31 March Tuesday

സയാമീസ് ഇരട്ടകള്‍ പരീക്ഷ എഴുതും; രണ്ടായിത്തന്നെ!

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020


ഹൈദരാബാദ്
ഒന്നാണെങ്കിലും ഇത്തവണ രണ്ടായിത്തന്നെ പരീക്ഷയെഴുതണമെന്ന സയാമീസ്‌ സഹോദരിമാരായ വീണയുടെയും വാണിയുടെയും ആഗ്രഹം സഫലമാകുകയാണ്‌. പത്താംക്ലാസ് പരീക്ഷ വേറിട്ടുതന്നെ എഴുതണമെന്ന ഇവരുടെ ആവശ്യം തെലങ്കാന വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ചു. ഹൈദരാബാദ്‌ സ്വദേശികളായ ഇരുവർക്കും രണ്ട് ഹാൾടിക്കറ്റ് നൽകാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു.

പ്രത്യേകം പരീക്ഷ എഴുതണമെന്ന ഇരുവരുടെയും ആവശ്യം പരിഗണിച്ചാണ് നീണ്ടനാളത്തെ സാങ്കേതികതടസ്സങ്ങൾ പരിഹരിച്ച് സർക്കാർ നടപടി. മാർച്ചിൽ നടക്കുന്ന പത്താം ക്ലാസ് പരീക്ഷയ്‌ക്ക്‌ സഹായിയെ അനുവദിക്കാമെന്ന് അധികൃതർ അറിയിച്ചെങ്കിലും വീണയും വാണിയും അത്‌ നിരസിച്ചു. എന്നാൽ, വാഹനസൗകര്യവും സഹായിയെയും ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. വീണയെയും വാണിയെയും ഒന്നായോ രണ്ടായോ കാണേണ്ടതെന്ന സന്ദേഹത്തിലായിരുന്നു വിദ്യാഭ്യാസവകുപ്പ്.

ഹൈദരാബാദിലെ വെംഗൽറാവു നഗറിലെ സർക്കാർ ഹൈസ്‌കൂളിലാണ് ഇരുവരുടെയും പഠനം. ഏഴ്, എട്ട്, ഒമ്പത് ഗ്രേഡുകളിൽ മികച്ച മാർക്ക്‌ നേടിയ ഇവർ പത്താം ക്ലാസിലെ ടേം പരീക്ഷയും എഴുതി. പിന്നീടാണ്‌ പൊതുപരീക്ഷ എഴുതുന്നതിനെക്കുറിച്ച് ആശങ്ക ഉയർന്നത്.2002ൽ മഹാബൂബാബാദ് ജില്ലയിലെ ദന്തലപ്പള്ളി ബിയറിസെറ്റിഗുഡെം ഗ്രാമത്തിൽ മുരളിയുടെയും നാഗാലക്ഷ്മിയുടെയും മക്കളാണ്‌ സയാമീസ് ഇരട്ടകളായ വീണയും വാണിയും. തലകൾ സംയോജിച്ചിരിക്കുന്ന ‘ക്രാനിയോപാഗസ്' ഇരട്ടകളാണിവർ. ജനിച്ചനാൾതൊട്ട്‌ വിവിധ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന രണ്ട് പെൺകുട്ടികളും ഹൈദരാബാദിലെ നിലോഫർ ആശുപത്രിയിൽ ചികിത്സ തേടി. 2017 ജനുവരിയിൽ സർക്കാർ സ്റ്റേറ്റ് ഹോം റണ്ണുകളിലേക്ക് മാറ്റി. തുടർന്ന്‌ പ്രത്യേക അധ്യാപകരുടെ പിന്തുണയോടെയായിരുന്നു ഇരുവരുടെയും പഠനം. കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് ഇവരുടെ സംരക്ഷണം ബുദ്ധിമുട്ടേറിയതായിരുന്നു. അതിനാൽ, അത്യാധുനിക ചികിത്സയിലൂടെ വേർപെടുത്താനുള്ള ചെലവ് വഹിക്കണമെന്ന് മാതാപിതാക്കൾ തെലങ്കാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

വിണയെയും വാണിയെയും വേർപെടുത്താനുള്ള ശസ്ത്രക്രിയ അപകടകരമാകുമെന്നാണ്‌ മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായം. ലണ്ടൻ, സിംഗപ്പുർ എന്നിവിടങ്ങളിൽനിന്നുള്ള അന്തർദേശീയ മെഡിക്കൽ, ശസ്ത്രക്രിയാ വിദഗ്ധർ വർഷങ്ങളായി വിവിധ സന്ദർഭങ്ങളിൽ വീണയെയും വാണിയെയും പരിശോധിച്ചിരുന്നു. ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയയിലൂടെയേ ഇവരെ വേർപെടുത്താനാകൂവെന്നും പത്ത് കോടി രൂപയെങ്കിലും ചെലവ് വരുമെന്നുമാണ് വിദേശ ഡോക്ടർമാരുടെ അഭിപ്രായം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top