20 October Tuesday

വാജ്‌പേയിയുടെ വിശ്വസ്‌തൻ മോഡിയുടെ ശത്രു

എം പ്രശാന്ത്‌Updated: Monday Sep 28, 2020


ന്യൂഡൽഹി
‘എന്നെപ്പോലുള്ളവർക്ക്‌ ഒരു ബോട്ടിൽ വിസ്‌ക്കിക്കുകൂടി തികയില്ല’–- 2009ല്‍ ബജറ്റവതരിപ്പിച്ച പ്രണബ്‌ മുഖർജി മുതിർന്ന പൗരൻമാർക്ക്‌ അനുവദിച്ച നികുതിയിളവ്‌  അപര്യാപ്‌തമെന്ന്‌ ജസ്വന്ത്‌ സിങ്‌  ഒറ്റ പരാമർശത്തിലൂടെ സമർഥിച്ചു. ഭരണപക്ഷത്തും പൊട്ടിച്ചിരി. കുപ്പി ഉപേക്ഷിക്കാനായിരുന്നു പ്രണബ്‌ ദായുടെ ഉപദേശം. 

ബിജെപിയിലെ ചുരുക്കം സൗമ്യമുഖങ്ങളിലൊന്നായിരുന്നു ജസ്വന്ത്‌‌. മൃദുഭാഷി. മധ്യവർഗത്തെ ആകർഷിക്കാന്‍‌ സംഘപരിവാറിന്‌ ഇത്തരം ചില ‘സൗമ്യ’മുഖംമൂടികൾ അനിവാര്യമായിരുന്നു. ആർഎസ്‌എസ്‌ പശ്‌ചാത്തലമില്ലാതിരുന്നിട്ടും ബിജെപി നേതൃനിരയിലേക്ക്‌ ഉയരാന്‍ ഇംഗ്ലീഷ്‌ പ്രാവിണ്യവും തുണച്ചു. 1980ൽ രാജ്യസഭാംഗമായതോടെ വാജ്‌പേയിയുമായി സൗഹൃദം. സാഹിത്യം, രാഷ്ട്രീയം, വിദേശകാര്യം തുടങ്ങി ഇരുവർക്കും യോജിപ്പുള്ള വിഷയങ്ങളേറെ. സായാഹ്‌ന ചര്‍ച്ചകളുമായി ഇരുവരും ഒന്നിച്ചപ്പോള്‍ വാജ്‌പേയിയുടെ ഹനുമാനെന്ന വിളിപ്പേരും വീണു.

അദ്വാനി അയോധ്യയിലേക്ക്‌ രഥമുരുട്ടുമ്പോൾ വാജ്‌പേയിക്കൊപ്പം അത്ര സജീവമാകാതെ മാറിനിന്നു. വാജ്‌പേയി  പ്രധാനമന്ത്രിയായതോടെ  ജസ്വന്ത്‌ കരുത്തനായി. 2002 ലെ ഗുജറാത്ത്‌ വംശഹത്യയിൽ വാജ്‌പേയിക്കൊപ്പം  മോഡിയുടെ വിമർശകനായി. മനംനൊന്ത്‌ വാജ്‌പേയി രാജിക്കൊരുങ്ങിയെന്നും താനാണ്‌ തടഞ്ഞതെന്നും ജസ്വന്ത്‌ ഒരിക്കല്‍ കുറിച്ചു. 2009 ൽ ‘ജിന്ന: ഇന്ത്യ–- പാകിസ്ഥാൻ–- ഇൻഡിപെൻഡൻസ്‌’ എന്ന പുസ്‌തകം വിവാദമായി‌. വാജ്‌പേയിക്കൊപ്പം തന്നെ ആക്രമിക്കാന്‍‌ കൂട്ടുനിന്ന ജസ്വന്തിനെതിരെ മോഡി കരുനീക്കി. ബിജെപിയിൽനിന്ന്‌ പുറത്താക്കപ്പെട്ട ജസ്വന്തിനെ 2010ൽ തിരിച്ചെടുത്തു. 2012ല്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റു.  2014ൽ സീറ്റ്‌ നിഷേധിച്ചതോടെ ബാർമറിൽ സ്വതന്ത്രനായി മൽസരിച്ചു.‌ നാലുലക്ഷത്തിലേറെ വോട്ടുനേടി തോറ്റു.‌

കരസേന മേജറായ ജസ്വന്ത്‌ 1960 കളിലാണ്‌ ജോലി ഉപേക്ഷിച്ച്‌ പൊതുപ്രവർത്തകനായത്‌. സ്വതന്ത്രനായി നിയമസഭയിലേക്ക്‌ മത്സരിച്ച്‌ തോറ്റു. ജനസംഘത്തിലെത്തിയശേഷം വാജ്‌പേയിക്കും അദ്വാനി‌ക്കുമൊപ്പം ബിജെപിയുടെ സ്ഥാപകനേതാക്കളിലൊരാളായി.  പൊഖ്‌റാൻ അണുപരീക്ഷണം, കാർഗിൽ യുദ്ധം, പാർലമെന്റ്‌ ആക്രമണം എന്നിവ വിദേശമന്ത്രി പദവിയിൽ പരീക്ഷണ ഘട്ടമായി. ആസൂത്രണകമീഷൻ ഉപാധ്യക്ഷൻ, രാജ്യസഭപ്രതിപക്ഷ നേതാവ്‌, ലോക്‌സഭാ ഉപനേതാവ്‌ എന്നീ നിലകളിലും പ്രവർത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top