31 March Tuesday

ആഞ്ഞടിച്ച്‌ ഡൽഹി ഹൈക്കോടതി ; വിദ്വേഷപ്രസംഗം നടത്തിയവർക്കെതിരെ കേസെടുക്കണം; കേസ്‌ മുരളീധറിന്റെ ബെഞ്ചിൽനിന്ന്‌ മാറ്റി

എം അഖിൽUpdated: Thursday Feb 27, 2020


ന്യൂഡൽഹി
വടക്കുകിഴക്കൻ ഡൽഹിയിലെ വർഗീയകലാപത്തിന്‌ വഴിയൊരുക്കിയ വിദ്വേഷപ്രസംഗങ്ങൾ നടത്തിയ  ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന്‌ ഡൽഹി ഹൈക്കോടതി. കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂർ,  പർവേഷ്‌ വർമ എംപി, അഭയ്‌വർമ എംഎൽഎ, മുൻ എംഎൽഎ കപിൽമിശ്ര എന്നിവർക്കെതിരെ കേസെടുക്കണമെന്ന്‌ ജസ്‌റ്റിസ്‌ എസ്‌ മുരളീധർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്‌ വാക്കാൽ നിരീക്ഷിച്ചു.

വിദ്വേഷപ്രസംഗങ്ങളുടെ ദൃശ്യങ്ങൾ  കണ്ടശേഷം  ഡൽഹി കമീഷണർ ‘സ്വന്തം ബോധ്യത്തിന്‌’ അനുസരിച്ച്‌ തീരുമാനമെടുക്കണം. ആ തീരുമാനം വ്യാഴാഴ്‌ച അറിയിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണത്തിന്‌ ശേഷം കേസെടുക്കാമെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല. എല്ലാ വിദ്വേഷപ്രസംഗങ്ങൾക്കെതിരെയും ഉടൻ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്നാണ്‌ അഭിപ്രായമെന്ന്‌  കോടതി വ്യക്തമാക്കി.  ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷപ്രസംഗങ്ങൾ തുറന്നകോടതിയിൽ കണ്ടശേഷമാണ്‌ നിർദേശം. സാമൂഹ്യപ്രവർത്തകൻ ഹർഷ്‌മന്ദർ നൽകിയ ഹർജിയിലാണ്‌ ഹൈക്കോടതിയുടെ ഇടപെടൽ.

‘‘നഗരം കത്തിയെരിയുന്നത്‌ കാണുന്നില്ലേ ’’
കുറ്റകൃത്യമുണ്ടായാൽ കേസെടുക്കേണ്ടത്‌ പൊലീസിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന്‌ ജസ്‌റ്റിസ്‌ മുരളീധർ. ‘‘എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതിരുന്നാൽ എങ്ങനെയാണ്‌ തുടർനടപടി എടുക്കുക? രാഷ്ട്രീയനേതാക്കൾക്കെതിരെ കേസെടുക്കാൻ അമാന്തിച്ചാൽ സമൂഹത്തിന്‌ തെറ്റായ സന്ദേശമാകും. കേസെടുക്കാൻ എന്താണ്‌ താമസമെന്ന സംശയം  പൗരന്മാർക്കുണ്ട്‌. ഇതുതന്നെയാണ്‌ കോടതിക്കുമുള്ളത്‌.

