14 July Tuesday

ഹൈക്കോടതികളുടെ അധികാരം ചോദ്യം ചെയ്‌ത്‌ കേന്ദ്രം ; ഹൈക്കോടതികൾ സമാന്തരസർക്കാർ ചമയുകയാണെന്ന്‌ തുഷാർമെഹ്‌ത

എം അഖിൽUpdated: Sunday May 31, 2020

ബിഹാറിലെ പട്‌നയിൽ നിന്ന്‌ സ്വന്തം നാടുകളിലേക്ക്‌ പോകാനായി ദനാപുർ റെയിൽവേ സ്‌റ്റേഷനിൽ തിരക്കുകൂട്ടുന്ന അതിഥിത്തൊഴിലാളികൾ


ന്യൂഡൽഹി
അടച്ചുപൂട്ടലിനെ തുടർന്ന്‌ ദുരിതത്തിലായ അതിഥിത്തൊഴിലാളികളെ സഹായിക്കാൻ ഇടപെടുന്ന ഹൈക്കോടതികളുടെ അധികാരം ചോദ്യംചെയ്‌ത്‌ കേന്ദ്രസർക്കാർ. ‘ഹൈക്കോടതികൾ സമാന്തരസർക്കാർ ചമയുക’യാണെന്നാണ് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർമെഹ്‌ത സുപ്രീംകോടതിയില്‍ പറഞ്ഞത്. അതിഥിത്തൊഴിലാളികളെ സംരക്ഷിക്കാന്‍ സ്വമേധയാ നടപടി തുടങ്ങിയ സുപ്രീംകോടതി മൂന്നംഗ ബഞ്ച്‌ മുമ്പാകെയാണ് ഹൈക്കോടതി ഇടപെടലുകളിലെ അസഹിഷ്ണുത കേന്ദ്രം പ്രകടിപ്പിച്ചത്.

ഭരണഘടനയുടെ 226–-ാം അനുച്ഛേദപ്രകാരം മൗലികാവകാശം സംരക്ഷിക്കുന്നതിന് ഹൈക്കോടതികൾക്ക്‌ വിശാല അധികാരമുണ്ട്. ഇതം​ഗീകരിക്കാതെയാണ് കേന്ദ്രനീക്കം. 19 ഹൈക്കോടതികൾ അതിഥിത്തൊഴിലാളികളുടെ പ്രശ്‌നം പരിഗണിക്കുന്നുണ്ട്‌. അലഹാബാദ്‌, ആന്ധ്രപ്രദേശ്‌, ബോംബെ, കൽക്കട്ട, ഡൽഹി, ഗുവാഹത്തി, ഹിമാചൽപ്രദേശ്‌, കേരളം, കർണാടകം, ഗുജറാത്ത്‌, ജാർഖണ്ഡ്‌, മദ്രാസ്‌, മണിപ്പുർ, മേഘാലയ, പട്‌ന, ഒറീസ, സിക്കിം, തെലങ്കാന, ഉത്തരാഖണ്ഡ്‌ ഹൈക്കോടതികളിൽ നടപടികൾ പുരോഗമിക്കുകയാണ്‌. ചില ഹൈക്കോടതികൾ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക്‌ നിരവധി നിർദേശം നൽകി‌. പലായനവുമായി ബന്ധപ്പെട്ട ഹർജികൾ ആദ്യഘട്ടത്തില്‍ സുപ്രീംകോടതി തുടർച്ചയായി തള്ളിയ അവസരത്തിലാണ്‌ ഹൈക്കോടതികൾ സജീവമായി ഇടപെട്ടത്‌‌.ആദ്യഘട്ടത്തില്‍ സുപ്രീംകോടതി ഹർജികൾ പരിഗണിച്ചപ്പോള്‍-  ‘ഒരൊറ്റ തൊഴിലാളിപോലും ഇപ്പോൾ റോഡിൽ ഇല്ല’ –- എന്ന് സോളിസിറ്റർജനറൽ വീരവാദം മുഴക്കി. ഇതം​ഗീകരിച്ച് ഹർജികൾ തള്ളി‌. എന്നാല്‍, കേന്ദ്രത്തിന്റെ അവകാശവാദം തെറ്റാണെന്ന് മാധ്യമറിപ്പോര്‍ട്ടുകളിലൂടെയുംമറ്റും ബോധ്യപ്പെട്ടതോടെയാണ് പൊതുസമൂഹത്തിന്റെ നിരന്തരഅഭ്യർഥനകൂടി പരി​ഗണിച്ച് സുപ്രീംകോടതി വീണ്ടും വിഷയത്തില്‍ ഇടപെട്ട് കേന്ദ്രത്തിന് കര്‍ശന നിര്‍ദേശം നല്‍കിയത്.
 


 

കേന്ദ്രത്തിന് വേണ്ടി തുഷാർമെഹ്‌ത സുപ്രീംകോടതിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാ അതിരും ലംഘിക്കുന്നതാണെന്ന്‌ ‘ഇന്ത്യൻ എക്‌സ്‌പ്രസ്‌’ മുഖപ്രസംഗം ചൂണ്ടിക്കാട്ടി.അതിഥിത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്നവർ സർവനാശത്തിന്റെ പ്രവാചകന്മാരാണെന്നും രാജ്യത്തോട്‌ ബഹുമാനം ഇല്ലാത്തവരാണെന്നും മറ്റുമുള്ള വാദം ഔചിത്യമില്ലാത്തതാണ്.  70 ദിവസം 12 സംസ്ഥാനങ്ങളിൽ 15,000 കിലോമീറ്റർ അതിഥിത്തൊഴിലാളികൾക്ക്‌ ഒപ്പം സഞ്ചരിച്ച മാധ്യമപ്രവർത്തകയെന്ന നിലയിൽ സോളിസിറ്റർ ജനറലിന്റെ അവകാശവാദങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന്‌  പ്രമുഖ മാധ്യമപ്രവർത്തക ബർക്കാദത്ത് ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരും സോളിസിറ്റർ ജനറലും സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന്‌  കോൺഗ്രസ് പ്രതികരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top