04 December Friday

ജമ്മു -കശ്‌മീരിൽ മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ റെയ്‌ഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


ന്യൂഡൽഹി
ഭീകരവാദ പ്രവർത്തനങ്ങൾക്ക്‌ പണമെത്തുന്നതുമായി ബന്ധപ്പെട്ട്‌ ജമ്മു കശ്‌മീരിലും ബംഗളൂരുവിലും ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) റെയ്‌ഡ്‌ നടത്തി. സന്നദ്ധ സംഘടനകളുടെയും ഗ്രേറ്റർ കശ്‌മീർ പത്രത്തിന്റെയും ഓഫീസുകളിലടക്കം പതിനൊന്നിടത്തായിരുന്നു‌ ബുധനാഴ്‌ച പരിശോധന. 

മനുഷ്യാവകാശ പ്രവർത്തകനും ജമ്മു കശ്മീർ കോലിഷൻ ഓഫ്‌ സിവിൽ സൊസൈറ്റി കോ-–-ഓർഡിനേറ്ററുമായ ഖുറാം പർവേശിന്റെ വീട്ടിലും ഓഫീസിലും റെയ്‌ഡ്‌ നടന്നു. സംഘടനയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന പർവേശ്‌ അഹമ്മദ്‌ ബുഖാരി, പർവേശ്‌ അഹമ്മദ്‌ മാട്ട, ബംഗളൂരിലുള്ള സ്വാതി ശേഷാദ്രി എന്നിവരുടെ വീടുകളിലും റെയ്‌ഡുണ്ടായി. കാണാതായവരുടെ മാതാപിതാക്കളുടെ അസോസിയേഷന്റെ അധ്യക്ഷ പർവീന അഹാംഗർ, സന്നദ്ധസംഘടന അത്രട്ട്‌, ഗ്രേറ്റർ കൈലാഷ്‌ ട്രസ്‌റ്റ്‌ എന്നിവരുടെ ഓഫീസുകളിലും  റെയ്‌ഡ്‌ നടത്തി.

കുറ്റകരമായ നിരവധി രേഖകളും ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും  പിടിച്ചെടുത്തെന്ന്‌ എൻഐഎ വക്താവ്‌ പറഞ്ഞു. വെളിപ്പെടുത്താത്ത സ്രോതസ്സുകളിൽനിന്ന്‌ ഇവർക്ക്‌ പണം ലഭിക്കുന്നുണ്ടെന്നും അത്‌ ഭീകരപ്രവർത്തനങ്ങൾക്ക്‌ ഉപയോഗിക്കുന്നുണ്ടെന്നും എൻഐഎ ആരോപിച്ചു.  കേന്ദ്രസർക്കാരിന്റെ അടിച്ചമർത്തൽ ശ്രമമാണ്‌ റെയ്‌ഡുകളെന്ന്‌ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി ട്വീറ്റ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top