26 September Saturday

ബാബ്‌റിമസ്‌ജിദ്‌ തകർക്കൽ : ഗൂഢാലോചനയിൽ പങ്കില്ലെന്ന്‌ അദ്വാനി

വെബ് ഡെസ്‌ക്‌Updated: Sunday Jul 26, 2020


ന്യൂഡൽഹി
ബാബ്‌റി മസ്‌ജിദ്‌ തകർത്തതിന്‌ പിന്നിലെ ഗൂഢാലോചനയിൽ പങ്കില്ലെന്നും രാഷ്ട്രീയപകപോക്കലിനായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും എൽ കെ അദ്വാനി. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി നൽകുകയായിരുന്നു ഗൂഢാലോചനക്കേസിൽ പ്രതിയായ തൊണ്ണൂറ്റിരണ്ടുകാരനായ അദ്വാനി.

വിചാരണ നാലര മണിക്കൂറോളം നീണ്ടു. പ്രത്യേക ജഡ്‌ജി എസ്‌ കെ യാദവ്‌ നൂറിലധികം ചോദ്യങ്ങൾ ചോദിച്ചു. ബാബ്‌റിമസ്‌ജിദ്‌ തകർക്കപ്പെട്ട 1992ലെ പത്ര, ചാനൽ റിപ്പോർട്ടുകൾ മുഴുവൻ അദ്വാനിക്ക്‌ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുള്ളതായി ജഡ്‌ജി ആരാഞ്ഞു. അതെല്ലാം രാഷ്ട്രീയമായി എതിർചേരിയിലുള്ളവരുടെ സമ്മർദഫലമാണെന്ന്‌ അദ്വാനി പ്രതികരിച്ചു. കേസന്വേഷണം നിക്ഷിപ്‌ത താൽപ്പര്യപ്രകാരമായിരുന്നുവെന്നും ആരോപിച്ചു. 

തെളിവുകള്‍ കെട്ടിച്ചമച്ചതാണ്. ബാബ്‌റി മസ്‌ജിദ്‌ തകർത്ത ദിവസം അവിടെ ഉണ്ടായിരുന്നു. കോടതി അനുവദിച്ച കർസേവയുടെ ഭാഗമായാണ്‌ അവിടെ എത്തിയത്‌. മറ്റ്‌ കാര്യങ്ങളിൽ ഇടപെട്ടില്ലെന്നും ബിജെപി നേതാവ്‌ അവകാശപ്പെട്ടു.
 വിചാരണയ്‌ക്ക് മുന്നോടിയായി വ്യാഴാഴ്‌ച ആഭ്യന്തരമന്ത്രി അമിത്‌ഷാ എൽ കെ അദ്വാനിയെ സന്ദർശിച്ചു. അദ്വാനിക്ക്‌ മാനസിക പിന്തുണ നൽകാനായിരുന്നു  സന്ദർശനം. ചൊവ്വാഴ്‌ച ബിജെപി നേതാവ്‌ മുരളീമനോഹർ ജോഷിയുടെ മൊഴി പ്രത്യേകകോടതി രേഖപ്പെടുത്തി. ഗൂഢാലോചനക്കേസിൽ ആഗസ്‌ത്‌ 31ന്‌ വിധിയുണ്ടായേക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top