31 March Tuesday

പൊലീസ്‌ പരാജയം; സൈന്യത്തെ വിളിക്കണം: സിപിഐ എം പൊളിറ്റ്‌ബ്യൂറോ

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020

ഫോട്ടോ: കെ എം വാസുദേവൻ


ന്യൂഡൽഹി
ഡൽഹിയിൽ അക്രമം അവസാനിപ്പിക്കാനും നിയമവാഴ്‌ചയിൽ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും സിവിൽ അധികൃതരെ സഹായിക്കാൻ സൈന്യത്തെ നിയോഗിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. വടക്കുകിഴക്കൻ ഡൽഹിയിൽ മൂന്നു ദിവസമായി നടക്കുന്ന കലാപം നേരിടുന്നതിൽ പൊലീസ്‌ പൂർണമായും പരാജയപ്പെട്ടു.

മരണസംഖ്യ ദിവസംതോറും ഉയരുകയാണ്‌. കടകളും വീടുകളും കത്തിക്കുന്നു. കലാപത്തിൽ വൻതോതിൽ തോക്കുകൾ ഉപയോഗിച്ചതിൽനിന്ന്‌ ക്രിമിനൽസംഘങ്ങളുടെ പങ്കാളിത്തം വ്യക്തമാണ്‌.മൂന്നു ദിവസം കഴിഞ്ഞിട്ടും കലാപത്തിന്‌ ശമനം വരുത്താൻ പൊലീസിനു കഴിഞ്ഞില്ലെന്നു മാത്രമല്ല, കൂടുതൽ പ്രദേശങ്ങളിലേക്ക്‌ ആക്രമണം വ്യാപിക്കുകയാണ്‌. ചില സ്ഥലങ്ങളിൽ നിഷ്‌ക്രിയത്വം പാലിച്ച പൊലീസ്‌ മറ്റ്‌ ചിലയിടങ്ങളിൽ അക്രമിസംഘങ്ങൾക്ക്‌ സഹായം നൽകി. ഡൽഹി പൊലീസിന്‌ പ്രവർത്തനസ്വാതന്ത്ര്യത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും കുറവുണ്ടെന്ന്‌ സുപ്രീംകോടതി ബുധനാഴ്‌ച നിരീക്ഷിച്ചതിൽ പൊലീസിന്റെ പരാജയം പ്രകടമാണ്‌.

ഡൽഹി ഹൈക്കോടതിയും പൊലീസിന്റെ നിലപാടിന്‌ അംഗീകാരം നൽകിയില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്‌ ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്നത്‌. ആസൂത്രിതമായ കലാപത്തെ, പൊടുന്നനെ ഉണ്ടായതെന്ന്‌ വിശേഷിപ്പിച്ച്‌ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്‌ മതിയായ നഷ്ടപരിഹാരം നൽകണം. പരിക്കേറ്റവർക്കും സഹായം ലഭ്യമാക്കണം.

സമാധാനവും ശാന്തിയും കാത്തുസൂക്ഷിക്കാൻ എല്ലാവിഭാഗം ജനങ്ങളോടും പിബി ആഹ്വാനം ചെയ്‌തു. സമാധാനമാർച്ചുകൾ സംഘടിപ്പിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകാനും സമാധാനകാംക്ഷികൾക്കൊപ്പം പാർടി കൈകോർക്കുമെന്ന്‌ പിബി വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top