച്ചത്. എൽഡിഎഫ് സർക്കാർ 2016ൽ അധികാരം ഏറ്റെടുത്തപ്പോൾ കിഫ്ബിയുടെ ചട്ടങ്ങൾ പരിഷ്‌കരിച്ചു. നിക്ഷേപകർക്കുള്ള പണത്തിന്റെ മടക്കിക്കൊടുക്കലിനും കടം എടുത്ത തുകയുടെ വീണ്ടെടുപ്പിനുമായി മോട്ടർ വാഹന നികുതി തുടക്കത്തിൽ 10 ശതമാനവും പിന്നീട് ഉയർത്തി 50 ശതമാനവും കിഫ്ബിക്ക് നൽകുന്നു. കിഫ്ബിക്കായി പെട്രോൾ സെസും സമാഹരിക്കുന്നു.
നിക്ഷേപത്തിന് സർക്കാർ ഗ്യാരന്റിയുണ്ട്. കിഫ്ബിവഴി സമാഹരിക്കുന്ന പണം ഖജനാവിൽ നിക്ഷേപിക്കുകയോ വകുപ്പുകൾവഴി ചെലവാക്കുകയോ ചെയ്യുന്നില്ല. എൻഎച്ച്‌എഐക്ക് ഇത്രയും കരുത്തുറ്റ ഒരു ധന മാനേജ്‌മെന്റ് വ്യവസ്ഥയോ സംവിധാനമോ ഇല്ല. എന്നിട്ടും എൻഎച്ച്‌എഐയുടെ കടം കേന്ദ്ര സർക്കാരിന്റെ കടമാകുന്നില്ല. കിഫ്‌ബി കടം സംസ്ഥാനത്തിന്റെ വായ്‌പാനുവാദത്തിൽ കുറയ്‌ക്കുകയും ചെയ്യുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..