13 October Sunday
നാലിരട്ടിവരെ വിലയീടാക്കി വില്പന

പാൽ വിപണിയിലും പശുരാഷ്ട്രീയം കലരുന്നു; വേർതിരിവ് വിലക്കിയ ഉത്തരവ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിൻവലിച്ചു

സ്വന്തം ലേഖകൻUpdated: Saturday Aug 31, 2024

ന്യൂഡൽഹി> പാലും പാലുൽപന്നങ്ങളും എ1, 2 എന്ന് വേർതിരിച്ച് ലേബൽ ചെയ്ത് വിപണിയിൽ എത്തിക്കുന്നത് തടഞ്ഞുള്ള ഉത്തരവ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി പിൻവലിച്ചു. ഓഗസ്റ്റ് 21 ന് പുറത്തിറക്കിയ ഉത്തരവാണ് തിടുക്കപ്പെട്ട് പിൻവലിച്ചത്. പാൽ വിപണിയിലെ വമ്പൻ കമ്പനികളുടെ സമ്മർദ്ദത്തിനും വിപണന തന്ത്രങ്ങളിലെ പുതിയ രാഷ്ട്രീയ കലർപ്പിനും ഇടയിലാണ് നടപടി.

ഭക്ഷ്യസുരക്ഷയും വിപണനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ദേശീയ ഏജന്‍സിയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ).

 

വേർതിരിവ് വിലക്കിയതും പിൻവലിച്ചതും എന്തിനായിരുന്നു

എ1, എ2 എന്നൊരു മാനദണ്ഡം എഫ്എസ്എസ്എഐ നിശ്ചയിക്കുകയോ നിര്‍ണയിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ പാലും പാലുത്പന്നങ്ങളും എ1 എ2 എന്നു ലേബല്‍ ചെയ്ത് വിപണനം നടത്തുന്നതില്‍നിന്ന് രാജ്യത്തെ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ ഉടനടി പിന്മാറണമെന്നാണ് കേന്ദ്ര ഭക്ഷ്യസുരക്ഷ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഉത്തരവിറക്കിയത്.

ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്ന ഇ -കോമേഴ്‌സ് സ്ഥാപനങ്ങള്‍ തങ്ങളുടെ വ്യാപാര വെബ്‌സൈറ്റുകളില്‍നിന്ന് എ1, എ2 അവകാശവാദങ്ങള്‍ ഉടനടി നീക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഇത്തരത്തിൽ വേർതിരിവ് നടത്തി ഉയർന്ന വില ഈടാക്കിയിരുന്നത് ഉത്തരവ് വന്നതോടെ പ്രതിസന്ധിയിലായി. ഒരാഴ്ചയ്ക്കകം ഉത്തരവ് പിൻവലിക്കപ്പെട്ടു.

പശു രാഷ്ട്രീയം പാൽ വിലയിലും കലർത്തി വിൽക്കുന്നു

പാലിന്റെ ഗുണത്തിലോ മേന്മയിലോ എ1 പാലും എ2 പാലും തമ്മില്‍ ശാസ്ത്രീയമായി വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല. നാടന്‍ ജനുസ് പശുക്കള്‍ ചുരത്തുന്ന പാലിന് ഗുണവും രോഗപ്രതിരോധശേഷിയുമെല്ലാമുണ്ടെന്ന് പ്രചരിപ്പിച്ച് ഉയര്‍ന്നവിലയ്ക്ക് വിപണനം നടത്തുകയാണ് ചെയ്തിരുന്നത്.

പാലിലെ പ്രോട്ടീന്‍ വ്യത്യാസമാണ് എ1, എ2 എന്ന തരംതിരിവിന് അടിസ്ഥാനമാക്കിയിരുന്നത്. എന്നാല്‍ കൊഴുപ്പ് പ്രധാന ഘടകമായ വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ ഉത്പന്നങ്ങളും എ2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ ഉയർന്ന വിലയ്ക്ക് വില്പന നടത്തി വരുന്നു.

 

നാടൻ പശുവിനെ വിശുദ്ധമാക്കിയ വിപണി തന്ത്രം

വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശാസ്ത്രീയമാക്കുകയായിരുന്നു എഫ്എസ്എസ്എഐ ഏകീകരിക്കൽ ഉത്തരവിലൂടെ ചെയ്തത്. പക്ഷെ പിൻ വലിക്കേണ്ടി വന്നു.

എ2 പാലിന് ഗുണമേന്മയും രോഗപ്രതിരോധശേഷിയുമുണ്ടെന്നു വാദിക്കുന്നർ ഗോ സംരക്ഷകരിലും പശുസംരക്ഷണ സംഘടനകളിലുമുണ്ട്. എ1 ബീറ്റ കേസീനുള്ള പാൽ കാരണം ടൈപ്പ്-1പ്രമേഹം, ഹൃദ്രോഗം, ഓട്ടിസം എന്നിവയ്ക്ക് സാധ്യതയുണ്ടാവാം എന്നാണ് ഇവരുടെ പ്രചാരണം. ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.

പാലിലെ ഏറ്റവും പ്രധാന മാംസ്യതൻമാത്രയായ ബീറ്റാ കേസീന്‍ എന്ന പ്രോട്ടീനിന്റെ ഘടനയിലെ ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണ് എ1, എ2 വ്യത്യാസത്തിന്റെ അടിസ്ഥാനം. പാലിന്റെ ഗുണത്തിലോ മേന്മയിലോ എ1 പാലും എ2 പാലും തമ്മില്‍ ശാസ്ത്രീയമായി  വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല. ഈ സാഹചര്യത്തിൽ വേർതിരിവ് ചില ധാരണകളുടെയും വിശ്വാസങ്ങളുടെയും പുറത്തായിരുന്നു.

ഇതിനെ വിപണിയിൽ അനുകൂലമാക്കി നിർത്തുകയാണ് വമ്പൻ ഡയറി കമ്പനികൾ ചെയ്തു പോന്നിരുന്നത്. 766 രൂപയ്ക്ക് വിൽക്കുന്ന പശു നെയ്യ് എ2 ലേബലിട്ട് 2,790 രൂപ വരെ ഈടാക്കി വിൽക്കുന്നുണ്ട്.

പാലിന്റെ സൂക്ഷിപ്പും സാന്ദ്രീകരണവും സംരക്ഷണവുമായി ബന്ധപ്പെട്ട പ്രക്രിയ അനുസരിച്ചാണ് ഇതര വേർതിരിവുകൾ. ഇത്തരം പ്രക്രിയകൾക്ക് അനുസരിച്ച് വില വ്യത്യാസം നിലവിലുള്ളവയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top