29 February Saturday

ആഭ്യന്തരം അമിത‌് ഷാ ; നിർമലയ‌്ക്ക‌് ധനകാര്യം, രാജ‌്നാഥിന‌് പ്രതിരോധം എ‌സ‌് ജയശങ്കറിന‌് വിദേശകാര്യം

എം അഖിൽUpdated: Saturday Jun 1, 2019

ന്യൂഡൽഹി
രണ്ടാം മോഡി സർക്കാരിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത‌് ഷാ ആഭ്യന്തരവകുപ്പ‌് കൈകാര്യംചെയ്യും. നിർമല സീതാരാമന‌് ധനകാര്യവും രാജ‌്നാഥ‌്സിങ്ങിന‌് പ്രതിരോധവും എസ‌് ജയശങ്കറിന‌് വിദേശകാര്യവും നൽകി. പ്രധാനമന്ത്രി ഉൾപ്പെടെ 25 ക്യാബിനറ്റ‌് മന്ത്രിമാരുടെയും സ്വതന്ത്രചുമതലയുള്ള ഒമ്പത‌് മന്ത്രിമാരുടെയും 24 സഹമന്ത്രിമാരുടെയും വകുപ്പുകൾ സംബന്ധിച്ച  രാഷ്ട്രപതിഭവൻ വിജ്ഞാപനമിറക്കി. ആർഎസ‌്എസ‌ുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നിതിൻ ഗഡ‌്കരിക്ക‌് ഉപരിതല ഗതാഗതവും ചെറുകിട, ഇടത്തര വ്യവസായവുംകൊണ്ട‌് തൃപ‌്തിപ്പെടേണ്ടിവന്നു. മുൻ മന്ത്രിസഭയിൽ കൈകാര്യം ചെയ‌്തിരുന്ന ജലവിഭവ, ഷിപ്പിങ‌് മന്ത്രാലയങ്ങൾ അദ്ദേഹത്തിന‌് നഷ്ടമായി.

പ്രധാനമന്ത്രി നരേന്ദ്ര മോഡി പേഴ‌്സണൽ മന്ത്രാലയത്തിന്റെയും ആണവോർജ, ബഹിരാകാശവകുപ്പുകളുടെയും ചുമതല വഹിക്കും.മറ്റ‌് മന്ത്രിമാർക്ക‌് നൽകിയിട്ടില്ലാത്ത വകുപ്പുകളുടെ ചുമതലയും. വി മുരളീധരൻ വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രിയാകും. നാല‌് പതിറ്റാണ്ടോളമായി മോഡിയുടെ വിശ്വസ‌്തനും അഞ്ച‌്‌ വർഷമായി  ബിജെപി ദേശീയ പ്രസിഡന്റുമായിരിക്കെയാണ‌് അമിത‌് ഷാ ആഭ്യന്തരമന്ത്രിപദത്തിൽ എത്തുന്നത‌്. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കുക, അനധികൃതമായി രാജ്യത്ത‌് തങ്ങുന്ന  അഭയാർഥികളെ നാടുകടത്തുക, ജമ്മു കശ‌്മീരിന്റെ പ്രത്യേകപദവി എടുത്തുകളയാനുള്ള നീക്കം വേഗത്തിലാക്കുക തുടങ്ങിയ വിഷയങ്ങൾക്കാകും അമിത‌് ഷായുടെ പ്രഥമപരിഗണനയെന്നാണ‌് വിലയിരുത്തൽ. സൊഹ‌്റാബുദീൻ ഷെയ‌്ഖ്‌, ഇസ്രത്ത‌് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ അമിത‌് ഷാക്കെതിരെ ആക്ഷേപമുയർന്നു. 2010ൽ വ്യാജ ഏറ്റുമുട്ടൽ കേസിൽ അറസ്റ്റിലായ അദ്ദേഹം മൂന്നുമാസം തടവ‌് അനുഭവിച്ചു.

