13 December Friday
പ്രധാന മലിനീകരണ കാരണം വാഹനങ്ങളിലെ പുക

വൈക്കോൽ കത്തിക്കൽ: 
പിഴ ഇരട്ടിയാക്കി കേന്ദ്രം , വീണ്ടും കർഷകരെ ക്രൂശിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024


ന്യൂഡൽഹി
ഡൽഹിയിലെ രൂക്ഷമായ വായുമലിനീകരണം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന്‌ സുപ്രീംകോടതിയിൽനിന്നടക്കം വിമർശം നേരിടുന്ന കേന്ദ്രസർക്കാർ വൈക്കോൽ കത്തിക്കുന്നതിന്‌ ചുമത്തുന്ന പിഴ ഇരട്ടിയാക്കി. ഇതിനായി പരിസ്ഥിതി സംരക്ഷണ  നിയമത്തിലെ പുതുക്കിയ ചട്ടങ്ങൾ പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്‌തു. വായുമലിനീകരണം രൂക്ഷമാകുന്നത്‌ കർഷകർ വൈക്കോൽ കത്തിക്കുന്നതിനാലാണെന്ന്‌ ആരോപണത്തിന്റെ ചുവടുപിടിച്ചാണ്‌ കേന്ദ്രത്തിന്റെ നീക്കം. വൈക്കോൽ കത്തിച്ചാൽ രണ്ട്‌ ഏക്കർ വരെയുള്ളവർ അയ്യായിരം രൂപയും രണ്ടുമുതൽ അഞ്ചുവരെ ഏക്കർ ഉള്ളവർ പതിനായിരം രൂപയും അഞ്ച്‌ ഏക്കറിൽ കൂടുതൽ ഉള്ളവർ മുപ്പതിനായിരം രൂപയുമാണ്‌ പിഴനൽകേണ്ടത്‌. 2500 രൂപ, 5000 രൂപ, 15000 രൂപ എന്നിങ്ങനെയുള്ള പിഴയാണ് ഇരട്ടിയാക്കിയത്‌. മലിനീകരണം സംബന്ധിച്ച പരാതികൾ കേന്ദ്ര-–- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്കും കേന്ദ്ര എയർ ക്വാളിറ്റി മാനേജ്മെന്റ്‌  കമീഷനും നൽകാം.

വൈക്കോൽ കത്തിക്കലിൽ എടുത്ത നടപടി വിശദീകരിക്കണമെന്ന്‌ കേന്ദ്രത്തിനോട്‌ സുപ്രീംകോടതി ആവശ്യപ്പെട്ടതിന്‌ പിന്നാലെയാണ്‌ കർഷകവിരുദ്ധ നടപടി.
വൈക്കോൽ സംസ്‌കരിക്കാനുള്ള യന്ത്രസംവിധാനങ്ങൾ നൽകാനോ വൈക്കോൽ ഏറ്റെടുക്കാനോ തയാറാകാത്ത കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ കർഷകർക്ക്‌ പിഴ ചുമത്തുന്ന നടപടി അപലപനീയമാണെന്ന്‌ അഖിലേന്ത്യ കിസാൻ സഭ ചൂണ്ടിക്കാട്ടിയിരുന്നു.  ഡൽഹിയിലെ വായു മലിനീകരണത്തിന്റെ പകുതിയിലധികം വാഹനങ്ങളിലെ പുകയാണെന്ന്‌ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റി (സിഎസ്ഇ) ന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. 51.5 ശതമാനം മലിനീകരണത്തിനും കാരണം വാഹനപുകയാണ്‌. വൈക്കോൽ കത്തിക്കൽ മലിനീകരണത്തിന്റെ 8.19 ശതമാനത്തിന്‌ മാത്രമാണ്‌ കാരണമാകുന്നതെന്നും പഠനം പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top