07 August Friday

‘പട്ടിണിയേക്കാൾ ഭേദം കൊറോണ’ ; ഉത്തർപ്രദേശ് സ്വദേശികളായ തൊഴിലാളികൾ കൂട്ടത്തോടെ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020


ന്യൂഡൽഹി
പട്ടിണിയും ദുരിതവും സഹിക്കാനാകാതെ ഉത്തർപ്രദേശ് സ്വദേശികളായ തൊഴിലാളികൾ കൂട്ടത്തോടെ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്. കോവിഡ്‌ ഭീതിയില്‍ ജന്മനാട്ടില്‍‌ തിരിച്ചെത്തിയവരാണ് കുടുംബത്തെ ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ തൊഴില്‍തേടി വീണ്ടും പുറത്തേക്ക് പോകുന്നത്. യുപി റെയിൽവേ സ്‌റ്റേഷനുകളും ബസ്‌സ്റ്റാൻഡുകളും തിരിച്ചുപോകുന്ന തൊഴിലാളികളെകൊണ്ട് നിറഞ്ഞു.

യുപിയിൽ തൊഴിലുണ്ടായിരുന്നെങ്കിൽ മുംബൈയിലേക്ക്‌ വീണ്ടും പോകേണ്ടിവരില്ലായിരുന്നുവെന്ന്  ഗോരഖ്‌പുർ സ്‌റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്ന ഖുർഷീദ്‌ അൻസാരി എൻഡിടിവിയോട്‌‌ പ്രതികരിച്ചു.‘മുംബൈയിൽ ജോലി ചെയ്‌തിരുന്ന ടെയിലറിങ്‌ യൂണിറ്റ്‌ തുറന്നിട്ടില്ല. മറ്റെന്തെങ്കിലും തൊഴിൽ കിട്ടുമോയെന്ന്‌ നോക്കണം‌.  കുഞ്ഞുങ്ങൾ പട്ടിണികിടന്ന്‌ മരിക്കുന്നതിനേക്കാൾ ഭേദമാണ്‌ ഞാൻ കൊറോണ പിടിച്ച്‌ മരിക്കുന്നത്‌’’–- അൻസാരി  വികാരഭരിതനായി.

തൊഴില്‍തേടി പുറത്തേക്ക് പോകാതെ മറ്റ് വഴിയില്ലെന്ന് കൊൽക്കത്തയിലെ കമ്പനി ജീവനക്കാരനായ പ്രസാദ്‌ പറഞ്ഞു. ‘കമ്പനി വീണ്ടും തുറന്നു. രോഗം പടർന്നതില്‍ ഭയമുണ്ട്‌. ഭാര്യയെയും അഞ്ച്‌ കുട്ടികളെയും പോറ്റാനുണ്ട്‌’’–-പ്രസാദ്‌ ആശങ്ക പങ്കിട്ടു. തിരിച്ചെത്തിയവര്‍ക്കെല്ലാം തൊഴിൽ നൽകാൻ സർക്കാരിന്‌ കഴിവുണ്ടെന്ന്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദത്തിലെ പൊള്ളത്തരം വെളിവാക്കുന്നതാണ് നാടുവിടുന്ന തൊഴിലാളികളുടെ വാക്കുകള്‍. രോ​ഗഭീതിയില്‍ വിവിധ സംസ്ഥാനങ്ങളിൽനിന്നും 30 ലക്ഷത്തിലധികം തൊഴിലാളികൾ ഉത്തർപ്രദേശിൽ എത്തിയെന്നാണ്‌ കണക്ക്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top