23 November Monday

ഹാഥ്‌രസ് ബലാത്സംഗക്കൊല : സിബിഐക്ക്‌ ഹൈക്കോടതിയുടെ മേൽനോട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020


ന്യൂഡൽഹി
ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ദളിത്‌പെൺകുട്ടിയെ കൂട്ടബലാത്സംഗംചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണത്തിന്‌ അലഹബാദ്‌ ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന്‌ സുപ്രീംകോടതി. വിചാരണ ഡൽഹിയിലേക്ക്‌ മാറ്റണമെന്ന ആവശ്യത്തിൽ അന്വേഷണശേഷം ഉചിതമായ തീരുമാനം എടുക്കാമെന്നും ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ ഉത്തരവിട്ടു.

അന്വേഷണത്തിന്റെ എല്ലാതലങ്ങളിലും ഹൈക്കോടതിയുടെ മേൽനോട്ടം ഉണ്ടാകണം. അന്വേഷണപുരോഗതി അറിയിച്ച്‌ സിബിഐ ഹൈക്കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കണം. സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ സത്യമാദുബേ സമർപ്പിച്ച പൊതുതാൽപ്പര്യഹർജിയിലാണ്‌ ഉത്തരവ്‌. അന്വേഷണം പൂർത്തിയായാൽ വിചാരണ ഡൽഹിയിലേക്ക്‌ മാറ്റണമെന്ന്‌ ഇരയുടെ കുടുംബത്തിനു‌വേണ്ടി ഹാജരായ അഡ്വ. സീമാഖുശ്‌വാഹ ആവശ്യപ്പെട്ടു.

സിആർപിഎഫ്‌ സുരക്ഷ ഒരുക്കണം
ഇരയുടെ കുടുംബത്തിനും സാക്ഷികൾക്കും സിആർപിഎഫ്‌ സുരക്ഷ ഒരുക്കണം. ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന യുപി‌ സർക്കാരിന്റെ വാദം സുപ്രീം കോടതി തള്ളി‌. ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ സിആർപിഎഫ്‌ സുരക്ഷ ഏറ്റെടുക്കണം. അലഹബാദ്‌ ഹൈക്കോടതി ഉത്തരവിൽനിന്ന്‌ ഇരയുടെയും കുടുംബാംഗങ്ങളുടെയും വിശദാംശങ്ങൾ ഉടൻ നീക്കാനും നിർദേശിച്ചു.

സെപ്‌തംബർ 14നാണ്‌ ഹാഥ്‌രസിൽ മേൽജാതിക്കാരായ നാല്‌ പേർ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയത്‌. നട്ടെല്ലിന്‌ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സെപ്‌തംബർ 29ന്‌ ഡൽഹിയിലെ ആശുപത്രിയിൽ മരിച്ചു. അന്വേഷണം അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനുമുള്ള ശ്രമം നടന്നതിൽ ആദിത്യനാഥ്‌ സർക്കാരിന്‌ എതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top