18 October Friday

അന്ന്‌ കമ്പംബെട്ടി നചികേത ഇന്ന്‌ അഭിനന്ദൻ വർധമൻ

റിതിൻ പൗലോസ്‌Updated: Wednesday Feb 27, 2019

അഭിനന്ദന്റേതായി പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്ന ചിത്രം(ഇടത്ത്), നചികേത(വലത്)

തിരുവനന്തപുരം > ഇരുപത‌് വർഷങ്ങൾക്ക‌് മുമ്പ‌് കാർഗിലിൽ നേരിട്ട അതേ സന്നിഗ‌്ധതയിലാണ‌് ഇന്ത്യ വീണ്ടും. വ്യത്യാസം അന്ന‌് പരിമിത യുദ്ധമായിരുന്നെങ്കിൽ ഇന്ന‌് പരിമിത സംഘർഷം എന്നത‌് മാത്രം. 99 യുദ്ധത്തിൽ പാക്ക‌് പിടിയിലായ ഏക ഇന്ത്യൻ യുദ്ധത്തടവുകാരനും ഇന്നത്തേപ്പോല ഒരു പൈലറ്റായിരുന്നു. അന്ന‌് 26 വയസുകാരനായിരുന്ന കമ്പംബെട്ടി നചികേത.

1999 മേയ‌് 27 ന‌് ബറ്റാലിക‌് സെക‌്ടറിൽ കരസേനാ നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി കവർ ഫയർ നൽകുതിനിടെ, 18,000 അടി ഉയരത്തിൽവച്ച‌് ഫ്ലൈറ്റ‌് ലഫ‌്റ്റനൻറ‌് നചികേത പറത്തിയ മിഗ‌് 27 ഫൈറ്റ‌ർ ജെറ്റ‌് യന്ത്രത്തകരാർ മൂലം തകർന്നു വീഴുകയായിരുന്നു. കോക‌്പിറ്റിൽ നിന്ന‌് ഇജക‌്ട‌് ചെയ‌്ത‌് പാരഷൂട്ടിൽ പറന്നിറങ്ങിയതാകട്ടെ പാക്കിസ്ഥാൻ സൈന്യത്തിന്റെ തോക്കിൻമുനയിലും.

പിന്നീട‌് പാക്ക‌് കസ‌്റ്റഡിയിൽ ക്രൂര മർദ്ദനങ്ങൾ. ഒരു സംഘം പട്ടാളക്കാരുടെ മർദ്ദനത്തിൽ മരണം കണ്ടപ്പോൾ അപ്രതീക്ഷിതമായി കയറിവന്ന ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു നചികേതയുടെ ജീവൻ രക്ഷിച്ചത‌്. പിന്നീട‌് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ കനത്ത സമ്മർദ്ദത്തെ തുടർന്ന‌് നചികേതയെ എട്ടാം ദിവസം മോചിപ്പിക്കാൻ പാക്ക‌് പ്രധാനമന്ത്രി നവാസ‌് ഷെരീഫ‌് ഉത്തരവിടുകയായിരുന്നു. വാഗാ അതിർത്തി വഴിയാണ‌് നചികേതയെ പാക്കിസ്ഥാൻ ഇന്ത്യക്ക‌് കൈമാറിയത‌്. അന്ന‌് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമീഷണറായിരുന്ന ജിപാർഥസാരഥിയായിരുന്നു പൈലറ്റിന്റെ മോചനം സാധ്യമാക്കിയ നയതന്ത്ര ചർച്ചകൾക്ക‌് നേതൃത്വം നൽകിയിരുന്നത‌്.

മർദ്ദനത്തിൽ ആന്തരീകാവയവങ്ങൾക്ക‌് പരിക്കേറ്റതിനാൽ 2003 ൽ മാത്രമാണ‌് അദ്ദേഹത്തിന‌് വീണ്ടും പറക്കാനായത‌്. ധീരതയ‌്‌‌‌ക്കുള്ള വായുസേനാ മെഡൽ 2000ൽ നൽകി രാജ്യം ആദരിക്കുകയും ചെയ‌്തിരുന്നു. നിലവിൽ ഗ്രൂപ്പ‌് ക്യാപ‌്റ്റനാണ‌് നചികേത.

ഈ സംഭവത്തിന്റെ അടസ്ഥാനത്തിൽ ജനീവ ഉടമ്പടി നിലനിൽക്കുന്നതിനാലും സാഹചര്യം പാക്കിസ്ഥാന് എതിരായതിനാലും കസ‌്റ്റഡിയിലുള്ള വിങ‌് കമാൻഡർ അഭിനന്ദ‌നൻ വർധമന്റെ ജീവന‌് ആശങ്കയുണ്ടെങ്കിലും ആപത്തില്ല എന്ന‌ാണ്‌ മനസ്സിലാക്കേണ്ടത്‌. യുദ്ധാന്തരീക്ഷമോ പ്രഖ്യാപനമോ ഉണ്ടാകാത്ത സാഹചര്യത്തിൽ ജനീവ ഉടമ്പടി നിലനിൽക്കുന്നുണ്ടോ എന്ന്‌ സ്ഥിരീകരിക്കേണ്ടതുണ്ട്‌. പുൽവാമ ആക്രമണത്തോടെ ലോകത്തിന‌് മുന്നിൽ പ്രതിസ്ഥാനത്തായ പാക്കിസ്ഥാൻ അഭിനന്ദനിനെ കൈമാറി ഇന്ത്യൻ രോഷം തണുപ്പിക്കുന്നതോടൊപ്പം ജനീവ കൺവൻഷൻ മാനിച്ചു എന്ന‌് ലോകത്തെ ബോധ്യപ്പെടുത്തി നല്ല പിള്ള ചമയുക എന്ന തന്ത്രമേ പയറ്റാൻ സാധ്യതയുള്ളൂ.

അതോടൊപ്പം ഒരു പരിധിവരെ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുക എന്ന ഇന്ത്യൻ നയത്തെ പ്രതിരോധിക്കാമെന്നും കണക്കുകൂട്ടുന്നു. ഈ സുവർണ്ണാവസരം അവർ അഭിനന്ദിന്റെ ജീവനെടുക്കുക വഴി കളഞ്ഞുകുളിക്കില്ല. ദിവസങ്ങൾക്കുള്ളിൽ അഭിനന്ദ‌് സ്വരാജ്യത്ത‌് മടങ്ങിയെത്തും എന്ന്‌ പ്രതീക്ഷിക്കാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top