23 November Monday

സംവരണമില്ല; എല്ലാം കരാർ ; സ്വകാര്യവൽക്കരണം സംവരണം അട്ടിമറിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


ന്യൂഡൽഹി
രാജ്യത്ത്‌ സംവരണനിയമനങ്ങൾക്ക്‌ ഏറ്റവും തടസ്സം കേന്ദ്രസർക്കാർ പിന്തുടരുന്ന സ്വകാര്യവൽക്കരണവും കരാർ തൊഴിൽ സമ്പ്രദായവും. ബിജെപി സർക്കാരിന്റെ കാലത്ത്‌ ഇത് ‌രണ്ടും വർധിച്ചു. സാമ്പത്തികസംവരണത്തിന്റെ പേരിൽ തെറ്റിദ്ധാരണ പടർത്തുന്നവർ സംവരണത്തെ അട്ടിമറിക്കുന്ന ഈ നയങ്ങളോട്‌ നിശ്ശബ്ദരാണ്‌.

കേന്ദ്രസർവീസിൽ എട്ടരലക്ഷത്തോളം തസ്‌തികയിൽ നിയമനം നടത്താനുണ്ട്‌. ഇതിൽ അധികവും ‘ ഗ്രൂപ്പ് സി’, ‘ഗ്രൂപ്പ്‌ ഡി ’ തസ്‌തികകളാണ്‌. റെയിൽവേ അടക്കമുള്ള വകുപ്പുകളിൽ ‘ഗ്രൂപ്പ്‌ ഡി’ തസ്‌തിക കൂട്ടത്തോടെ നിർത്തലാക്കുന്നു. കേന്ദ്രസർവീസുകളിൽ മൂന്നരലക്ഷത്തോളം പേരെയാണ്‌ കരാർഅടിസ്ഥാനത്തിൽ നിയമിച്ചത്‌. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും കരാർസമ്പ്രദായം വ്യാപകമാണ്‌. 

പൊതുമേഖലയുടെ സ്വകാര്യവൽക്കരണം വഴിയും ലക്ഷക്കണക്കിന്‌ സംവരണതസ്‌തികകൾ ഇല്ലാതാകുന്നു. വിദ്യാഭ്യാസമേഖലയുടെ സ്വകാര്യവൽക്കരണവും വാണിജ്യവൽക്കരണവും സംവരണം നിഷേധിക്കുന്നു. സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കണമെന്നത്‌ സിപിഐ എം കാലങ്ങളായി ഉയർത്തുന്ന ആവശ്യമാണ്‌. മുന്നോക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവർക്ക്‌ 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടന ഭേദഗതിബിൽ രാജ്യസഭയിൽ വന്നപ്പോഴും സിപിഐ എം അംഗങ്ങൾ ഇതിനുവേണ്ടി പ്രമേയം അവതരിപ്പിച്ചു. എന്നാൽ, ഭൂരിപക്ഷം രാഷ്ട്രീയകക്ഷികളും ഇതിനോട്‌ പുറംതിരിഞ്ഞുനിന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top