04 December Friday

ബിഹാർ തെരഞ്ഞെടുപ്പ്‌ : ആദ്യഘട്ടത്തിൽ പ്രതീക്ഷ മഹാസഖ്യത്തിന്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020


പട്‌ന
ഒന്നാം ഘട്ടം പോളിങ്‌ കണക്കുകൾ പൂർണമായി പുറത്തുവരുമ്പോൾ മഹാസഖ്യം ക്യാമ്പിൽ ആഹ്ലാദം. തെരഞ്ഞെടുപ്പ്‌ കമീഷന്റെ കണക്കുപ്രകാരം 55.69 ശതമാനമാണ്‌ ആദ്യ ഘട്ടത്തിലെ പോളിങ്‌. കോവിഡ്‌ നിയന്ത്രണങ്ങൾക്കിടയിലും  മുൻകാലങ്ങളെ അപേക്ഷിച്ച്‌ ഉയർന്ന പോളിങ്ങുണ്ടായത്‌ മാറ്റത്തിന്റെ സൂചനയായി മഹാസഖ്യം  വിലയിരുത്തുന്നു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പ്‌ നടന്ന മേഖലയിൽ 54.94 ശതമാനമായിരുന്നു പോളിങ്‌. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 53.54 ശതമാനവും.

എൽജെപിയുടെ സാന്നിധ്യം  പല മണ്ഡലങ്ങളിലും പരമ്പരാഗത സവർണ വോട്ടുകൾ എൻഡിഎയ്‌ക്ക്‌ നഷ്ടമാക്കിയതായി തെരഞ്ഞെടുപ്പ്‌ നിരീക്ഷകർ വിലയിരുത്തുന്നു. സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട ബിജെപി വിമതരെയാണ് ജെഡിയുവിനെതിരായി എൽജെപി പലയിടത്തും രംഗത്തിറക്കിയത്‌. താഴെത്തട്ടിലെ ബിജെപി പ്രവർത്തകർ പരസ്യമായി  ഇവർക്കായി പ്രവർത്തിച്ചു.

നിതീഷിനെതിരായ ഭരണവിരുദ്ധവികാരവും വോട്ടെടുപ്പിൽ പ്രതിഫലിച്ചു.  വോട്ടെടുപ്പിന്‌ തലേന്നത്തെ മുംഗെർ പൊലീസ്‌ വെടിവയ്‌പും ആദ്യഘട്ടത്തെ സ്വാധീനിച്ചു. ബിജെപിയുടെ ശക്തികേന്ദ്രമായ മുംഗെർ ജില്ലയിൽ പോളിങ്‌ കുത്തനെ കുറഞ്ഞു. ജെഡിയു ബന്ധം ആരോപിക്കപ്പെടുന്ന എസ്‌പി ലിപി സിങ്ങാണ്‌ വെടിവയ്‌പിന്‌ ഉത്തരവാദിയെന്ന്‌ ആക്ഷേപമുള്ളതിനാൽ സർക്കാരിനെതിരായി ജനവികാരം.

നിതീഷിനൊപ്പമായിരുന്ന തീവ്രപിന്നോക്ക വിഭാഗ (ഇബിസി)വും മഹാദളിതരും എൻഡിഎയെ കൈവിട്ടു. ഈ വിഭാഗങ്ങളിലെ യുവവോട്ടർമാർ  ഇടതുപക്ഷമുള്ള മഹാസഖ്യത്തിന്റെ തൊഴിൽ വാഗ്‌ദാനത്തിൽ ആകൃഷ്ടരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top