22 October Thursday

എസ്‌എഡി വഴിപിരിയൽ ബിജെപിയുടെ‌ മുഖത്തേറ്റ പ്രഹരം ; വേർപിരിഞ്ഞത്‌ ജനകീയ വിഷയമുയര്‍ത്തി

സാജൻ എവുജിൻUpdated: Monday Sep 28, 2020


ന്യൂഡൽഹി
ശിരോമണി അകാലിദൾ(എസ്‌എഡി) 23 വർഷത്തെ ബന്ധം ഉപേക്ഷിച്ചത്‌ ബിജെപിക്ക് കനത്ത പ്രഹരം. രണ്ടുവർഷത്തിനിടെ ടിഡിപി, ശിവസേന എന്നീ ‌ പ്രധാന  പ്രാദേശിക കക്ഷികൾ എൻഡിഎ വിട്ടത് രാഷ്ട്രീയ കാരണത്താലെങ്കില്‍ എസ്‌എഡി  വേർപിരിഞ്ഞത്‌ ജനകീയ വിഷയമുയര്‍ത്തി.

കർഷകദ്രോഹ ബില്ലുകൾക്കെതിരെ പഞ്ചാബിൽ ഉയരുന്ന  ജനരോഷത്തിനു മുന്നിൽ നിൽക്കകള്ളിയില്ലാതെയാണ്‌ എസ്‌എഡി ആദ്യം മന്ത്രിസ്ഥാനവും ഇപ്പോൾ എൻഡിഎ അംഗത്വവും ഉപേക്ഷിച്ചത്‌. കർഷകരുടെ താൽപ്പര്യത്തിനു വിരുദ്ധമായ ഒന്നിനെയും പിന്തുണയ്‌ക്കില്ലെന്നും‌ രാജ്യത്തെ ഭക്ഷ്യധാന്യ ശേഖരത്തിന്റെ പകുതിയും നൽകുന്ന പഞ്ചാബിലെ കർഷകരെ കേന്ദ്രം വഞ്ചിച്ചെന്നും  എസ്‌എഡി അധ്യക്ഷൻ സുഖ്‌ബീർ സിങ്‌ ബാദൽ പറഞ്ഞു.

പഞ്ചാബിൽ 1997ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ബന്ധം സ്ഥാപിച്ച എസ്‌എഡി അടുത്തവർഷം എൻഡിഎയുടെ ഭാഗമായി. ബന്ധത്തിൽ ആദ്യമായി അസ്വാരസ്യം ഉണ്ടായത്‌ പൗരത്വനിയമഭേദഗതിയെ തുടര്‍ന്ന്. പൗരത്വനിയമഭേദഗതിയോട്‌ എസ്‌എഡി യോജിച്ചില്ല. എന്നാൽ മുന്നണിയിൽ തുടർന്ന അവർക്ക്‌ കാർഷികബില്ലുകളുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യാനാകാത്തവിധം അണികളിൽനിന്ന്‌ സമ്മർദ്ദം ഉയർന്നു.

രണ്ടാം‌ തവണയും അധികാരം പിടിച്ച ബിജെപിക്ക്‌ ആദ്യപ്രഹരം ശിവസേനയിൽനിന്നായിരുന്നു. അധികാരമോഹമാണ്‌ ശിവസേനയുടെ നിലപാട്‌ മാറ്റമെന്ന് വ്യാഖ്യാനിക്കാനാണ്‌ ബിജെപി ശ്രമിച്ചത്‌.

അധികാരം ഉപേക്ഷിച്ചുപോയ എസ്‌എഡിയെ ഇത്തരത്തിൽ ചിത്രീകരിക്കാനാകില്ല. രണ്ടുവർഷത്തിനുള്ളിൽ പഞ്ചാബ്‌ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനാലാണ് എസ്‌എഡിയുടെ ചുവടുമാറ്റമെന്ന് ബിജെപി പ്രചരിപ്പിക്കുന്നു. ഇതിനര്‍ഥം ഘടകകക്ഷികൾക്ക്‌  ബിജെപി ബന്ധം ബാധ്യതയായെന്നാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top