26 February Wednesday

മഹാമാന്ദ്യം വാതിൽപ്പടിയിൽ; ഐഎംഎഫ്‌ മുന്നറിയിപ്പ്

സാജൻ എവുജിൻUpdated: Sunday Jan 19, 2020

ന്യൂഡൽഹി > അസമത്വവും ധനകാര്യമേഖലയിലെ അസ്ഥിരതകളും  ആഗോള സമ്പദ്‌ഘടനയെ വീണ്ടും മഹാമാന്ദ്യത്തിലേക്ക്‌ നയിക്കുന്നതായി ഐഎംഎഫ്‌ മേധാവി ക്രിസ്‌റ്റീന ജോർജീവ. 1929ൽ ഓഹരിവിപണികളിലെ വൻതകർച്ചയോടെ തുടങ്ങി 1930കളിൽ ലോകമാകെ അനുഭവപ്പെട്ട മഹാമാന്ദ്യത്തിന്‌ സമാനമായ സ്ഥിതി മടങ്ങിവരുന്നതിന്റെ ലക്ഷണമാണ്‌ പ്രകടമാകുന്നതെന്നും അവർ പറഞ്ഞു. -വാഷിങ്‌ടണിൽ പീറ്റേഴ്‌സൺ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്റർനാഷണൽ ഇക്കണോമിക്‌സിൽ പ്രഭാഷണം നടത്തുകയായിരുന്നു ക്രിസ്‌റ്റീന.

ഓരോ രാജ്യത്തും അസമത്വം ഭീകരമായി പെരുകുകയാണ്‌. ഉദാഹരണത്തിന്‌ ബ്രിട്ടനിൽ സമ്പന്നരായ 10 ശതമാനം പേർ ഏറ്റവും പിന്നോക്കം നിൽക്കുന്ന 50 ശതമാനം പേർക്ക്‌ ‌ ആകെയുള്ളതിന്‌ തുല്യമായ സ്വത്ത്‌ കൈയടക്കിവച്ചിരിക്കുന്നു. ഇതര വികസിത രാജ്യങ്ങളിലും സമാനമായ സാഹചര്യമാണ്‌. സാമ്പത്തിക അസമത്വം അതിന്റെ കൊടുമുടിയിലാണ്‌. സാങ്കേതിക വിദ്യയുടെയും സമ്പദ്‌ഘടനകളുടെ സംയോജനത്തിന്റെയും പ്രയോജനം ധനികർക്കാണ്‌ ലഭിച്ചത്‌. 1920കളുടെ തുടക്കത്തിൽ ഇതായിരുന്നു അവസ്ഥ.

അസമത്വം സമ്പദ്‌ഘടനകളെ മാത്രമല്ല, വ്യക്തികളെയും ബാധിക്കും. സാമൂഹ്യ അസ്വസ്ഥതകളും പതിവാകും.  ഈ പ്രവണത അടുത്ത 10 വർഷം തുടരും. ദരിദ്രരെ സഹായിക്കാൻ സർക്കാരുകൾ കൂടുതൽ പണം ചെലവിടണമെന്നും ക്രിസ്‌റ്റീന പറഞ്ഞു.

പ്രതിശീർഷ അടിസ്ഥാനത്തിൽ ആഗോളസമ്പദ്‌ഘടന ഇക്കൊല്ലം 1.5 ശതമാനമേ വളരുകയുള്ളുവെന്ന്‌ ഐക്യരാഷ്ട്ര സംഘടന ഏഷ്യ–-പസഫിക്‌ സാമ്പത്തിക, സാമൂഹ്യ കമീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കി. വികസ്വര രാജ്യങ്ങളിൽ ജനങ്ങളുടെ വരുമാനം 2014ൽ ലഭിച്ചിരുന്നതിനെക്കാൾ കുറഞ്ഞു. ലോകത്തിന്റെ പല മേഖലകളിലും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം പെരുകി. അസമത്വം കുറയ്‌ക്കാതെ ദാരിദ്ര്യത്തിന്‌ പരിഹാരം കാണാനാകില്ലെന്നും -റിപ്പോർട്ടിൽ പറഞ്ഞു.

1930കളിലെ മഹാമാന്ദ്യം

ന്യൂഡൽഹി > ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും  ദൈർഘ്യമേറിയതും ആഴമേറിയതും വ്യാപകകെടുതി സൃഷ്ടിച്ചതുമായ മാന്ദ്യമായിരുന്നു 1930കളിലെ മഹാമാന്ദ്യം. 1929 സെപ്‌തംബർ നാലിന്‌ അമേരിക്കൻ ഓഹരിവിപണി തകര്‍ന്നടി‍ഞ്ഞു.

ഒക്ടോബർ 29ന്‌ ആഗോളവിപണികളാകെ ഇടിഞ്ഞു. കറുത്ത ചൊവ്വാഴ്‌ച എന്നാണ്‌ ഈ ദിവസം അറിയപ്പെടുന്നത്‌. 1929–-32 കാലത്ത്‌ ആഗോളതലത്തിൽ മൊത്തം ആഭ്യന്തര ഉൽപ്പാദനം(ജിഡിപി) 15 ശതമാനം ഇടിഞ്ഞു. 2008–-09ലെ മാന്ദ്യത്തിൽ ജിഡിപി ഇടിവ്‌ ഒരു ശതമാനം മാത്രമായിരുന്നു. മഹാമാന്ദ്യത്തിൽ 5000 ബാങ്കാണ്‌ തകർന്നത്‌. തൊഴിലില്ലായ്‌മ 25 ശതമാനമായി.

മഹാമാന്ദ്യമാണ്‌ ജർമനിയിൽ ഹിറ്റ്‌ലർ അധികാരത്തിൽ വരുന്നതിനും രണ്ടാം ലോകമഹായുദ്ധത്തിനും(1939–-45)  ഇടയാക്കിയത്‌. വംശമേന്മ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ഒരു കോടിയോളം പേരെ കൊന്നൊടുക്കിയ ഹിറ്റ്‌ലറും നാസിപാർടിയും സാമ്പത്തികതകർച്ചയുടെ കാരണങ്ങളെക്കുറിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ്‌ അധികാരത്തിൽ വന്നത്‌.

ഇറ്റലിയിൽ ഏകാധിപതിയായ മുസോളിനിയും സമാന സാഹചര്യത്തിലാണ്‌ ഭരണംപിടിച്ചത്‌. നിലവിൽ അമേരിക്ക, ബ്രിട്ടൻ, ബ്രസീൽ അടക്കമുള്ള രാജ്യങ്ങളിൽ വലതുപക്ഷം അധികാരം പിടിച്ചത്‌ സാമ്പത്തികതകർച്ചയും വംശീയതയും ആയുധമാക്കിയാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top