04 June Sunday

രാഹുലിന്റെ അയോഗ്യത ; നിരീക്ഷിക്കുകയാണെന്ന്‌ ജർമനി ; കേന്ദ്രത്തിന് രോഷം

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023


ന്യൂഡൽഹി
കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന്‌ അയോഗ്യനാക്കിയത്‌ നിരീക്ഷിച്ചുവരികയാണെന്ന പ്രതികരണവുമായി അമേരിക്കയ്‌ക്കു പിന്നാലെ ജർമനിയും. വിഷയത്തില്‍ ജുഡീഷ്യൽ സ്വാതന്ത്രവും ജനാധിപത്യമൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഇടപെടല്‍ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ജർമൻ വിദേശ മന്ത്രാലയ വക്താവ്‌ അന്നാലീന ബെയർബോക്ക്‌ പ്രതികരിച്ചു.

നിയമവാഴ്ചയോടും ജുഡീഷ്യൽ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനം ജനാധിപത്യത്തിന്റെയും ആണിക്കല്ലാണെന്നും രാഹുലിന്റെ കാര്യത്തില്‍ അതിന് അനുസൃതമായ നടപടിയുണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്നും യുഎസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാർട്ട്‌മെന്റ്‌ വക്താവ്‌ വേദാന്ത്‌ പട്ടേൽ തിങ്കളാഴ്‌ച പ്രതികരിച്ചിരുന്നു. യൂറോപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായ ജർമനിയുടെ പ്രതികരണം തിരിച്ചടിയായതോടെ അമർഷം പ്രകടിപ്പിച്ച്‌ കേന്ദ്ര സർക്കാർ രംഗത്തെത്തി.

ആഭ്യന്തരവിഷയത്തിൽ വിദേശ ഇടപെടൽ അനുവദിക്കില്ലെന്ന്‌ നിയമമന്ത്രി കിരൺറിജിജു രോഷം പ്രകടിപ്പിച്ചു. രാഹുൽ വിദേശ രാജ്യങ്ങളെ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലേക്ക്‌ വിളിച്ചുവരുത്തുകയാണെന്നും റിജിജു ട്വീറ്റുചെയ്‌തു. ജർമനിയുടെ പിന്തുണ കോൺഗ്രസ്‌ നേതാവ്‌ ദിഗ്‌ വിജയ്‌സിങ്‌ സ്വാഗതം ചെയ്‌തതും വിവാദമായി. അദാനി വിഷയത്തിൽനിന്ന്‌ ശ്രദ്ധ തിരിച്ചുവിടാനാണ്‌ കേന്ദ്രമന്ത്രി അനാവശ്യ കോലാഹലംഉണ്ടാക്കുന്നതെന്ന്‌ കോൺഗ്രസ്‌ ദേശീയ വക്താവ്‌ പവൻഖേര ട്വീറ്റ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top