16 July Thursday

വിമാന സർവീസ്‌ ആരംഭിച്ചു ; ആദ്യ ദിനം ആശയക്കുഴപ്പം

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

ആഭ്യന്തര സർവീസ്‌ ആരംഭിച്ചതിനെ തുടർന്ന്‌ ന്യൂഡൽഹി വിമാനത്താവളത്തിൽ വരിനിൽക്കുന്ന യാത്രക്കാർ ഫോട്ടോ: പിടിഐ


ന്യൂഡൽഹി
രണ്ടുമാസത്തിനുശേഷം ആഭ്യന്തര വിമാന സർവീസിന്‌ തിങ്കളാഴ്‌ച തുടക്കമായി. വേണ്ടത്ര മുന്നൊരുക്കവും ആസൂത്രണവുമില്ലാതെ സർവീസ്‌ പുനരാരംഭിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ആദ്യദിനം വലിയ ആശയക്കുഴപ്പങ്ങളുണ്ടാക്കി. സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടത്‌ നൂറുകണക്കിനു യാത്രക്കാരെ വലച്ചു. ഡൽഹിയിൽമാത്രം 82 സർവീസ്‌‌ റദ്ദാക്കി‌.

മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും സർവീസ്‌ റദ്ദാക്കി.  യാത്രക്കാരെ സ്വീകരിക്കാൻ പല സംസ്ഥാനങ്ങളും വിമുഖത കാട്ടിയതാണ്‌ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കാൻ കാരണം‌. ആഭ്യന്തര വിമാനസർവീസ്‌ തിടുക്കത്തിൽ ആരംഭിക്കുന്നതിനോട്‌ പല സംസ്ഥാനങ്ങളും എതിർപ്പറിയിച്ചിരുന്നു. ചുഴലിക്കാറ്റിനെത്തുടർന്ന്‌ അടച്ച കൊൽക്കത്ത വിമാനത്താവളം തുറക്കാത്തതും പ്രതിസന്ധിയായി.  വടക്കുകിഴക്കൻ മേഖലയിൽ ഗുവാഹത്തി, ഇംഫാൽ എന്നിവിടങ്ങളിലേക്കുമാത്രമാണ്‌ സർവീസുണ്ടായത്‌. അഗർത്തല, ദിബ്രുഗഢ്‌, സിൽച്ചാർ, ഐസ്വാൾ, ദിമാപ്പുർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കി.

പലയിടത്തും ശാരീരിക അകലം അടക്കമുള്ള മാനദണ്ഡങ്ങൾ വേണ്ടവിധം പാലിക്കപ്പെട്ടില്ല. തെർമൽ സ്‌ക്രീനിങ്ങും ആരോഗ്യസേതു ആപ്‌ പരിശോധനയുമെല്ലാമുള്ളതിനാൽ വിമാനത്താവളങ്ങളിൽ ചെക്ക്‌ഇൻ ചെയ്യുന്നതിന്‌ പതിവിലേറെ സമയമെടുത്തു. ഡൽഹിയിലും മുംബൈയിലും യാത്രക്കാരുടെ നീണ്ട നിരയുണ്ടായി. ഡൽഹിയിൽനിന്ന്‌ പുലർച്ചെ 4.45ന്‌ പുണെയിലേക്ക്‌ ആദ്യ വിമാനം പറന്നു. മുംബൈയിൽനിന്ന്‌ പട്‌നയിലേക്ക്‌ 6.45നായിരുന്നു ആദ്യവിമാനം. 25 വീതം വിമാനങ്ങൾക്കുമാത്രമാണ്‌ മുംബൈ വിമാനത്താവളത്തിൽ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയത്.

ആരോഗ്യസേതു ആപ്പുള്ളവർ ക്വാറന്റൈനിൽ പോകേണ്ടതില്ലെന്ന നിലപാടാണ്‌ കേന്ദ്രം സ്വീകരിച്ചത്‌. എന്നാൽ, കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഇതിനോട്‌ വിയോജിച്ചു. ഭൂരിഭാഗം സംസ്ഥാനങ്ങളും യാത്രക്കാർക്ക്‌ ക്വാറന്റൈൻ ഉറപ്പുവരുത്തി. കാബിൻ ക്രൂ പിപിഇ വസ്‌ത്രങ്ങളും മാസ്‌കും മറ്റും ധരിച്ചാണ്‌ ഡ്യൂട്ടിക്കെത്തിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top