കേസെടുക്കാൻ താമസിച്ചാൽ കൂടുതൽ വിദ്വേഷപ്രസംഗങ്ങൾ ഉണ്ടാകും. കേസെടുക്കാൻ സമയമായിട്ടില്ലെന്നാണ്‌ നിങ്ങളുടെ വാദം. ഇനി എപ്പോഴാണ്‌ ആ സമയം?  എത്രപേർകൂടി മരിക്കണം?  എത്ര നാശനഷ്ടങ്ങൾകൂടി സഹിക്കണം? ഈ നഗരം മുഴുവൻ കത്തിയെരിയുന്നത്‌ കാണുന്നില്ലേ? പൊതുമുതലുകൾ നശിപ്പിച്ചതിന്‌ കേസെടുക്കാൻ വലിയ ഉത്സാഹമാണല്ലോ?  കേസെടുക്കാൻ വൈകുന്ന ഒരോ ദിവസവും അതിന്റെ ഭവിഷ്യത്ത്‌ എന്തായിരിക്കുമെന്ന്‌ ഗൗരവത്തോടെ ആലോചിക്കണം. നാലുപേർക്കെതിരെ മാത്രമല്ല, വിദ്വേഷപ്രസംഗം നടത്തിയ എല്ലാവർക്കുമെതിരെ കേസെടുക്കണം. 1984 (സിഖ്‌ വിരുദ്ധകലാപം) ആവർത്തിക്കാൻ സാഹചര്യമുണ്ടാക്കരുത്‌ ’’ –- ജഡ്‌ജി ആഞ്ഞടിച്ചു.

ക്ഷോഭമല്ല, തീവ്രവേദന: കോടതി
കോടതി അനാവശ്യമായി ക്ഷോഭിക്കേണ്ട സാഹചര്യമില്ലെന്ന്‌ കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത പറഞ്ഞു. എന്നാൽ,  ക്ഷോഭമല്ല തീവ്രമായ മാനസികവേദനയാണ്‌ കോടതിക്കുള്ളതെന്ന്‌ ജസ്‌റ്റിസ്‌ മുരളീധർ പ്രതികരിച്ചു. ഭരണഘടനാസ്ഥാപനമായ കോടതിയുടെ വേദനയും ആശങ്കയും  ഉന്നത ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണമെന്നും ജഡ്‌ജി കൂട്ടിച്ചേർത്തു.

കേസ്‌ മുരളീധറിന്റെ ബെഞ്ചിൽനിന്ന്‌ മാറ്റി
വിദ്വേഷപ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ എസ്‌ മുരളീധറിന്റെ ബെഞ്ച്‌ ആഞ്ഞടിച്ചതോടെ കേസ്‌ മറ്റൊരു ബെഞ്ചിലേക്ക്‌ മാറ്റി. വിദ്വേഷപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂർ, എംപി പർവേഷ്‌ വർമ, എംഎൽഎ അഭയ്‌ വർമ, മുൻ എംഎൽഎ കപിൽമിശ്ര എന്നിവർക്കെതിരെ കേസെടുക്കണമെന്ന്‌ ജസ്റ്റിസ്‌ എസ്‌ മുരളീധർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്‌ വാക്കാൽ നിരീക്ഷിച്ചിരുന്നു. ഈ വിഷയത്തിൽ വ്യാഴാഴ്‌ച തീരുമാനം അറിയിക്കാനും ബെഞ്ച്‌ നിർദേശിച്ചു. ഇതിനു പിന്നാലെയാണ്‌ കേസ്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി എൻ പട്ടേൽ, ജസ്റ്റിസ്‌ സി ഹരിശങ്കർ എന്നിവരുടെ ബെഞ്ചിലേക്ക്‌ മാറ്റിയത്‌. വ്യാഴാഴ്‌ച കമീഷണറുടെ നിലപാടുകൂടി അറിഞ്ഞശേഷം കർശനനടപടികൾക്ക്‌ ബെഞ്ച്‌ ഉത്തരവിട്ടേക്കുമെന്ന്‌ സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കേസ്‌ മറ്റൊരു ബെഞ്ചിന്‌ വിട്ടത്‌ വിവാദമായി.

എന്നാൽ, ഒറിജിനൽ റോസ്റ്റർ പ്രകാരം കേസ്‌ ചീഫ്‌ ജസ്റ്റിസിന്റെ ബെഞ്ചാണ്‌ പരിഗണിക്കേണ്ടിയിരുന്നതെന്നും നിരവധി ജഡ്‌ജിമാർ അവധിയിലായ സാഹചര്യത്തിലാണ്‌ ജസ്റ്റിസ്‌ മുരളീധറിന്റെ ബെഞ്ചിന്‌ വിട്ടതെന്നുമാണ്‌ ഔദ്യോഗിക വിശദീകരണം.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top