13 July Monday

രോ​ഗവിവരം പൂഴ്‌ത്തി‌ ഗുജറാത്ത്‌ ; ആകെ രോഗികളുടെ വിവരം ഇപ്പോള്‍ പുറത്തുവിടുന്നില്ല

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020


ന്യൂഡൽഹി
കോവിഡ്‌ വ്യാപനം തീവ്രമായതോടെ പൂർണമായി രോഗവിവരം പുറത്തുവിടുന്നത്‌ അവസാനിപ്പിച്ച് ​ഗുജറാത്ത്. സംസ്ഥാനത്തെ പ്രതിദിന രോ​ഗവിവരം പുറത്തുവിടുന്ന സംവിധാനംതന്നെ ഇതിനായി മാറ്റിമറിച്ചു.  ആകെ രോഗികളുടെ വിവരം ഇപ്പോള്‍ പുറത്തുവിടുന്നില്ല. ചികിത്സയിൽ തുടരുന്നവർ, രോഗം ഭേദമായവർ, നിരീക്ഷണത്തിലുള്ളവർ, ആകെ പരിശോധന, മരണം എന്നിവമാത്രമാണ് പുറത്തുവിടുന്നത്.  വിവിധ ജില്ലകളിലുള്ള ആകെ രോഗികളുടെ എണ്ണവും 24 മണിക്കൂറിൽ വന്ന വർധനയും പ്രസിദ്ധീകരിക്കുന്നില്ല. എല്ലാ വിവരങ്ങളും പുറത്തുവിട്ടിരുന്ന രീതി തുടരേണ്ടെന്നാണ് സർക്കാര്‍ തീരുമാനമെന്ന്‌ ഉദ്യോഗസ്ഥർ പ്രതികരിച്ചു.

ആരോഗ്യവകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി ദിവസം രണ്ടുതവണ മാധ്യമങ്ങളെ കണ്ടിരുന്നത്‌ ഒറ്റത്തവണയായി ചുരുക്കി. പിന്നീട്‌ വിശദീകരണം സോഷ്യൽ മീഡിയയിലൂടെ മാത്രമാക്കി. ഏതാനം ദിവസങ്ങൾക്കുമുമ്പ്‌ അതും അവസാനിപ്പിച്ച്‌ പ്രസ്‌താവന പുറത്തിറക്കുന്നതു മാത്രമാക്കി നടപടി ചുരുക്കി. രോഗം ഭേദമാകുന്നവരുടെ എണ്ണം സംസ്ഥാനത്ത്‌ വളരെ ഉയർന്നതാണെന്നും ആ മികച്ചവശം പ്രതിഫലിപ്പിക്കാനാണ്‌ ശ്രമമെന്നും ജയന്തി രവി പ്രതികരിച്ചു.

കോവിഡ്‌ പ്രതിരോധത്തിൽ ​ഗുജറാത്ത് സര്‍ക്കാര്‍ പരാജയമാണെന്ന്‌ വിമര്‍ശിച്ച ഹൈക്കോടതി ജഡ്‌ജി ജെ ബി പാർധിവാലയെ കേസ്‌ പരിഗണിക്കുന്ന ബെഞ്ചിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന്‌ നീക്കിയത് വന്‍ വിവാദമായിരുന്നു. കേന്ദ്രസർക്കാരിന്റെ കണക്കുപ്രകാരം ​ഗുജറാത്തില്‍‌ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16343 ആണ്‌.


പ്രധാന വാർത്തകൾ
 Top