27 June Thursday

പുതിയ അധ്യക്ഷനെ തേടി ബിജെപി, അമിത‌് ഷാ മന്ത്രിയാകും,പ്രധാനവകുപ്പുവേണമെന്ന് ശിവസേന

എം അഖിൽUpdated: Tuesday May 28, 2019



ന്യൂഡൽഹി
അമിത‌് ഷാ കേന്ദ്ര മന്ത്രിയാകുന്നതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ച ബിജെപിയിൽ സജീവം. കേന്ദ്രത്തില്‍ പുതിയ മന്ത്രിസഭ വരുന്നതോടെ  ബിജെപി സംഘടനാതലത്തിലും കാര്യമായ അഴിച്ചുപണിയുണ്ടാകും. മുൻമന്ത്രിമാരായ ജെ പി നദ്ദ,  ധർമേന്ദ്ര പ്രധാൻ എന്നിവര്‍ക്കാണ് പ്രധാന പരി​ഗണന. വ്യാഴാഴ‌്ച വൈകിട്ടാണ‌് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.

നരേന്ദ്ര മോഡിയുടെയും അമിത‌് ഷായുടെയും വിശ്വസ‌്തനായ ധർമേന്ദ്ര പ്രധാൻ 2014 തെരഞ്ഞെടുപ്പിൽ ബിഹാറിന്റെയും 2019ല്‍ ഒഡിഷയുടെയും ചുമതല വഹിച്ചു. ഇരുസംസ്ഥാനത്തും ബിജെപിക്ക‌് നേട്ടമുണ്ടായി. ബിജെപി ദേശീയ സെക്രട്ടറിയും ഹിമാചൽപ്രദേശ‌് എംപിയുമായ ജെ പി നദ്ദ ഇത്തവണ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ ചുമതല വഹിച്ചു. 

എസ‌്പി–-ബിഎസ‌്പി സഖ്യത്തിനെതിരെ ബിജെപി നേട്ടമുണ്ടാക്കിയത് ദേശീയ അധ്യക്ഷനാകാനുള്ള മത്സരത്തില്‍ നദ്ദയ‌്ക്ക് അനുകൂലഘടകമാണ്. കഴിഞ്ഞ തവണ തന്നെ പ്രസിഡന്റ‌് സ്ഥാനത്തേക്ക‌് നദ്ദയുടെ പേര‌് ഉയർന്നിരുന്നു.

മന്ത്രിസഭയില്‍  ധനകാര്യം, ആഭ്യന്തരം എന്നിവയിലേതെങ്കിലുമാകും അമിത് ഷായ‌്ക്ക് ലഭിക്കുക. മന്ത്രിസഭയില്‍ ഇടംതേടി  മുതിർന്ന നേതാക്കളും സഖ്യകക്ഷികളും രംഗത്തുണ്ട്. മഹാരാഷ്ട്രയിൽ 18 സീറ്റ‌് നേടിയ ശിവസേന മൂന്ന‌് മന്ത്രി സ്ഥാനത്തിനാണ‌് ശ്രമിക്കുന്നത്.  എന്നാല്‍,  ഒരു കാബിനറ്റ‌് മന്ത്രിസ്ഥാനവും സഹമന്ത്രിസ്ഥാനവുംകൊണ്ട‌് തൃപ‌്തിപ്പെടേണ്ടി വരും.

സ്ഥിരമായി കിട്ടാറുള്ള ഖനവ്യവസായം ഇക്കുറി വേണ്ടെന്ന‌ും പ്രധാനവകുപ്പുതന്നെ വേണമെന്നുള്ള നിലപാടിലാണ് ശിവസേന. മഹാരാഷ്ട്ര നിയമസഭാതെരഞ്ഞെടുപ്പ‌് മാസങ്ങൾക്കുള്ളിൽ നടക്കാനുള്ളതിനാൽ ബിജെപിക്ക‌് ഈ ആവശ്യം തള്ളാനാകില്ല.

സഖ്യകക്ഷികളിൽ രണ്ടാംസ്ഥാനത്തുള്ള ജെഡിയുവിന‌് ഒരു കാബിനറ്റ‌് പദവിയും സഹമന്ത്രി പദവിയും നൽകിയേക്കും. നിതീഷ‌്കുമാറിന്റെ വിശ്വ‌സ‌്തൻ രാജീവ‌് രഞ‌്ജൻ സിങ്ങ‌ിന‌് കാബിനറ്റ‌് റാങ്കും പുർണിയ എംപിയായ സന്തോഷ‌് ഖുശ‌്‌വാഹയ‌്ക്ക‌് സഹമന്ത്രിസ്ഥാനവുമാണ‌് ജെഡിയു ലക്ഷ്യമിടുന്നത‌്. ബിഹാറിൽനിന്ന‌് ആറ‌് സീറ്റ‌് നേടിയ എൽജെപി ഒരു കാബിനറ്റ‌് മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നു. രാംവിലാസ‌് പസ്വാന്റെ മകൻ ചിരാഗ‌് പസ്വാൻ മന്ത്രിസഭയിൽ അംഗമായേക്കും. പശ്ചിമബംഗാളിൽനിന്നുള്ള 18 എംപിമാരിൽ നാലുപേരെങ്കിലും മന്ത്രിയായേക്കും.

ഒഡിഷയ‌ില്‍നിന്ന‌് ഇക്കുറി മൂന്ന‌ുപേരെങ്കിലും മന്ത്രിസഭയിലെത്തിയേക്കും. കഴിഞ്ഞ മന്ത്രിസഭയിൽ ഗിരിവർഗ ക്ഷേമ മന്ത്രിയായ ജുവെൽ ഓറമിന‌ു പുറമെ  ബിജെപി ദേശീയ സെക്രട്ടറി സുരേഷ‌് പൂജാരി, ഭുവനേശ്വർ എംപി അപരാജിത സാരംഗി എന്നിവരും മന്ത്രിപദത്തിൽ എത്തിയേക്കും.

ജാർഖണ്ഡ‌ിൽനിന്നുള്ള മുൻ മുഖ്യമന്ത്രി അർജുൻമുണ്ടയ‌്ക്ക‌്  മികച്ച വകുപ്പ‌് ലഭിച്ചേക്കും. ഉത്തർപ്രദേശിൽനിന്ന‌് അപ‌്നാദൾ എംപിയായ അനുപ്രിയാപട്ടേൽ പുതിയ മന്ത്രിസഭയിലും തുടരും. രാജ‌്നാഥ‌്സിങ‌്, നിതിൻ ഗഡ‌്കരി, പിയൂഷ‌് ഗോയൽ, പ്രകാശ‌് ജാവ‌്ദേക്കർ, സ‌്മൃതി ഇറാനി, നരേന്ദ്ര സിങ‌് തോമർ തുടങ്ങിയവർ തുടരും. അരുൺ ജെയ‌്റ്റ‌്‌ലിയും സുഷ‌്മ സ്വരാജും  മന്ത്രിസഭയിൽ ഉണ്ടാകില്ല.


പ്രധാന വാർത്തകൾ
 Top