22 September Sunday

തമിഴ‌്നാട‌് നിയമസഭാ ഉപതെരഞ്ഞെടുപ്പ‌് : ഡിഎംകെക്ക‌് 13 സീറ്റ‌്

വി ജയിൻUpdated: Saturday May 25, 2019

തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിന്റെ തകർപ്പൻ വിജയം ആഘോഷിക്കുന്ന പാർടി പ്രവർത്തകൻ

ചെന്നൈ
തമിഴ‌്നാട‌് നിയമസഭയിലെ 22 മണ്ഡലങ്ങളിലേക്ക‌് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ 13 സീറ്റ‌് നേടി. എന്നാൽ എഐഎഡിഎംകെ സർക്കാരിന‌് ഭീഷണിയില്ല. എഐഎഡിഎംകെ ഒൻപത‌് സീറ്റ‌് നേടി. 234 അംഗ നിയമസഭയിൽ 118 സീറ്റാണ‌് കേവല ഭൂരിപക്ഷത്തിന‌് ആവശ്യം. നിലവിൽ 113 സീറ്റുണ്ടായിരുന്ന എഐഎഡിഎംകെ മുന്നണിക്ക‌് ഒൻപത‌് സീറ്റ‌് ലഭിച്ചപ്പോൾ 122 സീറ്റായി. 

എഐഎഡിഎംകെയിൽ നിന്ന‌് പുറത്താക്കപ്പെട്ട ടി ടി വി ദിനകരന‌് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്നാണ‌് 18 എഐഎഡിഎംകെ എംഎൽമാരെ അയോഗ്യരാക്കിയത‌്. ഡിഎംകെ നേതാവ‌് എം കരുണാനിധിയുടെ മരണത്തെ തുടർന്ന‌് തിരുവാരൂർ മണ്ഡലത്തിലും എഐഎഡിഎംകെ എംഎൽഎമാരായ എ ബോസ‌്, ആർ കനകരാജ‌് എന്നിവരുടെ മരണത്തെ തുടർന്ന‌് യഥാക്രമം തിരുപ്പുറംകുൺട്രം, സൂളൂർ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ‌് വേണ്ടിവന്നു. മന്ത്രിയായിരിക്കെ കേസിൽ ശിക്ഷിക്കപ്പെട്ട ബാലകൃഷ‌്ണ റെഡ്ഡി അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ‌് ഹൊസൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ‌് നടത്തിയത‌്.

ഡിഎംകെ ജയിച്ച മണ്ഡലങ്ങളും ഭൂരിപക്ഷവും: പൂനമല്ലി(60096), പെരമ്പൂർ(68023), തിരുപൊരൂർ(21013), ഗുഡിയാട്ടം(27161), അമ്പൂർ(37767), ഹൊസൂർ(23213), തിരുവാരൂർ(64571), തഞ്ചാവൂർ(33980), ആണ്ടിപ്പട്ടി(12323), പെരിയകുളം(20320), അറവക്കുറിച്ചി(37957), തിരുപ്പുറംകുൺട്രം(2396), ഒറ്റപ്പിടാരം(19657). എഐഎഡിഎംകെ ജയിച്ച മണ്ഡലങ്ങളും ഭൂരിപക്ഷവും: ഷോലിംഗൂർ(16056), പാപ്പിറെഡ്ഡിപ്പട്ടി(18493), ഹാരൂർ(9394), നിലക്കോട്ട(20675),   മാനാമധുരൈ(8194), സാത്തൂർ(1101), പരമക്കുടി(14032), വിലാത്തിക്കുളം(28554), സൂളൂർ(10113).

നംഗുനേരി എംഎൽഎയും കോൺഗ്രസ‌് നേതാവുമായ എച്ച‌് വസന്തകുമാർ കന്യാകുമാരി ലോക‌്സഭാ മണ്ഡലത്തിൽ നിന്ന‌് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന‌് അവിടെ ഉപതെരഞ്ഞെടുപ്പ‌് വേണ്ടിവരും.
 

