14 July Tuesday

ഒരുവർഷം പൂർത്തിയാക്കി രണ്ടാം മോഡി സർക്കാർ ; തൊഴിൽ നിയമങ്ങള്‍ തച്ചുടച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


ന്യൂഡൽഹി 
ബ്രിട്ടീഷ്‌ ഭരണകാലത്തെ അവസ്ഥയിലേക്ക്‌ രാജ്യത്തെ തൊഴിലാളികളെ എത്തിക്കാനാണ്‌ രണ്ടാം മോഡിസർക്കാർ ശ്രമിക്കുന്നത്‌. രാജ്യാന്തരതൊഴിൽവ്യവസ്ഥകൾ ഇന്ത്യയിൽ അട്ടിമറിക്കുന്നതിൽ ഐഎൽഒ ഡയറക്ടർ ജനറൽ ഗൈ റൈഡർക്ക് പ്രധാനമന്ത്രിയെ നേരിട്ട്‌ ആശങ്ക അറിയിക്കേണ്ടിവന്നു.സംഘപരിവാർ ട്രേഡ്‌ യൂണിയനായ ബിഎംഎസ് പോലും എതിര്‍പ്പറിയിച്ചു., തൊഴില്‍‌ മന്ത്രാലയവും വിവിധ സംസ്ഥാന സർക്കാരുകളും ഇറക്കുന്ന തൊഴിലാളിവിരുദ്ധ ഉത്തരവുകളെക്കുറിച്ച് പ്രധാനമന്ത്രി  മിണ്ടുന്നില്ല. രാജ്യത്തെ 44 തൊഴിൽനിയമത്തെ നാല്‌ കോഡാക്കി മാറ്റാനാണ് ശ്രമം. രണ്ടാം മോഡിസർക്കാർ അധികാരത്തിൽ വന്നയുടൻ രണ്ട്‌ കോഡിന്റെ ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഇതിൽ വേതനം സംബന്ധിച്ച കോഡിൽ മിനിമം വേതനം, തൊഴിൽസമയം എന്നിവയെക്കുറിച്ച്‌ വ്യക്തതയില്ല. തൊഴിൽസമയം നിശ്ചയിക്കാൻ സർക്കാരിന്‌ അവകാശം വിട്ടുകൊടുത്തിരിക്കയാണ്‌.

ഫാക്ടറീസ്‌ നിയമം, കരാർ തൊഴിൽനിയമം, അന്തർസംസ്ഥാന കുടിയേറ്റത്തൊഴിലാളി നിയമം തുടങ്ങി 13 നിയമം ഏകോപിപ്പിച്ചാണ്‌ രണ്ടാം കോഡ്‌. നിക്ഷേപം ആകർഷിക്കാനെന്നപേരിൽ കോർപറേറ്റുകളെ പ്രീണിപ്പിക്കുന്നവിധത്തിലാണ്‌ ഈ കോഡും. ട്രേഡ്‌ യൂണിയനുകൾ പ്രതിഷേധം ഉയർത്തിവരവെയാണ്‌ കോവിഡ്‌ കടന്നുവന്നത്‌. തൊഴിൽ സംരക്ഷണനിയമങ്ങൾ ഒറ്റയടിക്ക്‌ അട്ടിമറിക്കാനുള്ള അവസരമായാണ്‌ ഇതിനെ കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും കണ്ടത്‌. ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌, ഗുജറാത്ത്‌ സംസ്ഥാനങ്ങളിൽ തൊഴിൽ നിയമങ്ങൾ മൂന്നു വർഷത്തേക്ക്‌ മരവിപ്പിച്ചു. എട്ട്‌ സംസ്ഥാനത്ത്‌ തൊഴിൽസമയം എട്ടിൽനിന്ന്‌ 12 മണിക്കൂറാക്കി. ഫാക്ടറീസ്‌ നിയമത്തിനു വിരുദ്ധമായാണ്‌ സംസ്ഥാന സർക്കാരുകൾ ഇതിനുള്ള ഉത്തരവ്‌ ഇറക്കിയത്‌. മൗനം വഴി ഈ നടപടിക്ക്‌ പരോക്ഷപിന്തുണ നൽകുകയാണ്‌ കേന്ദ്രം ചെയ്‌തത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top