രാജ്യത്ത‌് പൂർണസമയ ധനമന്ത്രിയാകുന്ന ആദ്യ വനിതയാണ‌് നിർമല സീതാരാമൻ. മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധി ധനമന്ത്രാലയത്തിന്റെ താൽക്കാലിക ചുമതല വഹിച്ചിരുന്നു‌. മുഴുവൻസമയ പ്രതിരോധമന്ത്രിയായ ആദ്യ വനിതയും നിർമല സീതാരാമനായിരുന്നു. സാമ്പത്തിക അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പുതിയ ധനമന്ത്രിക്ക‌് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും.

അപ്രതീക്ഷിതമായി  മന്ത്രിസഭയിലെത്തിയ മുൻ വിദേശസെക്രട്ടറി എസ‌് ജയശങ്കർ വിദേശമന്ത്രിയാകും. അരുൺ ജെയ‌്റ്റ‌്‌ലിക്ക‌് പകരം ധനമന്ത്രിയാകുമെന്ന‌് പ്രതീക്ഷിക്കപ്പെട്ടിരുന്ന പിയൂഷ‌് ഗോയലിന‌് റെയിൽവേ, വാണിജ്യമന്ത്രാലയങ്ങൾ ലഭിച്ചു. സ‌്മൃതി ഇറാനിക്ക‌് മുമ്പ‌് കൈകാര്യംചെയ‌്തിരുന്ന ടെക‌്സ‌്റ്റയിൽസ‌് മന്ത്രാലയത്തിന‌ു പുറമെ വനിത–-ശിശുക്ഷേമ മന്ത്രാലയവുംകൂടി നൽകി. നരേന്ദ്രസിങ‌് തോമറിന‌് കൃഷിയും ഡോ. ഹർഷ‌്‌വർധന‌് ആരോഗ്യവും നൽകിയപ്പോൾ പ്രകാശ‌് ജാവ‌്ദേക്കർ വനം–-പരിസ്ഥിതി വകുപ്പിന്റെയും വാർത്താ പ്രക്ഷേപണവകുപ്പിന്റെയും മന്ത്രിയായി. രവിശങ്കർ പ്രസാദ‌് നിയമ, ഐടി മന്ത്രിയായും ധർമേന്ദ്ര പ്രധാൻ പെട്രോളിയം, ഉരുക്ക‌് മന്ത്രിയായും മുഖ‌്താർ അബ്ബാസ‌് നഖ‌്‌വി ന്യൂനപക്ഷക്ഷേമ മന്ത്രിയായും തുടരും.  ഗോസംരക്ഷണം ലക്ഷ്യമിട്ട‌് രൂപീകരിച്ച മൃഗപരിപാലന, ക്ഷീരവികസന, ഫിഷറീസ‌് മന്ത്രാലയത്തിന്റെ ചുമതല വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദം സൃഷ്ടിച്ച ഗിരിരാജ‌്സിങ്ങിന‌് നൽകി.

ഫിഷറീസിന‌ുവേണ്ടി പ്രത്യേക മന്ത്രാലയമെന്ന ആശയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ മുന്നോട്ടുവച്ചിരുന്നു. അമൃത‌്സറിൽനിന്ന‌് പരാജയപ്പെട്ടെങ്കിലും ഹർദീപ‌്സിങ‌് പുരിക്ക‌് വ്യോമയാനത്തിന്റെയും നഗരവികസന, ഭവനമന്ത്രാലയങ്ങളുടെയും സ്വതന്ത്രചുമതല നൽകി.

മാനവ വിഭവശേഷി രമേഷ‌് പൊക്രിയാൽ നിഷാങ്കും പാർലമെന്ററികാര്യ, കൽക്കരി മന്ത്രാലയങ്ങൾ പ്രഹ്ലാദ‌് ജോഷിയും ആദിവാസിക്ഷേമം -അർജുൻ മുണ്ടയും  ഉപഭോക്തൃകാര്യ, ഭക്ഷ്യപൊതുവിതരണം  -രാംവിലാസ‌് പസ്വാനും തൊഴിൽമന്ത്രാലയം സന്തോഷ‌്ഗ്യാങ‌്‌വറും കൈകാര്യംചെയ്യും. പുതുതായി രൂപീകരിച്ച ജലശക്തി മന്ത്രാലയത്തിന്റെ ചുമതല ഗജേന്ദ്രസിങ‌് ശെഖാവത്തിനാണ‌്.


പ്രധാന വാർത്തകൾ
 Top