09 July Thursday

ആഭ്യന്തരവിമാന സർവീസ്‌ : യാത്രാദുരിതം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020


ന്യൂഡൽഹി
ആഭ്യന്തരവിമാന സർവീസ്‌ പുനരാരംഭിച്ചതിനുശേഷമുള്ള രണ്ടാംദിവസവും യാത്രക്കാരുടെ ദുരിതം തുടരുന്നു. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്‌ തുടങ്ങി രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിൽനിന്ന്‌ പുറപ്പെടേണ്ടതും തിരിച്ചെത്തേണ്ടതുമായ വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയതോടെ യാത്രക്കാർ ദുരിതത്തിലായി.

രണ്ടുമാസത്തെ ഇടവേളയ്‌ക്കുശേഷം തിങ്കളാഴ്‌ചയാണ്‌ ആഭ്യന്തര വിമാനസർവീസ്‌ പുനരാരംഭിച്ചത്‌. ഏകദേശം 630 വിമാനം റദ്ദാക്കിയതിനെത്തുടർന്ന്‌ രാജ്യമുടനീളം യാത്രക്കാർ കടുത്ത പ്രതിസന്ധിയിലായി. ആന്ധ്രപ്രദേശിൽ ചൊവ്വാഴ്‌ച ആഭ്യന്തരസർവീസ്‌ പുനരാരംഭിച്ചു. സർവീസ്‌ വ്യാഴാഴ്‌ച തുടങ്ങുമെന്നും  മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായും പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചു.

വിവിധ വിമാനത്താവളങ്ങളിൽനിന്ന്‌ സർവീസ്‌ നടത്തേണ്ട വിമാനങ്ങളുടെ എണ്ണത്തിൽ ആശയക്കുഴപ്പം തുടരുകയാണ്‌. നിലവിലെ സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളത്തിൽ ആകെ 20 വിമാനം സർവീസ്‌ നടത്തും‌. ഡൽഹി വിമാനത്താവളത്തിൽ ചൊവ്വാഴ്‌ച  277 വിമാനംമാത്രമാണ്‌ ഷെഡ്യൂൾ ചെയ്‌തിരുന്നത്‌. മുംബൈയിൽനിന്ന്‌ 47 വിമാനമാണ്‌ നിലവിൽ സർവീസ്‌ നടത്തുന്നത്‌. കൊൽക്കത്ത, ബാഗ്‌ദോഗ്ര വിമാനത്താവളങ്ങളിൽനിന്ന്‌ 20 വിമാനം ദിവസവും സർവീസ്‌ നടത്തിയേക്കും. വരുംദിവസങ്ങളിൽ വിമാനങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായില്ലെങ്കിൽ യാത്രക്കാരുടെ ദുരിതം തുടരും. തിങ്കളാഴ്‌ച 832 വിമാനങ്ങളിൽ 58,318 യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയതായി വ്യോമയാനമന്ത്രി ഹർദീപ്‌ സിങ്‌ പുരി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top