14 July Tuesday

ആദിത്യനാഥിന്റെ പ്രസ്‌താവന ഭരണഘടനാ വിരുദ്ധം

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020


ന്യൂഡൽഹി
ഉത്തർപ്രദേശുകാരായ തൊഴിലാളികളെ ഇതരസംസ്ഥാനങ്ങളിൽ ജോലിക്ക്‌ വയ്‌ക്കാൻ തന്റെ സർക്കാരിന്റെ അനുമതി വാങ്ങണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്‌താവന വിവാദത്തിൽ. ഭരണഘടനാവിരുദ്ധമാണ്‌ ആദിത്യനാഥിന്റെ പ്രസ്‌താവനയെന്ന്‌ പരാതി ഉയർന്നു‌. ഉത്തർപ്രദേശിൽ തൊഴിൽനിയമങ്ങൾ മരവിപ്പിച്ച്‌ അടിമപ്പണിക്ക്‌ സർക്കാർ കളമൊരുക്കുന്ന സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രിയുടെ ഈ പ്രസ്‌താവന.

ഉത്തർപ്രദേശുകാരായ തൊഴിലാളികളെ ഇതര സംസ്ഥാനങ്ങൾ മോശമായി കൈകാര്യം ചെയ്യുന്നുവെന്ന്‌ ആരോപിച്ചാണ്‌ മുഖ്യമന്ത്രി പുതിയ നിബന്ധന പ്രഖ്യാപിച്ചത്‌. തൊഴിലാളികളുടെ സുരക്ഷയും പരിരക്ഷയും ഉറപ്പാക്കാനാണ്‌ ഈ വ്യവസ്ഥ കൊണ്ടുവരുന്നതെന്ന്‌ മുഖ്യമന്ത്രി അവകാശപ്പെട്ടു.

പ്രത്യേകം വിജ്ഞാപനംചെയ്‌ത മേഖലകളിൽ ഒഴികെ രാജ്യത്തിന്റെ ഏതുഭാഗത്തും സഞ്ചരിക്കാനും ഉപജീവനം കണ്ടെത്താനും പൗരന്മാർക്ക്‌ ഭരണഘടനാപരമായ അവകാശം ഉണ്ടെന്നിരിക്കെയാണ്‌ ഈ പ്രസ്‌താവന. ഉത്തർപ്രദേശുകാരായ കോടിക്കണക്കിനു പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്നു. 23 ലക്ഷം പേർ ഇതിനകം മടങ്ങിവന്നുവെന്ന്‌ സംസ്ഥാന ആഭ്യന്തര സെക്രട്ടറി അവിനാശ്‌ അവസ്‌തി പറഞ്ഞു. മടങ്ങിവന്നവർ കടുത്ത പ്രതിസന്ധിയിലാണ്‌. ജോലിയോ ഭക്ഷണമോ ഇല്ല. നഗരങ്ങളിലേക്ക്‌ മടങ്ങുന്നതിനെക്കുറിച്ചാണ്‌ ഇപ്പോൾ ആലോചന. മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌ നടപ്പാക്കിയാൽ ഇവരുടെ ഭാവി ഇരുളിലാകും. ഉത്തർപ്രദേശുകാരായ തൊഴിലാളികളെ ജോലിക്ക്‌ എടുക്കാൻ ആളുകൾ മടിക്കും.

കുറഞ്ഞ വേതനത്തിന്‌ കൂടുതൽ സമയം ജോലിചെയ്യുന്നവരെ സംസ്ഥാനത്ത്‌ വേണ്ടുവോളം ലഭ്യമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ ആദിത്യനാഥിന്റെ പ്രസ്‌താവനയെന്നും ആക്ഷേപമുണ്ട്‌.


പ്രധാന വാർത്തകൾ
 Top