പിഎംകെക്ക‌് വലിയ തിരിച്ചടി
ചെന്നൈ
ജനസംഖ്യയിൽ 12 ശതമാനം വരുന്ന ഒരു സമുദായത്തെ വച്ച‌് വോട്ടുബാങ്ക‌് രാഷ‌്ട്രീയം കളിക്കുകയും നിലപാടുകളില്ലാതെ അവസരവാദ രാഷ‌്ട്രീയം കളിക്കുകയും ചെയ്യുന്ന പാട്ടാളി മക്കൾ കക്ഷിക്ക‌്(പിഎംകെ) ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി. പാർലമെന്റിൽ അഞ്ച‌് സീറ്റിൽ വരെ വിജയിച്ച ചരിത്രമുള്ള പാട്ടാളി മക്കൾ കക്ഷി ഇത്തവണ മത്സരിച്ച‌ ഏഴ‌് മണ്ഡലങ്ങളിലും തോറ്റു. പാർടിയുടെ യുവ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. അൻപുമണി രാംദോസ‌് ധർമപുരി മണ്ഡലത്തിൽ 70753 വോട്ടിന‌് ഡിഎംകെയിലെ സെന്തിൽകുമാറിനോട‌് പരാജയപ്പെട്ടു.

ഈ ധർമപുരിയിലാണ‌് വണ്ണിയർ സമുദായത്തിൽ പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച ദളിത‌് യുവാവായ ഇളവരശന്റെ ഗ്രാമം മൊത്തം പാട്ടാളി മക്കൾ കക്ഷിയുടെ പ്രവർത്തകർ ചുട്ടുകരിച്ചത‌്. ഇളവരശനെ പിന്നീട‌് ധർമപുരിയിലെ റെയിൽവെ പാളത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടു.

ധർമപുരി, കൃഷ‌്ണഗിരി, വെല്ലൂർ, തിരുവണ്ണാമല, ആർക്കോണം, തിരുവള്ളൂർ തുടങ്ങി പ്രദേശങ്ങളുടങ്ങുന്ന തമിഴ‌്നാടിന്റെ വടക്കൻ മേഖലയിൽ കാര്യമായ സ്വാധീനമുള്ള പാർടിയായിരുന്നു പിഎംകെ. വണ്ണിയർ സമുദായത്തെ വച്ച‌് വോട്ടുബാങ്ക‌് രാഷ‌്ട്രീയം കളിക്കുന്നതല്ലാതെ ആ സമുദായത്തിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ ഉന്നമനത്തിൽ പാർടി നേതൃത്വത്തിനോ അതിന്റെ ജനപ്രതിനിധികൾക്കോ ഒരു താൽപ്പര്യവുമില്ലെന്ന വിമർശനം പാർടിക്കുള്ളിൽ ശക്തമായിരുന്നു. ഉത്തരേന്ത്യയിലെ ഖാപ‌് പഞ്ചായത്തിന്റെ മാതൃകയിലുള്ള വിപുലീകരിക്കപ്പെട്ട ഖാപ‌് ആയി പിഎംകെ അധഃപതിച്ചുവെന്ന ശക്തമായ വികാരം പാർടി അണികളിലുണ്ടായി. തമിഴ‌്നാട്ടിലാകെ വീശിയടിച്ച ബിജെപി വിരുദ്ധ–-എഐഎഡിഎംകെ വിരുദ്ധ വികാരവും കൂടി ചേർന്നപ്പോൾ പിഎംകെയുടെ പതനം പൂർത്തിയായി.

എഐഎഡിഎംകെ നേതാക്കളിൽ ഏറ്റവും വലിയ തോൽവി നേരിടേണ്ടിവന്നത‌്  ലോക‌്സഭാ ഡെപ്യൂട്ടി സ‌്പീക്കർ കൂടിയായ എം തമ്പിദുരൈക്കാണ‌്. കരൂർ മണ്ഡലത്തിൽ 420546 വോട്ടിനാണ‌് കോൺഗ്രസ‌് സ്ഥാനാർഥി എസ‌് ജ്യോതിമണിയോട‌് തമ്പിദുരൈ പരാജയപ്പെട്ടത‌്. ശ്രദ്ധേയമായ മറ്റൊരു തോൽവി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പൊൻ രാധാകൃഷ‌്ണന്റേതാണ‌്. കന്യാകുമാരി മണ്ഡലത്തിൽ സിറ്റിങ‌് എംപിയായിരുന്ന അദ്ദേഹം കോൺഗ്രസ‌് സ്ഥാനാർഥിയായ എച്ച‌് വസന്തകുമാറിനോട‌് 259933 വോട്ടിനാണ‌് പരാജയപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top