18 October Friday
മാധ്യമവിലക്കിൽ ഒരാഴ്‌ചയ്‌ക്കകം നിലപാട്‌ വ്യക്തമാക്കാൻ നിർദേശം

കശ്‌മീരിൽ കേന്ദ്രത്തിന്‌ സുപ്രീംകോടതി നോട്ടീസ്‌ ; ഹർജികൾ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌

എം അഖിൽUpdated: Thursday Aug 29, 2019


ന്യൂഡൽഹി 
ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട്‌  പ്രദേശങ്ങളാക്കി വിഭജിക്കുകയുംചെയ്‌ത കേന്ദ്രസർക്കാർ നടപടി ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടു. ഒക്ടോബറിൽ വാദംകേൾക്കും. ചീഫ്‌ ജസ്റ്റിസ്‌ രഞ്ജൻ ഗൊഗോയ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ കേന്ദ്രസർക്കാരിന്‌ നോട്ടീസും അയച്ചു.

സുപ്രീംകോടതി ഇടപെടൽ അന്താരാഷ്ട്രതലത്തിലും അതിർത്തിക്കപ്പുറത്തും വൻ പ്രത്യാഘാതം ഉണ്ടാക്കുമെന്ന്‌ സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയും വാദിച്ചു. കോടതി നടത്തുന്ന ഒരോ പരാമർശവും ശത്രുക്കൾ ഐക്യരാഷ്ട്രസഭയ്‌ക്ക്‌ അയച്ചുകൊടുക്കുമെന്നും അവർ പറഞ്ഞു. എന്നാൽ, ജസ്റ്റിസുമാരായ എസ്‌ എ ബോബ്ഡെ, എസ്‌ അബ്ദുൾ നസീർ എന്നിവർകൂടി അംഗങ്ങളായ ബെഞ്ച്‌ സർക്കാർ വാദങ്ങൾ തള്ളി. ‘ഞങ്ങൾക്ക്‌ ഞങ്ങളുടെ ജോലി അറിയാം’ എന്ന നിരീക്ഷണത്തോടെയാണ്‌  നോട്ടീസയച്ചത്‌. ഔദ്യോഗികമായി നോട്ടീസ്‌ അയക്കരുതെന്ന്‌ എജിയും എസ്‌ജിയും അപേക്ഷിച്ചെങ്കിലും  ചെവിക്കൊണ്ടില്ല. ഉത്തരവ്‌ പുറപ്പെടുവിച്ചെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു.

താഴ്‌വരയിൽ ഏർപ്പെടുത്തിയ മാധ്യമവിലക്കിനെതിരെ ‘കശ്‌മീർ ടൈംസ്‌’ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ അനുരാധ ഭാസിൻ സമർപ്പിച്ച ഹർജിയിലും കേന്ദ്രസർക്കാരിന്‌ നോട്ടീസയച്ചു. ഒരാഴ്‌ചയ്‌ക്കകം നിലപാട്‌ വ്യക്തമാക്കാനാണ്‌ നിർദേശം. രണ്ടു തവണ ഹർജി പരിഗണിച്ച അവസരത്തിലും നിയന്ത്രണങ്ങൾ നീക്കാൻ സർക്കാരിന്‌ സമയം അനുവദിക്കാമെന്ന നിലപാടാണ്‌ കോടതി സ്വീകരിച്ചത്‌. എന്നാൽ, ഇക്കുറി കടുത്ത നടപടികളിലേക്ക്‌ കടന്നു.

അഭിഭാഷകരായ മനോഹർലാൽ ശർമ, ഷക്കീർ ഷാബീർ, വിനീത്‌ ദണ്ഡ, ഐഎഎസ്‌ ഉദ്യോഗസ്ഥനായിരുന്ന ഷാ ഫൈസൽ, ജെഎൻയു വിദ്യാർഥി നേതാവ്‌ ഷെഹ്‌ല റഷീദ്‌, നാഷണൽ കോൺഫറൻസ്‌ എംപിമാരായ മുഹമ്മദ്‌ അക്‌ബർ ലോൺ, ഹസ്‌നൈൻ മസൂദി, കശ്‌മീരി കലാകാരൻ ഇന്ദർസലീം, കശ്‌മീർ നിവാസി സെയെബ്‌ ഖുറേഷി എന്നിവരുടെ ഹർജികളാണ്‌ കോടതി പരിഗണിച്ചത്‌. സർക്കാർ നടപടിയെ അനുകൂലിച്ചുള്ള ഹർജിയാണ്‌ അഭിഭാഷകൻ വിനീത്‌ ദണ്ഡയുടേത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top