24 November Tuesday

ആരോഗ്യസേതു ആപ്പ് ആര് നിര്‍മിച്ചു? മറുപടിയില്ലാതെ കേന്ദ്രസര്‍ക്കാര്‍; നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


കോവിഡ്‌ പ്രതിരോധത്തിനായി ഉപയോഗിക്കണമെന്ന്‌ നിർബന്ധിച്ച ആരോഗ്യസേതു ആപ്പ്‌ ആര്‌ ഉണ്ടാക്കിയതാണെന്നുപോലും അറിയില്ലെന്ന്‌ കേന്ദ്രസർക്കാർ. കോടിക്കണക്കിന്‌ ഇന്ത്യക്കാരെക്കൊണ്ട്‌ ഡൗൺലോഡ്‌ ചെയ്യിപ്പിച്ച കോവിഡ്‌ ട്രാക്കിങ്‌ മൊബൈൽ ആപ്ലിക്കേഷനായ ‘ആരോഗ്യസേതു’വിനെകുറിച്ചുള്ള ചോദ്യത്തിന്‌ കൈമലർത്തുകയാണ്‌ ബിജെപി സർക്കാർ.

ഐടി മന്ത്രാലയവും നാഷണൽ ഇൻഫർമാറ്റിക്‌സ്‌ സെന്ററുമാണ്‌ (എൻഐസി) ആപ്പ്‌ വികസിപ്പിച്ചതെന്ന്‌ ആരോഗ്യസേതു വെബ്‌സൈറ്റിൽ പറയുന്നു. എന്നാൽ, ആപ്പ്‌ ഉണ്ടാക്കിയതിനെക്കുറിച്ച്‌ ഒരറിവും ഇല്ലെന്ന്‌ മന്ത്രാലയത്തിന്റെയും എൻഐസിയുടെയും ചീഫ്‌ ഇൻഫർമേഷൻ ഓഫീസർമാർ വിവരാവകാശപ്രകാരം മറുപടി നൽകി. നിഷേധാത്മകനിലപാടാണ്‌ ഇതെന്ന്‌ ചൂണ്ടിക്കാണിച്ച്‌ കേന്ദ്ര വിവരാവകാശ കമീഷൻ കേന്ദ്രസർക്കാരിന്‌ നോട്ടീസ്‌ അയച്ചു.

ഇരുവകുപ്പുകളിലെയും ഉദ്യോഗസ്ഥർ ഫയലുകൾ സഹിതം നവംബർ 24ന്‌ ഹാജരാകണമെന്ന്‌ കമീഷൻ നിർദേശിച്ചു. ആരോഗ്യസേതു ആരാണ്‌ വികസിപ്പിച്ചതെന്ന ചോദ്യത്തിന്‌ മന്ത്രാലയവും വകുപ്പും വിവരാവകാശ നിയമപ്രകാരം മറുപടി നൽകുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തകൻ സൗരവ്‌ദാസ്‌ നൽകിയ പരാതിയാണ്‌ കേന്ദ്ര വിവരാവകാശ കമീഷന്റെ നടപടി. 2020 ഏപ്രിൽ രണ്ടിനാണ്‌ ആപ്‌ പുറത്തിറക്കിയത്‌. 12 കോടിയിലധികം ഇന്ത്യക്കാർ ഇത്‌ ഡൗൺലോഡ്‌ ചെയ്‌തതായി ജൂണിൽ പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top