04 December Friday
ഹൈക്കമാൻഡിനെ ഇനിയും തള്ളുമോ കോൺഗ്രസുകാർ

സോണിയ പറയുന്നു ; അന്വേഷണ ഏജൻസികൾ മോഡിയുടെ കോടാലി

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


ന്യൂഡൽഹി
സർവ അധികാര സംവിധാനങ്ങളും ദുരുപയോഗിച്ച്‌  മോഡിസർക്കാർ രാഷ്ട്രീയ എതിരാളികളെ ‌ വേട്ടയാടുകയാണെന്ന്‌ കോൺഗ്രസ്‌ അധ്യക്ഷ സോണിയഗാന്ധി.  സിബിഐ, എൻഐഎ,  എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌, ദേശീയ നാർക്കോട്ടിക്‌സ്‌ ബ്യൂറോ, പൊലീസ്‌ എന്നിങ്ങനെ എല്ലാ ഏജൻസികളും പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും താളത്തിനു തുള്ളുകയാണ്‌. ‘ഹിന്ദുസ്ഥാൻ ടൈംസ്‌’ ദിനപത്രത്തിലെ ലേഖനത്തിൽ -സോണിയ വ്യക്തമാക്കി.

ഭരണഘടനാപരമായ  മാനദണ്ഡങ്ങളും ജനാധിപത്യതത്വങ്ങളും ലംഘിക്കുകയാണ്‌‌. പൗരന്മാരുടെ പൊതു താൽപ്പര്യങ്ങൾക്കുവേണ്ടി  അധികാരം പ്രയോഗിക്കേണ്ട സർക്കാർ രാഷ്ട്രീയ എതിരാളികളെ തെരഞ്ഞുപിടിച്ച്‌ വേട്ടയാടുന്നു‌.  സർക്കാരിനെ വിമർശിക്കുന്നവരെ നേരിടാൻ അന്വേഷണ ഏജൻസികളെ കെട്ടഴിച്ചുവിട്ടു. ഒരുവിഭാഗം മാധ്യമങ്ങളെയും ഓൺലൈൻ ട്രോൾ ഫാക്ടറികളെയും കൂട്ടുപിടിച്ചാണ്‌ ബിജെപിയും കേന്ദ്രസർക്കാരും ആക്രമണങ്ങൾക്ക്‌ കളമൊരുക്കുന്നത്‌.  കഷ്ടപ്പെട്ട്‌ നേടിയെടുത്ത ഇന്ത്യൻ ജനാധിപത്യം  പൊള്ളയായി മാറുന്നു.

ഒന്നാം മോഡിസർക്കാരിന്റെ കാലംമുതൽ  രാഷ്ട്രീയ എതിരാളികളെ രാജ്യത്തിന്റെ ശത്രുക്കളായി മുദ്രയടിക്കാൻ തുടങ്ങി. ബിജെപിയോട്‌ വിയോജിക്കുന്നവർക്കുനേരെ കിരാതനിയമങ്ങൾ പ്രയോഗിച്ചു. 2016ൽ ജെഎൻയു വിദ്യാർഥിനേതാക്കളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി. സ്വതന്ത്ര ഇന്ത്യയിൽ ഇന്നേവരെയുള്ള മറ്റൊരു സർക്കാരും ഇത്രത്തോളം നഗ്‌നമായി അധികാരദുർവിനിയോഗത്തിലൂടെ‌ രാഷ്ട്രീയഎതിരാളികളെ വേട്ടയാടിയിട്ടില്ലെന്നും സോണിയഗാന്ധി വിശദീകരിച്ചു.

കേരളസന്ദർശനത്തിനിടെ കോൺഗ്രസ്‌ മുൻ അധ്യക്ഷൻ രാഹുൽഗാന്ധി എംപിയും  ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. എന്നാൽ, സംസ്ഥാന സർക്കാരിനോടുള്ള വിരോധം കാരണം സിബിഐയെ ന്യായീകരിക്കുന്ന പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല രാഹുൽ ഗാന്ധിയെ തള്ളിപ്പറഞ്ഞു.


 

ഹൈക്കമാൻഡിനെ ഇനിയും തള്ളുമോ കോൺഗ്രസുകാർ
രാഷ്‌ട്രീയ പ്രതിയോഗികളെ നേരിടാൻ ബിജെപി സർക്കാർ, സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന്‌, രാഹുലിന്‌ പിന്നാലെ പാർടി അധ്യക്ഷ സോണിയാ ഗാന്ധിയും. എന്നാൽ അതിരു കവിഞ്ഞ സിബിഐ ഭക്തിയിൽ, ഹൈക്കമാൻഡിനെ വരെ തള്ളിപ്പറയുകയാണ്‌‌ കോൺഗ്രസ്‌ സംസ്ഥാന നേതൃത്വം.

കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല എന്നിവർ കേന്ദ്ര ഏജൻസികൾക്കായി നിരത്തുന്ന വാദങ്ങൾ തള്ളിയാണ്‌, ഇപ്പോൾ സോണിയ ഗാന്ധിയും നിലപാട്‌ വ്യക്തമാക്കിയത്‌. സിബിഐ അന്വേഷണത്തെ സിപിഐ എമ്മിന്‌ ഭയമാണെന്ന‌ മുല്ലപ്പള്ളിയുടെ പ്രസ്‌താവന വന്നദിവസം തന്നെയാണ്‌ സോണിയയുടെ ലേഖനം വന്നത്‌.  വയനാട്‌ സന്ദർശന വേളയിൽ രാഹുൽ ഗാന്ധിയും അതേ അഭിപ്രായം പറഞ്ഞു.  അതിനെതിരെ പരസ്യപ്രതികരണം നടത്തിയ ചെന്നിത്തലയുടെ നിലപാടിൽ‌ ഹൈക്കമാൻഡിന്‌ പ്രതിഷേധമുണ്ട്‌. സോണിയ നിലപാട്‌ ആവർത്തിക്കാൻ ഇതുകൂടി കാരണമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top